തൃശ്ശൂര്‍: 104 വയസ്സിന്റെ അവശതകള്‍ മറന്ന് ലക്ഷ്മി പോളിങ് ബൂത്തില്‍ എത്തിയപ്പോള്‍ കണ്ടു നിന്നവര്‍ക്ക് കൗതുകമായി. സ്ഥാനാര്‍ഥിയായ കൊച്ചുമകന് വോട്ടു ചെയ്യാനും പോളിങ് സ്റ്റേഷനിലെത്താനും പരസഹായം വേണമെന്നതൊന്നും ലക്ഷ്മിക്ക് വോട്ടു ചെയ്യാന്‍ തടസ്സമായില്ല.   

പറപ്പൂക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡ് രാപ്പാളില്‍ ലക്ഷ്മിയുടെ കൊച്ചുമകന്‍ മനോജ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയാണ്. രാപ്പാള്‍ കിഴക്കേവളപ്പില്‍ അപ്പുണ്ണിയുടെ ഭാര്യയായ ലക്ഷ്മി രാപ്പാള്‍ കെ.എല്‍.പി. സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ എത്തിയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

കോണ്‍ഗ്രസ് കുടുംബമാണ് ലക്ഷ്മിയുടേത്. വാര്‍ധക്യത്തിന്റെ അവശതകളുള്ള ലക്ഷ്മി 2010-ലാണ് അവസാനം വോട്ട് ചെയ്തത്. കൊച്ചുമകന്‍ മത്സരിക്കുന്നതു കൊണ്ടാണ് ഇത്തവണ വോട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ലക്ഷ്മി പറയുന്നു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പുതന്നെ മനോജ് മുത്തശ്ശിയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങിയിരുന്നു. പ്രവര്‍ത്തകര്‍ കസേരയിലിരുത്തി, ചുമന്ന് ബൂത്തിലെത്തിച്ച മുത്തശ്ശിക്ക് കാഴ്ച കുറവുള്ളതിനാല്‍  മനോജിന്റെ ഭാര്യ ജിജോയാണ് വോട്ട് ചെയ്തത്.

content highlights: 104 year old woman casts vote in thrissur