ചേർപ്പ് : അവിണിശ്ശേരി പഞ്ചായത്തിൽ ഗ്രാമ,ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ സ്ഥാനാർഥികളെയും ബി.ജെ.പി. പ്രഖ്യാപിച്ചു. പ്രസിഡന്റായിരുന്ന സൂര്യാ ഷോബി ആറാം വാർഡിൽ മത്സരിക്കും.

പഞ്ചായത്തംഗങ്ങളായ ഗീതാ സുകുമാരൻ ഒന്നാം വാർഡിലും വനജാ രാമചന്ദ്രൻ 11-ലും രംഗത്തുണ്ട്. വൈസ് പ്രസിഡന്റായിരുന്ന നന്ദകുമാറിന്റെ ഭാര്യ രമണി നന്ദകുമാർ(വാർഡ്12), പഞ്ചായത്തംഗം രാമചന്ദ്രന്റെ ഭാര്യ സായാ രാമചന്ദ്രൻ(വാർഡ് ഒമ്പത്) എന്നിവരും മത്സരിക്കുന്നു.

ഇവർ രണ്ടു പേരും മുൻപ്‌ പഞ്ചായത്തംഗങ്ങളായിരുന്നു. വൃന്ദാ ദിനേഷ്(വാർഡ് രണ്ട്),ഫെബിൻ മാടേനി(വാർഡ് മൂന്ന്),അനിഷ്മ ശ്രീലേഷ് (വാർഡ് നാല്),അഭിലാഷ് അച്യുതൻ(വാർഡ് അഞ്ച്),രേവതി വിനു(വാർഡ് ഏഴ്), സന്ധ്യാ ശശി എടത്തേടത്ത് (വാർഡ് എട്ട്),ഹരി.സി .നരേന്ദ്രൻ(വാർഡ് 10),സ്വാതി പ്രവീൺ (വാർഡ് 13),മണി അറയ്ക്കൽ(വാർഡ് 14) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രാഖി രാജേഷ്(പാലയ്ക്കൽ ഡിവിഷൻ),ബിന്ദു സജീവ്‌ (വള്ളിശ്ശേരി ഡിവിഷൻ),സി.കെ. സുനിൽ കുമാർ (ചെറുവത്തേരി ഡിവിഷൻ) എന്നിവരും മത്സരിക്കും.

പാണഞ്ചേരിയിൽ എട്ട്‌ മുൻ മെമ്പർമാർക്ക് അയോഗ്യത

പട്ടിക്കാട് : പാണഞ്ചേരി പഞ്ചായത്തിൽ 2010-ൽ ഭരണസമിതിയിലുണ്ടായിരുന്ന എട്ട്‌ യു.ഡി.എഫ്. അംഗങ്ങൾക്ക്‌ അയോഗ്യത. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുള്ളവരുടെ പട്ടികയിലാണ് ഇവരുടെ പേരുകളുള്ളത്.

ഇതിൽ ഏഴുപേർ കോൺഗ്രസിലും ഒരാൾ കേരള കോൺഗ്രസ്‌ പാർട്ടിയിലും ഉൾപ്പെട്ടതാണ്‌. ഇവർക്ക്‌ ഈ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.

എം.ടി. സന്ദീപ്, ജോർജ് പായപ്പൻ, റോയ് കെ. ദേവസി, കെ.പി. ചാക്കോച്ചൻ, റോസിലി ബിനു, സുശീല രാജൻ, ശകുന്തള ഉണ്ണികൃഷ്ണൻ, സിന്ധു സുരേഷ് എന്നിവർക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അയോഗ്യത. ഇവരുടെ അയോഗ്യത 2021 ഫെബ്രുവരി വരെ നീളും. ഇതിൽ നാലുപേർ ഇത്തവണ കളത്തിലിറങ്ങാൻ തയ്യാറെടുത്തിരുന്നതായാണ്‌ സൂചന.

2010-ൽ പാണഞ്ചേരി പഞ്ചായത്തിൽ യു.ഡി.എഫ്. ഭരണസമിതിയുടെ കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി. പത്രോസിനെതിരേ കോൺഗ്രസുകാർതന്നെ അവിശ്വാസം കൊണ്ടുവന്നിരുന്നു. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും എട്ടുപേരെ കമ്മിഷൻ 2015-ൽ അയോഗ്യരാക്കുകയും ചെയ്തിരുന്നു. പിന്നീട് അംഗങ്ങൾ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിരുന്നു.