തൃശ്ശൂര്‍: പാരീസില്‍ പോണോ, അതോ മോസ്‌കോയിലേയ്ക്കോ? വേണമെങ്കില്‍ ദുബായിലേയ്ക്കും പോകാം. വിസയോ വിമാനമോ ഒന്നും വേണ്ട. ബസുകൂലി മാത്രം മതി. അമ്പരക്കേണ്ട, ഈ പാരീസും മോസ്‌കോയും ദുബായിയുമൊക്കെ ഇവിടെത്തന്നെയുണ്ട്. നമ്മുടെ തൃശ്ശൂരില്‍. തിരഞ്ഞെടുപ്പുചൂടേറുന്ന സമയത്ത് അല്പം സ്ഥലപുരാണമായാലോ. പേരുകൊണ്ട് ശ്രദ്ധേയമായ ഏതാനും വാര്‍ഡുകള്‍ പരിചയപ്പെടാം.

വാടാനപ്പള്ളിയിലെ ദുബായ്

പ്രവാസികളുടെ നാടാണ് വാടാനപ്പള്ളി. പഞ്ചായത്തിലെ 16-ാം വാര്‍ഡിന് 'ദുബായ്' എന്ന് പേരുവന്നതും അതുകൊണ്ടുതന്നെ. ഗള്‍ഫുകാര്‍ കൂടുതലുള്ള ഈ പ്രദേശത്തേയ്ക്ക് നിര്‍മിച്ച റോഡിന് ദുബായ് റോഡ് എന്ന് പേരിട്ടു. പിന്നീട് വാര്‍ഡ് വിഭജനം വന്നപ്പോള്‍ പേര് ദുബായ് എന്നുതന്നെയായി.

പാറളത്തെ പാരീസും വല്ലച്ചിറയിലെ മോസ്‌കോയും

'പാരീസ്' പാറളം പഞ്ചായത്തിലാണ്. ഇവിടത്തെ എട്ടാം വാര്‍ഡാണ് പാരീസ്. മുംബൈയിലേയ്ക്ക് ജോലിക്കു പോയി ധനികരായി മടങ്ങിവന്നവര്‍ ഏറെയുണ്ടായിരുന്നതിനാലാണ് പ്രദേശം പാരീസായി മാറിയതെന്ന് മുതിര്‍ന്ന തലമുറയിലുള്ളവര്‍ പറയുന്നു. വല്ലച്ചിറയിലാണ് മോസ്‌കോ. പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സി.പി.എമ്മിന് അണികളേറെയുള്ള മേഖലയായിരുന്നു. അങ്ങനെ പ്രദേശത്തിന് മോസ്‌കോ നഗര്‍ എന്നു പേരായി.

ജെറുസലേമിന്റെ കഥ

കാട്ടകാമ്പാലിലെ പത്താം വാര്‍ഡ് ജെറുസലേമിന്റെ പേരുവരുന്നത് അടയ്ക്കവ്യാപാരം വഴിയാണ്. പ്രമുഖ അടയ്ക്കവിപണിയായ പഴഞ്ഞിയില്‍ പച്ച അടയ്ക്ക വെട്ടി തമിഴ്നാട്ടിലേയ്ക്ക് അയയ്ക്കുന്ന പതിവുണ്ടായിരുന്നു. ഇതിന് യെരസില്‍ എന്നാണ് പറഞ്ഞിരുന്നത്. വീടുകള്‍ക്കു മുന്നില്‍ യെരസില്‍ ഉണക്കിയിരുന്ന പ്രദേശം യെരസലേം അങ്ങാടിയായി. പിന്നീട് ജെറുസലേമും.

ഒരുമനയൂരിലെ വില്യംസും ബേബി ലാന്‍ഡും

വില്യംസും ബേബി ലാന്‍ഡും ഒരുമനയൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളാണ്. നാലാം വാര്‍ഡായ വില്യംസിന്റെ പേരിനു പിന്നില്‍ ബ്രിട്ടീഷുകാര്‍തന്നെയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കനോലി കനാലിന്റെ കുറുകെ നിര്‍മിച്ച പാലത്തിന് അവര്‍ വില്യംസ് രാജാവിന്റെ പേരിട്ടു. പിന്നീട് ഈ പ്രദേശം വാര്‍ഡായപ്പോള്‍ വില്യംസ് എന്നു പേരായി.

എട്ടാം വാര്‍ഡായ ബേബി ലാന്‍ഡിന് ആ പേര് വരാന്‍ കാരണം ലെനിനാണ്. സി.പി.എം. പാര്‍ട്ടി ഓഫീസായ ലെനിന്‍ സെന്ററിന്റെ കെട്ടിടത്തില്‍ ഒരു അങ്കണവാടി തുടങ്ങി. കുട്ടികളെത്തുന്നയിടം കാലക്രമേണ ലെനിന്‍ സെന്ററില്‍നിന്ന് ബേബി ലാന്‍ഡായി മാറി.

തലശ്ശേരി, മഞ്ചേരി, തിരൂര്‍

ഇനി തൃശ്ശൂരിലെ തലശ്ശേരിയും മഞ്ചേരിയും തിരൂരും പരിചയപ്പെടാം. ചൊവ്വന്നൂരിലെ ഒന്നാം വാര്‍ഡാണ് മഞ്ചേരി. തലശ്ശേരി ദേശമംഗലത്തെ 13-ാം വാര്‍ഡും.

തിരൂര്‍ രണ്ടിടത്തുണ്ട്. കോലഴി പഞ്ചായത്തിലെ നാലും മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ഒമ്പതും വാര്‍ഡുകളാണിത്. കോലഴിയിലേത് തിരൂര്‍ സെന്ററും മുളങ്കുന്നത്തുകാവിലേത് തിരൂര്‍ കിഴക്കേ അങ്ങാടിയുമാണ്. ഒരു റോഡിന്റെ ഇരുവശത്തുമാണ് ഈ വാര്‍ഡുകള്‍. 

Content Highlights: Kerala Local Body Election 2020