കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക കേന്ദ്രമായ കൊടുങ്ങല്ലൂരില്‍ ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും മുന്നണികള്‍ തമ്മില്‍ കടുത്ത മത്സരമാണ്. അടുത്തിടെ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി ഏറെ ചര്‍ച്ചാവിഷയമായിരുന്നു. 43 വര്‍ഷം പിന്നിടുന്ന നഗരസഭയുടെ ഇതുവരെയുള്ള ഭരണം ഇടതുമുന്നണിയുടെ നേതൃത്വത്തിലാണ്. മുന്നണിയിലെ ഘടകകക്ഷികളായ സി.പി.ഐയും സി.പി.എമ്മുമാണ് നഗരസഭ ചെയര്‍മാന്‍സ്ഥാനം വഹിച്ചിട്ടുള്ളത്. ഇത്തവണ ചെയര്‍മാന്‍സ്ഥാനം പട്ടികജാതി വനിതയ്ക്കാണ് സംവരണം ചെയ്തിട്ടുള്ളത്.

പി.എം.എ.വൈ. - ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 1000 വീടുകളുടെ പൂര്‍ത്തീകരണം നടത്തിയതും, സമ്പൂര്‍ണ ശുചിത്വനഗരം പദ്ധതിയും, ഓരോ വാര്‍ഡിലും ചെറുവനവും പച്ചത്തുരുത്തും, നഗരത്തിന്റെ സൗന്ദര്യവത്കരണം, വീട് നിര്‍മാണത്തിന് അനുമതി വേണമെങ്കില്‍ രണ്ട് വൃക്ഷമെങ്കിലും നടണമെന്ന നിയമം നടപ്പിലാക്കിയതും ഭരണകര്‍ത്താക്കള്‍ ഉയര്‍ത്തിക്കാട്ടുന്നു.