തൃശ്ശൂര്‍: തദ്ദേശതിരഞ്ഞെടുപ്പ് വര്‍ഗീയശക്തികള്‍ക്കെതിരായുള്ള പോരാട്ടമായിരിക്കുമെന്നും മറ്റ് വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ജില്ലയിലെ സി.പി.എം. നേതൃത്വം. ബി.ജെ.പി., യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കാനൊരുങ്ങുന്ന സ്വതന്ത്രരെ പിന്തുണയ്ക്കാന്‍ മടിക്കില്ലെന്നും സി.പി.എം. നേതൃത്വം വ്യക്തമാക്കുന്നു. ഇതിന് വ്യക്തമായ തെളിവാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷനേതാവുമായ എം.കെ. മുകുന്ദനെപ്പോലുള്ളവരുടെ സി.പി.എമ്മിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം.

വിവിധ തലങ്ങളിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സംവരണത്തിനപ്പുറം പൊതുസീറ്റുകളില്‍ സ്ത്രീകളെ പരിഗണിക്കാന്‍ മടിക്കില്ല. യുവാക്കള്‍ക്കും മികച്ച പ്രാതിനിധ്യം നല്‍കും. കഴിവുള്ളവരെ അംഗീകരിക്കാന്‍ പാര്‍ട്ടി എന്നും ഒരുക്കമാണ് -സി.പി.എം. നേതൃത്വം നയം വ്യക്തമാക്കുന്നു. ജില്ലയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പാതിദൂരം പിന്നിട്ടുകഴിഞ്ഞു.

വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളും യോഗങ്ങളും പൂര്‍ത്തിയായി. ഘടകകക്ഷികള്‍ തമ്മിലുള്ള സീറ്റുവിഭജനചര്‍ച്ചകളും ആരംഭിച്ചു. നിലവില്‍ ചര്‍ച്ചകള്‍ സുഗമമായി മുന്നോട്ടുപോകുകയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ എല്‍.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. കോര്‍പ്പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായില്ലെങ്കിലും അഞ്ചുവര്‍ഷവും ഭരണം ലഭിച്ചു. ജില്ലയിലെ വികസനനേട്ടങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളടക്കം മുഖ്യ അജന്‍ഡയാക്കി പ്രചാരണം തുടങ്ങാനുള്ള ഒരുക്കത്തിലാണ് സി.പി.എം. നേതൃത്വം.