തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് അനുകൂലമായ മാനസികമാറ്റം ജനങ്ങളിലുണ്ടാകണമെന്ന് സുരേഷ് ഗോപി എം.പി. ശക്തമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്. കേരളത്തില്‍ എവിടെയൊക്കെ ബി.ജെ.പി.ക്കു ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ടുകാണാം. അതുതന്നെയാണ് മറ്റുപാര്‍ട്ടികള്‍ ഭയക്കുന്നതും. അതിനാല്‍ ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പ് അതിനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശബരിമലവിവാദവും പരോക്ഷമായി സുരേഷ് ഗോപി സൂചിപ്പിച്ചു. സംസ്ഥാനത്ത് ഇരു മുന്നണികളും ആരോപണങ്ങളില്‍പ്പെട്ടു കിടക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍, ഞാന്‍ തികഞ്ഞ ഈശ്വരവിശ്വാസിയാണ്. ഒരാളുണ്ട്, ഒരാളെയും വെറുതെ വിടില്ല, ഞാന്‍ സ്ഥാനാര്‍ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ചു പറയുന്നു എന്റെ അയ്യന്‍, എന്റെ അയ്യന്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Content Highlights: Suresh Gopi Local Body Election 2020 Thiruvananthapuram