തൃശ്ശൂര്‍: ജില്ലയിലെ കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിച്ചു. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന കൂടിയാലോചനകളിലാണ് തീരുമാനം. നിലവിലുള്ള സമവാക്യം നിലനിര്‍ത്തണമെന്ന നിര്‍ദേശമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. അതായത് ഗ്രൂപ്പിന്റെ പക്കലുള്ള സീറ്റുകള്‍ പരമാവധി നിലനിര്‍ത്തുക. ഏതെങ്കിലും വിധത്തിലുള്ള നീക്കുപോക്കുണ്ടായാല്‍ സമാന വിജയസാധ്യതയുള്ള സീറ്റ് പകരം കിട്ടണമെന്നും ആവശ്യമുയര്‍ത്തും. എന്നാല്‍ പാര്‍ട്ടിയിലുണ്ടായിട്ടുള്ള ഐക്യത്തിന് തുരങ്കം വെയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ധാരണയായിട്ടുണ്ട്.

തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം നോട്ടമിടുന്ന രണ്ടു നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളെപ്പറ്റി ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിച്ചാണ് ഉമ്മന്‍ചാണ്ടി മടങ്ങിയത്. വാളയാര്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചശേഷം കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ഒ. അബ്ദുറഹ്മാന്‍ കുട്ടി, കെ.പി. വിശ്വനാഥന്‍, പി.എ. മാധവന്‍, ജോണ്‍ ഡാനിയല്‍ തുടങ്ങിയവര്‍ ആലോചനകളില്‍ പങ്കെടുത്തു.

അവിണിശ്ശേരി പഞ്ചായത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളായി

ചേര്‍പ്പ്: അവിണിശ്ശേരി ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മൊത്തം 14 വാര്‍ഡുകളില്‍ സി.പി.എം. ഒമ്പത് വാര്‍ഡുകളിലും സി.പി.ഐ. നാല് വാര്‍ഡുകളിലും എന്‍.സി.പി. ഒരു വാര്‍ഡിലും മത്സരിക്കും. ബ്രാക്കറ്റില്‍ വാര്‍ഡ്. സബിത കണ്ണന്‍ -സി.പി.എം. (ഒന്ന്), ശോഭ പദ്മനാഭന്‍ -സി.പി.ഐ. (രണ്ട്), കെ.എ. പ്രദീപ് -സി.പി.ഐ. (മൂന്ന്), ശാരിക പ്രദീപ് -സി.പി.എം. (നാല്), വില്‍സണ്‍ പള്ളിപ്പാടന്‍ -സി.പി.എം. (അഞ്ച്), പി.ആര്‍. ഉല്ലാസ് -സി.പി.എം. (ആറ്), നിത്യ ജയരാജ് -സി.പി.എം. (ഏഴ്), എ.ആര്‍. രാജു -സി.പി.എം. (എട്ട്), രാജി രാജു -എന്‍.സി.പി. (ഒമ്പത്), സി.എ. രാജന്‍ -സി.പി.എം. (10), നിതീഷ് സി. ഭാഗ്യന്‍ -സി.പി.എം. (11), വി.ആര്‍. സുമം -സി.പി.എം. (12), ഇന്ദിര ജയകുമാര്‍ -സി.പി.ഐ. (13), രതീഷ് കെ.പി. -സി.പി.ഐ. (14).