കുന്നംകുളം: കേവലഭൂരിപക്ഷമില്ലാതെ 15 അംഗങ്ങളോടെ ഭരണമേറ്റെടുത്ത സി.പി.എം. ആറുമാസം തികയ്ക്കില്ലെന്നായിരുന്നു തുടക്കത്തിലെ കണക്കുകൂട്ടല്‍. വികസനമുരടിപ്പ് പാരമ്പര്യമായുള്ള കുന്നംകുളത്ത് ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയാണ് സി.പി.എം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്. പ്രതിപക്ഷത്തെ ഭിന്നതകളും തര്‍ക്കങ്ങളും ഭരണകക്ഷിയായ സി.പി.എമ്മിന് അനുഗ്രഹമായി. കോണ്‍ഗ്രസില്‍നിന്ന് മാറിനിന്നവരുടെ പിന്തുണ നേടിയെടുക്കാനും കഴിഞ്ഞു.

ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളൊഴികെ സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങളൊന്നും ഭരണസമിതിക്ക് ലഭിച്ചിരുന്നില്ല. സ്ഥിരംസമിതി തിരഞ്ഞെടുപ്പ് മുതല്‍ യു.ഡി.എഫില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങി.

12 അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിന് ഔദ്യോഗികപക്ഷത്ത് കോണ്‍ഗ്രസിലെ മൂന്നുപേരാണ് തുടക്കത്തിലുണ്ടായിരുന്നത്. പിന്നീട് ഔദ്യോഗികപക്ഷത്തേക്ക് നാലുപേര്‍കൂടിയെത്തി. അഞ്ച് വിമതരുടെ അനൗദ്യോഗികപിന്തുണ അവസാനംവരെയും ഭരണകക്ഷിയായ സി.പി.എമ്മിനുണ്ടായിരുന്നു.

നഗരത്തിലെ വിവിധ വികസനപദ്ധതികളുടെ ചുവപ്പുനാടയഴിക്കലായിരുന്നു സി.പി.എമ്മിന്റെ ആദ്യകടമ്പ. ഭരണസമിതിയുടെ തുടക്കത്തില്‍ ചേര്‍ന്ന യോഗങ്ങള്‍ ബഹളത്തില്‍ കലാശിക്കുകയായിരുന്നു പതിവ്. ഇത് പലപ്പോഴും ആവര്‍ത്തിച്ചു.

സ്ഥിരംസമിതിയില്‍ അംഗങ്ങളുടെ രാജികളും മറ്റുമുണ്ടായെങ്കിലും അവിശ്വാസപ്രമേയങ്ങള്‍ക്ക് വേദിയായില്ല. ബസ് ടെര്‍മിനല്‍ നഗരസഭ ഏറ്റെടുത്ത് പൂര്‍ത്തിയാക്കി.

മാലിന്യസംസ്‌കരണം, ഭവനനിര്‍മാണം, വാര്‍ഷികപദ്ധതിയില്‍ നൂറുശതമാനം തുക ചെലവഴിക്കല്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നുള്ള അവാര്‍ഡുകള്‍, ടൗണ്‍ ഹാളും ചൊവ്വന്നൂരിലെ കമ്യൂണിറ്റി ഹാളും തുറന്നുകൊടുത്തത് തുടങ്ങിയ ഒട്ടേറെ നേട്ടങ്ങള്‍ ഭരണസമിതിക്ക് ഉയര്‍ത്തിക്കാണിക്കാനുണ്ട്.

സാമൂഹികമാധ്യമങ്ങളില്‍ ഇതിനുള്ള പ്രചാരണങ്ങള്‍ക്ക് എല്‍.ഡി.എഫ്. തുടക്കമിട്ടു. അഞ്ചുവര്‍ഷം ഭരിച്ചിട്ടും നഗരസഭയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുണ്ടായില്ലെന്നാണ് യു.ഡി.എഫിന്റെ പ്രധാന ആരോപണം.

നികുതി വര്‍ധിപ്പിച്ചതിലൂടെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കിയെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ കുന്നംകുളത്തെ ഉള്‍പ്പെടുത്തി സമഗ്രവികസനം നടപ്പാക്കാനുള്ള അവസരം തേടിയാണ് എന്‍.ഡി.എ. തിരഞ്ഞെടുപ്പുരംഗത്തേക്കിറങ്ങുന്നത്. 2000, 2010, 2015 വര്‍ഷങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം ഒരു മുന്നണിക്കും ലഭിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പിലും 19 എന്ന സംഖ്യയിലേക്കെത്തുന്നത് മുന്നണികള്‍ക്ക് നിര്‍ണായകമാണ്.