തൃശ്ശൂര്‍: സി.പി.എമ്മിന്റെ വളര്‍ച്ചയില്‍ തൃശ്ശൂരിന്റെ സംഭാവനകള്‍ ചെറുതൊന്നുമല്ല. എന്നാല്‍, പാര്‍ട്ടിയുടെ സ്വന്തം തട്ടകമെന്ന് വിശേഷിപ്പിക്കാനാകുകയുമില്ല. അര്‍ഹമായ സമയത്തെല്ലാം പാര്‍ട്ടിയെ വോട്ടര്‍മാര്‍ പിന്തുണച്ചിട്ടുമുണ്ട്. എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍, ബി.ഡി. ദേവസി, യു.ആര്‍. പ്രദീപ് തുടങ്ങി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുരംഗത്തുനിന്ന് ഘട്ടംഘട്ടമായി സംസ്ഥാനഭരണതലത്തിലേയ്ക്ക് ഉയര്‍ന്നുവന്ന സി.പി.എം. നേതാക്കള്‍ ജില്ലയിലുണ്ട്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന പ്രവര്‍ത്തനങ്ങളെ ജില്ല എന്നും പിന്തുണച്ചിട്ടേയുള്ളൂവെന്ന് വ്യക്തമാക്കുന്നതാണിതെല്ലാം.

ജില്ലയിലെ വോട്ടര്‍മാരുടെ മുന്നിലേയ്ക്ക് കൃത്യമായ 'ഹോം വര്‍ക്ക്' ചെയ്താണ് ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ഥികളെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മാത്രമല്ല, ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അഞ്ചുവര്‍ഷത്തെ വികസനനേട്ടങ്ങളും വോട്ടുപെട്ടി നിറയ്ക്കാന്‍ ഉതകുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍. സംസ്ഥാനത്തും ത്രിതലപഞ്ചായത്തുകളിലും ഭരണത്തില്‍ തുടരുമ്പോള്‍ത്തന്നെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒരു മണ്ഡലത്തിലും പാര്‍ട്ടിക്ക് വിജയിക്കാനായില്ല. അതിനു പിന്നാലെ അവസാനഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനും ചില നേതാക്കള്‍ക്കുമെതിരേ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ സൃഷ്ടിച്ച ക്ഷീണവുമുണ്ട്.

എങ്കിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുന്ന ഘടകങ്ങള്‍ തീര്‍ത്തും പ്രാദേശികമാകുമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിനുള്ളത്. വടക്കാഞ്ചേരി നഗരസഭയ്ക്കു കീഴിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തെച്ചൊല്ലിയുയര്‍ന്ന വിവാദങ്ങള്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയെന്നത് ശരിയാണ്. എന്നാല്‍, നഗരസഭയുടെ വികസനങ്ങള്‍ക്കാണ് വടക്കാഞ്ചേരിയിലെ ജനം മാര്‍ക്കിടുകയെന്ന ആത്മവിശ്വാസം പാര്‍ട്ടിതലത്തിലുണ്ട്. ഫ്‌ളാറ്റ് വിവാദം കൃത്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെന്ന പ്രതീക്ഷയുമുണ്ട്.

വികസനപ്രവര്‍ത്തനങ്ങളുടെ നീണ്ട പട്ടിക

പ്രചാരണത്തിനിറങ്ങുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങളുടെ നീണ്ട പട്ടിക സി.പി.എം. മുന്നോട്ടുവെയ്ക്കുന്നുണ്ട്. പെന്‍ഷന്‍, കിറ്റ്, കോവിഡ് ചികിത്സ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ജനക്ഷേമപദ്ധതികള്‍, തൃശ്ശൂരിലെ വടക്കേ സ്റ്റാന്‍ഡ് നവീകരണം, ദിവാന്‍ജിമൂല മേല്‍പ്പാലം, ഗുരുവായൂര്‍ മേല്‍പ്പാലം, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍ ബൈപ്പാസ് തുടങ്ങിയവയെല്ലാം ഈ പട്ടികയിലുണ്ട്. ഇതിനു പുറമേ ജില്ലയില്‍ ഹൈടെക് നിലവാരത്തിലേയ്ക്കുയര്‍ത്തിയ സ്‌കൂളുകള്‍, കുടുംബാരോഗ്യകേന്ദ്രങ്ങളുടെ വളര്‍ച്ച, താലൂക്ക് ആശുപത്രികളുടെ നവീകരണം ഇങ്ങനെ പ്രാദേശികവികസനത്തിന്റെ പ്രത്യക്ഷമായ തെളിവുകളേറെ ഈ പട്ടികയിലുണ്ട്.

സാമുദായിക സമവാക്യം തുണയ്ക്കുമോ?

