ഗുരുവായൂർ: ടൗൺഷിപ്പിനുശേഷം ജനാധിപത്യ ഭരണമായതിന്റെ രജതജൂബിലിയിലാണ് ഗുരുവായൂർ നഗരസഭ. ആദ്യത്തെ അഞ്ചുവർഷം യു.ഡി.എഫിനായിരുന്നു ഭരണം. അതിനുശേഷം രണ്ടായിരത്തിൽ പിടിച്ച ഭരണം പിന്നീട് എൽ.ഡി.എഫ്. വിട്ടുകൊടുത്തതുമില്ല.

1995-ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിലൂടെ വന്ന പി.കെ. ശാന്തകുമാരിയായിരുന്നു നഗരസഭയുടെ പ്രഥമ ചെയർമാൻ. 20 വർഷത്തിനുശേഷം 2015-ലെ തിരഞ്ഞെടുപ്പിൽ അതേ ശാന്തകുമാരി എൽ.ഡി.എഫ്. കുപ്പായമിട്ട് ചെയർമാനായ രാഷ്ട്രീയ സാഹചര്യവുമുണ്ടായി.

ആകെയുള്ള 43 വാർഡുകളിൽ എൽ.ഡി.എഫ്.- 21, യു.ഡി.എഫ്.- 20, ബി.ജെ.പി.- ഒന്ന്, സ്വതന്ത്ര-ഒന്ന് ഇങ്ങനെയായിരുന്നു കഴിഞ്ഞതവണത്തെ കക്ഷിനില. ഭരണംപിടിക്കാൻ ഒരംഗത്തിന്റെ കുറവുവന്നപ്പോൾ എൽ.ഡി.എഫിന് പിടിവള്ളിയായത് സ്വതന്ത്രയായ ശാന്തകുമാരിയായിരുന്നു.

കഴിഞ്ഞതവണ ‘കപ്പിനും ചുണ്ടിനുമിടയിൽ’ നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫ്. ആഞ്ഞുശ്രമിക്കുകയാണ്. ഒന്നിച്ചുനിന്നാൽ വേരുറപ്പിക്കാമെന്ന ചിന്ത കോൺഗ്രസിൽ സജീവമാണ്. അതേസമയം 20 വർഷമായുള്ള ഭരണം തുടർന്നും ഭദ്രമാക്കാനുള്ള ഒരുക്കമാണ് എൽ.ഡി.എഫിൽ. അങ്ങനെയായാൽ എൽ.ഡി.എഫ്. പ്രവേശിക്കുന്നത് ഭരണത്തിന്റെ സിൽവർ ജൂബിലിയിലേക്കായിരിക്കും.

ശുചിത്വ പദ്ധതികളിലൂടെ സംസ്ഥാനത്തുതന്നെ ഒന്നാംനിരയിലേക്ക് ഉയരാനായതും ജലബജറ്റിലൂടെ 2050 വരെ കുടിവെള്ളലഭ്യത ഉറപ്പുവരുത്താനായതും പ്രധാന നേട്ടമായി എൽ.ഡി.എഫ്. ഉയർത്തിക്കാട്ടുന്നു. എന്നാൽ ക്ഷേത്രനഗരിയുടെ പ്രാധാന്യം കണക്കിലെടുത്തുള്ള വികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾ ആവിഷ്‌കരിച്ചില്ലെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തുന്നു. കൂടുതൽ കരുത്തോടെ ബി.ജെ.പി.യും കളത്തിലിറങ്ങിയിരിക്കുന്നു. ഗുരുവായൂർ ക്ഷേത്രം നിൽക്കുന്ന ഗ്ലാമർ വാർഡ് വർഷങ്ങളായി ബി.ജെ.പി.യുടെ സ്വന്തമാണ്. 2005-ൽ രണ്ടു വാർഡുകൾ നേടിയ ബി.ജെ.പി.ക്ക്‌ പിന്നീട് ക്ഷേത്രം വാർഡിൽ മാത്രമായി ഒതുങ്ങേണ്ടിവന്നു. ഇക്കുറി രണ്ടു സീറ്റെങ്കിലും ബി.ജെ.പി. പ്രതീക്ഷിക്കുന്നു.