പാവറട്ടി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാവറട്ടിയിലെ കോൺഗ്രസ് എ,ഐ ഗ്രൂപ്പുകളിൽ സീറ്റിനായി പിടിവലി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ പാവറട്ടി ബ്ലോക്ക് ഡിവിഷനു വേണ്ടിയാണ് പിടിവലി നടക്കുന്നത്. എ ഗ്രൂപ്പിൽനിന്ന് മൂന്നുപേരും, ഐ ഗ്രൂപ്പിൽ നിന്ന് മൂന്നു പേരുമാണ് ഒരു ബ്ലോക്ക് ഡിവിഷനു വേണ്ടി പിടിവലി കൂടുന്നത്. ഇതിൽ തീരുമാനമാകാതെ തുടരുകയാണ്.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ടുകൊടുത്ത പാവറട്ടി പഞ്ചായത്തിലെ നാലാം വാർഡിനായും കോൺഗ്രസ് എ,ഐ ഗ്രൂപ്പുകളിൽ തർക്കം നിലനിൽക്കുകയാണ്. പഞ്ചായത്തിലെ ഒന്ന്, അഞ്ച്, ഏഴ്, പതിനഞ്ച് എന്നീ വാർഡുകൾ ഐ ഗ്രൂപ്പിനും രണ്ട്, മൂന്ന്, എട്ട്, പന്ത്രണ്ട് എന്നീ വാർഡുകൾ എ ഗ്രൂപ്പിനും എന്ന ധാരണയിലാണ് ഇപ്പോൾ നിൽക്കുന്നത്.

അവശേഷിക്കുന്ന ഒൻപത്, പത്ത്, പതിനൊന്ന്, പതിമൂന്ന് വാർഡുകളാണ് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 13-ാം വാർഡ് ഒഴിവാക്കി പഞ്ചായത്തിൽ മൂന്ന് സീറ്റും ഒരു ബ്ലോക്ക് സീറ്റും നൽകാം എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്. കഴിഞ്ഞ ഭരണകാലത്ത് ലീഗും സി.പി.എമ്മുമായി ചേർന്ന് നടത്തിയ അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് ഈ നീക്കമെന്ന് അറിയുന്നു. ലീഗ് സ്ഥാനാർഥികൾക്കെതിരേയും ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കും. പ്രശ്നപരിഹാരത്തിനായി യു.ഡി.എഫ്. ജില്ലാ നേതൃത്വത്തിലേക്ക് വിട്ടിരിക്കുകയാണ്.

ജോസഫ് വിഭാഗത്തിന് സീറ്റായി

പാവറട്ടി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാവറട്ടിയിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് യു.ഡി.എഫിൽ സീറ്റ് ധാരണയായി. പാവറട്ടി പഞ്ചായത്തിലെ പതിനാല്, ആറ് വാർഡുകളും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ മരുതയൂർ ഡിവിഷനും നൽകി. പല ചർച്ചകളും നടത്തിയെങ്കിലും ധാരണയാകാതെ നിൽക്കുകയായിരുന്നു.

പഞ്ചായത്തിൽ നാല്, ആറ്, പതിനാല് എന്നീ മൂന്ന് വാർഡുകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് മരുതയൂർ ഡിവിഷനുമാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. പഞ്ചായത്തിലെ നാലാംവാർഡ് ഒഴിവാക്കിയാണ് പ്രശ്നം പരിഹരിച്ച് സീറ്റ് ധാരണയിലെത്തിയത്.