തൃശ്ശൂർ: ജീവിതം ഇത്രയും തീക്ഷണമാണെന്ന് ഞാൻ പഠിച്ചത് തൃശ്ശൂർ കോർപ്പറേഷനിൽ പത്തുവർഷം ജനപ്രതിനിധിയായിരുന്നപ്പോഴാണ് -കാനാട്ടുകര ഹരിശ്രീ നഗറിലെ വീട്ടിലിരുന്ന് തൃശ്ശൂരിന്റെ ആദ്യ വനിതാ മേയർ ബിന്ദു പറഞ്ഞു. നേരത്തേ സംഘടനാരംഗത്ത് പ്രവർത്തിച്ചപ്പോഴെല്ലാം സാധാരണക്കാരുടെ ഇടയിൽ ധാരാളം പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ, പൂത്തോൾ ഡിവിഷനിലെ കൗൺസിലറായിരുന്നപ്പോഴാണ് അതിലുമേറെ ജീവിതത്തെക്കുറിച്ച് പഠിക്കാനുണ്ടെന്ന് തിരിച്ചറിഞ്ഞത് -മുൻ മേയർ പറയുന്നു.

മേയറായിരിക്കുമ്പോൾ അരണാട്ടുകര ടാഗോർ സെന്റിനറി ഹാളിൽ നടന്ന ചടങ്ങ് ഇപ്പോഴും മനസ്സിലുണ്ട്. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സഹായവിതരണവേദിയായിരുന്നു അത്‌. തൃശ്ശൂർ കോർപ്പറേഷനാണ് ആ പദ്ധതി ആദ്യം നടപ്പാക്കിയത്. മാടക്കത്തറയിലും വിൽവട്ടത്തുമായി നടപ്പാക്കിയ പുനരധിവാസപദ്ധതികൾ, മാലിന്യനിർമാർജനപദ്ധതി തുടങ്ങി ഒട്ടേറെ വികസനപദ്ധതികൾക്ക് നേതൃത്വം നൽകാനായി.

ആദ്യഘട്ടത്തിൽ പ്രതിപക്ഷനേതാവായിരുന്ന ഐ.പി. പോളിന്റെ കാര്യമായ സഹകരണം ലഭിച്ചിരുന്നു.

മേയറായിരിക്കുമ്പോൾ രാഷ്ടീയപ്രേരിതമായ എതിർപ്പ് ഏറെ നേരിട്ടിട്ടുണ്ട്. സ്വരാജ് റൗണ്ടിൽ മെക്കാഡം ടാറിടാൻ തീരുമാനിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. പത്തുവർഷത്തിനിപ്പുറം തൃശ്ശൂരിന്റെ നഗരപാതയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നതിൽ ഏറെ അഭിമാനമുണ്ട്.

കേരളവർമ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യക്ഷയായ പ്രൊഫ. ആർ. ബിന്ദു വ്യാഴാഴ്ചയാണ് വൈസ് പ്രിൻസിപ്പൽ ചുമതലകൂടി ഏറ്റെടുത്തത്. ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ എസ്.എഫ്.ഐ. പ്രവർത്തകയായിരുന്നു.

പിന്നീട് സെയ്‌ന്റ് ജോസഫ് കോളേജിൽ ഡിഗ്രി രണ്ടാംവർഷം പഠിക്കുമ്പോൾതന്നെ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് അംഗമായി.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.ഫിലും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. ഇരിങ്ങാലക്കുട സ്വദേശികളായ പരേതനായ രാധാകൃഷ്ണന്റെയും ശാന്തകുമാരിയുടെയും മകളാണ് ബിന്ദു. സി.പി.എം. നേതാവും എൽ.ഡി.എഫ്. കൺവീനറുമായ എ. വിജയരാഘവനാണ് ഭർത്താവ്. മകൻ ഹരികൃഷ്ണൻ മഞ്ചേരി കോടതിയിൽ അഭിഭാഷകനാണ്.