കൊടുങ്ങല്ലൂര്‍: ഇക്കാ, എന്തേ ഇന്ന് കണ്ടില്ലാ... രാവിലെ പത്തര ആയപ്പോഴേക്കും അയൂബിന്റെ ഫോണിലേക്ക് യൂസഫിന്റെ വിളിയെത്തി. 'വൈകീട്ട് കാണാം..' -അയൂബ് അനിയനോട് പറഞ്ഞു.

ഗള്‍ഫിലായിരുന്നപ്പോഴും എന്നും രാവിലെ അയൂബിന്റെ ഫോണിലേക്ക് യൂസഫിന്റെ വിളിയെത്തും. ഇക്ക നാട്ടില്‍ സ്ഥിരമായപ്പോള്‍ ദിവസവും തമ്മില്‍ കാണും. അതിന് കഴിഞ്ഞില്ലെങ്കില്‍ അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ള വിളി മുടങ്ങാറില്ല -യൂസഫ് പറയുന്നു. ഇപ്പോഴിതാ ഇരു മുന്നണികളിലായി ഒരേ വാര്‍ഡില്‍ പോരാട്ടത്തിനിറങ്ങിയപ്പോഴും ഈ സഹോദരങ്ങള്‍ തറപ്പിച്ച് പറയുന്നു; രാഷ്ട്രീയം വേറെ, രക്തബന്ധം വേറെ.

കന്നത്തുപടി അയൂബും യൂസഫ് കന്നത്തുപടിയും ശ്രീനാരായണപുരം പഞ്ചായത്തിലെ 17-ാം വാര്‍ഡായ പതിയാശ്ശേരിയിലെ എല്‍.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാര്‍ഥികളാണ്. അയൂബ് സി.പി.എമ്മിനുവേണ്ടിയും യൂസഫ് മുസ്ലിം ലീഗിനുവേണ്ടിയുമാണ് മത്സരരംഗത്തുള്ളത്.

ഇത്തവണ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴേ ഇരുമുന്നണികളിലും ഇവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. അപ്പോഴൊക്കെ വ്യക്തികള്‍ക്കുപരിയായി പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നുതന്നെയാണ് തമ്മിലുണ്ടായിരുന്ന ധാരണയെന്ന് ഇരുവരും പറയുന്നു.

അയൂബ് ഒഴികേയുള്ള മറ്റു മൂന്ന് സഹോദരന്മാരും മുസ്ലിം ലീഗ് അനുഭാവികളാണ്. അയൂബ് ചെറുപ്പം മുതലേ സി.പി.എം. അനുഭാവിയായിരുന്നു. നാട്ടിലുള്ള ഇളയ സഹോദരന്‍ ഷെഫീര്‍ യൂസഫിനുവേണ്ടി പ്രവര്‍ത്തനത്തിനുണ്ട്.

കാല്‍ നൂറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടുവര്‍ഷം മുമ്പാണ് അയൂബ് നാട്ടിലെത്തിയത്. സൗദിയിലെ സാംസ്‌കാരിക സംഘടനയായ നവോദയയുടെ കേന്ദ്ര കമ്മിറ്റി അംഗവും സാമൂഹികക്ഷേമ കമ്മിറ്റി കണ്‍വീനറുമായി നിരവധികാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകനുള്ള ഇന്ത്യന്‍ എംബസിയുടേതടക്കം പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. എം.എസ്.എഫിലൂടെ മുസ്ലിം ലീഗിലെത്തിയ യൂസഫ് പതിയാശ്ശേരി ശാഖാ പ്രസിഡന്റും മഹല്ല് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയുമാണ്.

Content Highlights: Kerala Local Body Election 2020