Local Body Electionതിരുവനന്തപുരം: എതിര്‍ സ്ഥാനാര്‍ഥിയെ വെട്ടിവീഴ്ത്താനുള്ള തന്ത്രവുമായി മുന്നണികള്‍ രംഗത്തിറങ്ങിയതോടെ നഗരത്തിലെ പകുതിയോളം വാര്‍ഡുകളില്‍ അപരന്‍മാര്‍ നിരന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വാര്‍ഡുകളില്‍ അപരന്‍മാര്‍ പരാജയപ്പെടുത്തുമോയെന്ന ആശങ്കയിലാണ് മുന്നണികള്‍. പല അപരന്‍മാരും ഔദ്യോഗിക ചിഹ്നങ്ങളോട് സാദൃശ്യമുള്ള ചിഹ്നങ്ങളും കൈക്കലാക്കിയിട്ടുണ്ട്.

ഇതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും നമ്പരുമെല്ലാം വോട്ടര്‍മാരെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വവും വര്‍ധിച്ചതായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടും മൂന്നും അപരന്‍മാരുള്ള വാര്‍ഡുകളുമുണ്ട്. ഇതില്‍ പലരേയും പിന്‍വലിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പലരേയും കണ്ടെത്താനായില്ലെന്നാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

കോര്‍പ്പറേഷനിലെ അമ്പതോളം വാര്‍ഡുകളില്‍ അപരന്‍മാരുണ്ട്. ഒന്നിലേറെ അപരന്‍മാരെ നേരിടേണ്ടി വരുന്ന സ്ഥാനാര്‍ഥികളുമുണ്ട്. എല്‍.ഡി.എഫിനും എന്‍.ഡി.എ.യ്ക്കും യു.ഡി.എഫിനും ഒരുപോലെ അപരന്‍മാരെ നേരിടേണ്ടി വരുന്ന വാര്‍ഡുകളുമുണ്ട്. എന്നാല്‍, ഉള്ളൂര്‍, പാതിരപ്പള്ളി, കാഞ്ഞിരംപാറ, തുരുത്തുംമൂല, പാങ്ങോട്, തൃക്കണ്ണാപുരം, എസ്‌റ്റേറ്റ്, തിരുവല്ലം എന്നീ വാര്‍ഡുകളില്‍ മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്.

ചെമ്പഴന്തി വാര്‍ഡില്‍ ബി.ജെ.പി., കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് രണ്ട് അപരന്‍മാര്‍ വീതമുണ്ട്. പട്ടത്തും, ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് രണ്ട് അപരന്‍മാരുണ്ട്. കാലടിയിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിക്ക് മൂന്ന് അപരന്‍മാരാണുള്ളത്. എന്നാല്‍, മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെ അപരന്‍മാരില്ല. കൊടുങ്ങാനൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥിക്കും അപരനുണ്ട്. ഹാര്‍ബര്‍ വാര്‍ഡില്‍ മൂന്ന് നിസാമുദ്ദീന്‍മാര്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, മുന്നണികളുടെ അപരന്‍മാരല്ല. പുത്തന്‍പള്ളിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മൂന്ന് അപരന്‍മാരാണുള്ളത്. ഇവിടെ 11 പേരാണ് മത്സരിക്കുന്നത്. 13 പേര്‍ മത്സരിക്കുന്ന ബീമാപള്ളി ഈസ്റ്റിലാണ് സ്ഥാനാര്‍ഥികളുടെ എണ്ണം കൂടുതല്‍. പൂന്തുറയില്‍ പത്തുപേരും മത്സരരംഗത്തുണ്ട്. മിക്ക വാര്‍ഡുകളിലും ശരാശരി അഞ്ച് സ്ഥാനാര്‍ഥികളാണുള്ളത്.

ഫോര്‍ട്ട് വാര്‍ഡില്‍ മൂന്ന് മുന്നണികള്‍ക്കുംവേണ്ടി രംഗത്തിറങ്ങുന്നത് സ്വതന്ത്രരാണ്. വനിതാ സംവരണമായ ഇവിടെ മൂന്നുപേര്‍ മാത്രമാണ് പത്രിക നല്‍കിയിട്ടുള്ളത്.

സ്ഥിരംസമിതി അധ്യക്ഷരായിരുന്ന പാളയം രാജന്‍, കെ.എസ്.ഷീല, നിലവിലെ കൗണ്‍സിലര്‍മാരായ ആര്‍.സി.ബീന, അലത്തറ അനില്‍കുമാര്‍, ആശാനാഥ്, ഡി.അനില്‍കുമാര്‍, എസ്.വിജയകുമാരി എന്നിവരെല്ലാം അപരന്‍മാരുടെ ശല്യം നേരിടുന്നവരാണ്. സ്ഥിരംസമിതി അധ്യക്ഷനായിരുന്ന വഞ്ചിയൂര്‍ ബാബുവിന്റെ മകള്‍ ഗായത്രി ബാബുവിനും എതിര്‍ സ്ഥാനാര്‍ഥിയായ സരോജത്തിനും അപരന്‍മാരുണ്ട്.