കുന്നംകുളം : നഗരസഭയിലെ 37 വാർഡുകളിലേക്കുള്ള അന്തിമ വോട്ടർപട്ടികയിലുള്ളത് 45045 പേർ. ഇതിൽ 24008 പേർ സ്ത്രീകളും 21034 പേർ പുരുഷന്മാരുമാണ്. ഇതര വിഭാഗത്തിലുള്ള മൂന്നുപേരുണ്ടെങ്കിലും ഇത് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

1630 പേരുള്ള അയ്യപ്പത്ത്

വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. ഇതിനെ രണ്ട് ബൂത്തുകളാക്കി മാറ്റിയിട്ടുണ്ട്. മുതുവമ്മൽ വാർഡിൽ 1560 വോട്ടർമാരുണ്ട്. 764 പേരുള്ള ഉരുളിക്കുന്നിലാണ് ഏറ്റവും കുറവ് വോട്ടുള്ളത്.

ടൗൺ വാർഡിൽ 791 വോട്ടുകളാണുള്ളത്. നാമനിർദേശപത്രിക നൽകാനുള്ള ആദ്യദിവസം ആരും എത്തിയിട്ടില്ല. രാഷ്ട്രീയ കക്ഷിനേതാക്കൾ പത്രികകൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. നഗരസഭയിലെ 19 വാർഡുകളിലേക്ക് എൻ.ഡി.എ. മുന്നണിയാണ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

18 വാർഡുകളിലുള്ളവരുടെ പേരുകൾ നിശ്ചയിച്ചിട്ടില്ല. എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളിലും സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്. സീറ്റുവിഭജനത്തിൽ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകുകയാണ്.

തിങ്കളാഴ്ച മുതൽ പ്രമുഖ മുന്നണികൾ നാമനിർദേശ പത്രിക നൽകാനെത്തും.വ്യാഴാഴ്ചയാണ് പത്രിക നൽകേണ്ട അവസാന ദിവസം.

കോൺഗ്രസ് പഞ്ചായത്തംഗം ബി.ജെ.പി. സ്ഥാനാർഥി

വടക്കാഞ്ചേരി : വരവൂർ പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷം കോൺഗ്രസിന്റെ പഞ്ചായത്തംഗമായിരുന്നു പങ്കജം സ്വാമിനാഥൻ. മൂന്നാം വാർഡിനെ പ്രതിനിധാനം ചെയ്ത് ഇവർ അഞ്ചാം വാർഡിൽ ഇത്തവണ ബി.ജെ.പി. സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിനെ നേരിടും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേരിട്ടെത്തി ഇവരെ സ്വീകരിച്ചു.