local Body Election 2020വര്‍ക്കല: വര്‍ക്കല നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍ മുസ്‌ലിം ലീഗ് മുന്നണിബന്ധം വിച്ഛേദിച്ച് ഒറ്റയ്ക്കു മത്സരിക്കുന്നു. അര്‍ഹിക്കുന്ന സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫിന് പുറത്ത് മത്സരിക്കാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചത്. വര്‍ക്കല നഗരസഭയില്‍ എട്ടും വെട്ടൂരില്‍ മൂന്നും നാവായിക്കുളത്ത് രണ്ടും ഇടവ, പള്ളിക്കല്‍, മടവൂര്‍ പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലുമാണ് മത്സരിക്കുന്നത്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൃക്കോവില്‍വട്ടം ഡിവിഷനിലും ലീഗ് ഒറ്റയ്ക്ക് മത്സരിക്കും. ഈ വാര്‍ഡുകളിലെല്ലാം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

വര്‍ക്കല നഗരസഭ രണ്ടാം വാര്‍ഡില്‍ ആര്‍.വിജുവും ഒമ്പതില്‍ കെ.ചെല്ലപ്പനും 16ല്‍ പി.എസ്.ഷാനയും 20ല്‍ നൈസാം ദാവൂദും 21ല്‍ അസീനയും 22ല്‍ എസ്.സിക്കന്തറും 23ല്‍ യാക്കൂബ് അബ്ദുല്‍ ഖാദറും 24ല്‍ വര്‍ക്കല ഹംസയുമാണ് സ്ഥാനാര്‍ഥികള്‍. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് തൃക്കോവില്‍വട്ടം ഡിവിഷനില്‍ സുഭാഷ് ചന്ദ്രബോസ് മത്സരിക്കും. നാവായിക്കുളം ഏഴാം വാര്‍ഡില്‍ എ.അജിയും 11ല്‍ അബ്ദുല്‍ ജവാദും വെട്ടൂര്‍ രണ്ടാം വാര്‍ഡില്‍ ജവാദും 12ല്‍ ഷാജി മുഹമ്മദ് യൂസഫും 14ല്‍ സഫീന ഷിഹാബുദീനും മത്സരിക്കും.

പള്ളിക്കല്‍ നാലാം വാര്‍ഡില്‍ ലത്തീഫും മടവൂര്‍ 14ാം വാര്‍ഡില്‍ ഷിംനയും ഇടവ 11ാം വാര്‍ഡില്‍ ബഷീര്‍ ഓടയവും മത്സരിക്കും. നഗരസഭയിലെ ചില വാര്‍ഡുകളില്‍ സ്വതന്ത്രരെയും പിന്തുണയ്ക്കാന്‍ ലീഗ് തീരുമാനിച്ചിട്ടുണ്ട്. വര്‍ക്കലയിലെ കോണ്‍ഗ്രസ് നേതൃത്വം ഘടകകക്ഷികളുമായി ചര്‍ച്ചയ്ക്കുപോലും തയ്യാറായില്ലെന്ന് ലീഗ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ലീഗ് സ്ഥാനാര്‍ഥികളെ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ ഒരിക്കലും പിന്മാറില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എ.ദാവൂദ്, നിയോജകമണ്ഡലം പ്രസിഡന്റ് കെ.എല്‍.ഷാജഹാന്‍, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നെല്ലനാട്ട് വീണ്ടും സി.പി.എം.സി.പി.ഐ. തര്‍ക്കം
വെഞ്ഞാറമൂട്: സംസ്ഥാന നേതാക്കള്‍ ഒരുമിച്ചിരുന്ന് തര്‍ക്ക പരിഹാരമുണ്ടാക്കിയ നെല്ലനാട്ടില്‍ 24 മണിക്കൂറിനകം വീണ്ടും സി.പി.എം.സി.പി.ഐ. സീറ്റ് തര്‍ക്കം. ആദ്യം തര്‍ക്കം സീറ്റിനെ ചൊല്ലിയായിരുന്നു. അത് എങ്ങനെയെങ്കിലും 106 എന്ന നിലയില്‍ പരിഹരിച്ച് വന്നപ്പോള്‍ കാന്തലക്കോണം, മണ്ഡപക്കുന്ന് വാര്‍ഡുകളുടെ പേരിലാണ് വീണ്ടും തര്‍ക്കമായത്.

സി.പി.എം. കാന്തലക്കോണത്ത് ബൈജുവിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് പ്രചാരണം ആരംഭിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് പത്രികയും നല്‍കി. സി.പി.ഐ. സ്ഥാനാര്‍ഥി ഹരികൃഷ്ണന്‍ ഇതേ സീറ്റിലേയ്ക്ക് ബുധനാഴ്ച പത്രിക നല്‍കി. വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ സി.പി.ഐ. മുമ്പ് പ്രഖ്യാപിച്ച 8 സീറ്റിലും പത്രിക നല്‍കി. വീണ്ടും ചര്‍ച്ച ഉപരിഘടകങ്ങളിലേയ്ക്ക് പോകുകയാണ്.

സി.പി.ഐ. ആവശ്യപ്പെട്ട മാണിക്യമംഗലം, പുതൂര്‍, മുരൂര്‍ക്കോണം എന്നിവ എന്നിവ സി.പി.എം. വിട്ടുകൊടുത്തിരുന്നില്ല. അതിനു പകരമായാണ് കാന്തലക്കോണം എടുത്തതെന്നാണ് സി.പി.ഐ. പറയുന്നത്.

എന്നാല്‍, കാന്തലക്കോണം നല്‍കാമെന്ന് ഒരിക്കലും സമ്മതിച്ചിട്ടില്ല എന്നാണ് സി.പി.എം. പറയുന്നത്. മണ്ഡപകുന്ന് നല്‍കാമെന്നാണ് സമ്മതിച്ചതെന്നും സി.പി.എം. പറയുന്നു. ഇത് വാഗ്ദാനലംഘനമെന്ന് സി.പി.ഐ.യും തിരിച്ചടിക്കുന്നു