തൃശ്ശൂര്‍: തൃശ്ശൂരില്‍ ബി.െജ.പി. മൂന്നാംമുന്നണിയല്ല, മൂന്ന് മുന്നണികളിലൊന്നാണ്. കഴിഞ്ഞ േലാക്സഭാ തിരഞ്ഞെടുപ്പില്‍ തെളിയിച്ചതല്ല ഈ കരുത്ത്. അതിനുംമുമ്പേ തദ്ദേശതിരഞ്ഞെടുപ്പില്‍ത്തന്നെ പാര്‍ട്ടിയും സഖ്യവും ശക്തി കാട്ടിയിരുന്നു. ലോക്സഭാ മത്സരത്തില്‍ ഊട്ടിയുറപ്പിച്ചുവെന്നുമാത്രം.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തിന്റെ സാരഥ്യമേറ്റെടുത്ത ബി.ജെ.പി. കോര്‍പ്പറേഷനില്‍ ആറ് സീറ്റുകള്‍ നേടി. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പ്രതിപക്ഷത്തെത്തി കോണ്‍ഗ്രസിനെ മൂന്നാംസ്ഥാനത്താക്കി. കുന്നംകുളം നഗരസഭയില്‍ പ്രതിപക്ഷം നേടിയ സീറ്റിനടുത്തെത്താനും ബി.ജെ.പി.ക്കായി. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ ആര്‍.എസ്.എസ്. കേന്ദ്രങ്ങളില്‍നിന്നുണ്ടാകുന്നുണ്ട്.

ഒരുക്കം മാസങ്ങള്‍ക്ക്മുമ്പേ തുടങ്ങി

പതിവില്‍നിന്ന് വിരുദ്ധമായി ഇത്തവണ ആറുമാസംമുമ്പേ പാര്‍ട്ടിയില്‍ തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതാണ് ആത്മവിശ്വാസവും കരുത്തും കൂട്ടുന്നത്. കുടുംബയോഗങ്ങളിലൂടെയാണ് തുടക്കം. അതിപ്പോഴും തുടരുന്നുമുണ്ട്. ശബരിമല വിഷയം മുതല്‍ കമറുദ്ദീന്റെ അറസ്റ്റ് വരെയുള്ള കാര്യങ്ങളാണ് പാര്‍ട്ടി പ്രചാരണായുധങ്ങളാക്കുക.

സംസ്ഥാന ഭരണമുന്നണിയെ ആക്രമിക്കാനായി നിരവധി കാര്യങ്ങള്‍ കിട്ടി കാത്തിരിക്കുന്‌പോഴാണ് കോണ്‍ഗ്രസിനെതിരേയുള്ള ആയുധമായി കമറുദ്ദീന്റെ അറസ്റ്റ് എത്തുന്നത്. സരിതയുടെ വിഷയവും പ്രചാരണായുധമാക്കാന്‍ ആലോചിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് യുവമുഖം അണിനിരത്തിയ അതേ തന്ത്രമാണ് തദ്ദേശതിരഞ്ഞെടുപ്പിലും പയറ്റുക. സ്ഥാനാര്‍ഥികളെയെല്ലാം ഏതാണ്ട് നിര്‍ണയിച്ചുകഴിഞ്ഞു. അതിന് സംസ്ഥാനനേതൃത്വത്തിന്റെ അംഗീകാരവും കിട്ടി.

ആറ് സീറ്റ് നേടിയ കോര്‍പ്പറേഷനില്‍ അത് ഇക്കുറി ഇരട്ടിയാക്കുക, കൊടുങ്ങല്ലൂര്‍, കുന്നംകുളം നഗരസഭകളുടെ ഭരണം കൈയാളുക, ഇരിങ്ങാലക്കുട നഗരസഭയില്‍ അട്ടിമറിവിജയം നേടുക, 20 പഞ്ചായത്തുകളില്‍ ഭരണം ഉറപ്പിക്കുക. പാര്‍ട്ടിയുടെയും മുന്നണിയുടെയും മിനിമം അജന്‍ഡയിതാണ്. ഇതിനായി പാര്‍ട്ടി പുതുതായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത് ഒന്നരലക്ഷത്തോളം പേരെയാണ്.

ഈ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുക കേന്ദ്രത്തിന്റെ നേട്ടങ്ങളാണ്. കേന്ദ്രത്തിന്റെ കിസാന്‍സമ്മാന്‍ നിധി, ജന്‍ധന്‍യോജന പോലുള്ള വ്യക്തിഗത പദ്ധതികള്‍ ഓരോ വാര്‍ഡിലും 300 മുതല്‍ 400 വരെ പേര്‍ക്ക് പ്രയോജനപ്രദമായിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്ക്. ഇതെല്ലാം വോട്ടാക്കിമാറ്റുന്ന യജ്ഞത്തിന് പ്രവര്‍ത്തകര്‍ തുടക്കംകുറിക്കുകയും ചെയ്തു. ഗുരുവായൂരിലെ വികസനപ്രവര്‍ത്തനങ്ങളും വോട്ടാക്കിമാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിയമസഭാമണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി േനടിയ വോട്ടിനേക്കാള്‍ 15,000 വോട്ടിന്റെ കുറവ് മാത്രമാണ് ബി.ജെ.പി. സ്ഥാനാര്‍ഥിക്കുണ്ടായിരുന്നത്. അതേ പ്രവര്‍ത്തനതാളമാണ് ജില്ലയില്‍ ഇപ്പോഴുമുള്ളതെന്നും പാര്‍ട്ടി ഉറപ്പാക്കുന്നു.