ബി.ഡി.ജെ.എസിന്റെ ബി.ജെ.പി. ബന്ധം കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട നഗരസഭകളില്‍ സി.പി.എമ്മിന് ക്ഷീണമുണ്ടാക്കുമെന്ന് വാദമുയരുമ്പോഴും ഈ പ്രദേശങ്ങളിലേത് തങ്ങളുടെ പരമ്പരാഗതവോട്ടുകളാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മിന് ആശ്വാസംകൊള്ളാം. സാമ്പത്തികസംവരണം നടപ്പാക്കിയതും ഹിന്ദുവോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കാനിടയുണ്ട്.

വികസനനേട്ടങ്ങള്‍ മികച്ച വിജയത്തിലെത്തിക്കും

എല്‍.ഡി.എഫിന് മികച്ചവിജയം നേടാനുതകുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. ജില്ലാപഞ്ചായത്തില്‍ 20-ഉം ബ്ലോക്ക് പഞ്ചായത്തില്‍ 13-ഉം ഗ്രാമപ്പഞ്ചായത്തില്‍ 67 സീറ്റും നിലവില്‍ എല്‍.ഡി.എഫിനുണ്ട്. ഇവിടെയെല്ലാം നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് സ്വന്തമാക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. നഗരസഭകളില്‍ നിലവില്‍ ആറെണ്ണം ഞങ്ങള്‍ക്കൊപ്പമാണ്. യു.ഡി.എഫിനൊപ്പം സീറ്റുള്ള ഇരിങ്ങാലക്കുടയിലടക്കം എല്ലാ നഗരസഭകളിലും മികച്ച വിജയം നേടും. കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിക്കാനായി.-എം.എം. വര്‍ഗീസ്,സി.പി.എം. ജില്ലാ സെക്രട്ടറി

സ്ഥാനാര്‍ഥിപ്രഖ്യാപനം നീളുന്നു

എല്‍.ജെ.ഡി., കേരള കോണ്‍ഗ്രസ് (ജോസ്), സി.എം.പി. വിഭാഗങ്ങളെ എല്‍.ഡി.എഫിലേക്കെത്തിക്കാനായതില്‍ സി.പി.എമ്മിന് ഏറെ പ്രതീക്ഷയുണ്ട്. ഘടകകക്ഷികളുമായി തുറന്ന ചര്‍ച്ചയ്ക്ക്് വഴിയൊരുക്കാനാകുന്നുവെന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. അതേസമയം പുതുതായി മുന്നണിയിലെത്തിയ ഘടകകക്ഷികളുടേതടക്കം ആവശ്യങ്ങള്‍ പരിഗണിക്കുമ്പോഴും വിജയസാധ്യതയില്ലാത്ത സീറ്റുകളാണ് അവര്‍ക്ക് നല്‍കുന്നതെന്ന പരാതി ചിലര്‍ക്കെങ്കിലുമുണ്ട്. അതോടൊപ്പം തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിട്ടയായ പ്രവര്‍ത്തനം നടത്തിയിട്ടും സ്ഥാനാര്‍ഥിപ്രഖ്യാപനം നീളുന്നു എന്നത് ക്ഷീണമാകുന്നു.

കേവലഭൂരിപക്ഷം പോലുമില്ലാതിരുന്ന തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ അഞ്ചുവര്‍ഷം ഭരണം നിലനിര്‍ത്താനായത് സ്വതന്ത്രന്മാരുമായി മികച്ചബന്ധം നിലനിര്‍ത്താനായതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിലും വര്‍ഗീയകക്ഷികള്‍ക്കെതിരായി നിലപാടെടുക്കുന്ന സ്വതന്ത്രന്മാരെ പിന്തുണയ്ക്കാനാണ് സി.പി.എം. തീരുമാനം. മുന്‍ പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദനും മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം.കെ. സൂര്യപ്രകാശും സി.പി.എമ്മിലേക്കെത്തിയത് ഇതുമായി ചേര്‍ത്തുവായിക്കാം. ഈ നേതാക്കളുടെ വരവ് ചില സാമുദായികസമവാക്യങ്ങളില്‍ മാറ്റംവരുത്താനുമിടയുണ്ട്.

ഇതിനു പുറമേ ചാലക്കുടി, കുന്നംകുളം തുടങ്ങി നേരിയ ഭൂരിപക്ഷത്തിന് ഭരണം പിടിച്ച നഗരസഭകളിലും അഞ്ചുവര്‍ഷം ഭരണം നിലനിര്‍ത്താനായത് സി.പി.എമ്മിന്റെ നേട്ടമാണ്. ഈ കാലഘട്ടത്തില്‍ ഇവിടങ്ങളില്‍ ഒരു കൊഴിഞ്ഞുപോക്കും ഉണ്ടായില്ല.