തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ഥിപ്പട്ടികയും വന്നിട്ടില്ലെങ്കിലും ആദ്യഘട്ട പ്രചാരണം ഓണ്‍ലൈനില്‍ തുടങ്ങിക്കഴിഞ്ഞു. പട്ടികയില്‍ പേരുറപ്പിച്ചവരാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയത്. പോസ്റ്ററുകള്‍ ഭൂരിഭാഗം പേരും തയ്യാറാക്കി. ഓണ്‍ലൈനിലൂടെയാണ് പ്രചരിക്കുന്നത്. ചില സ്ഥലങ്ങളില്‍ ചുവരെഴുത്തു തുടങ്ങിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാല്‍ മുന്നണികള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.

സാമൂഹികമാധ്യമ ഗ്രൂപ്പുകളിലൂടെയാണ് പ്രചാരണത്തിനു തുടക്കമിട്ടിട്ടുള്ളത്. ഔദ്യോഗികമായി പ്രഖ്യാപിക്കാത്തിനാല്‍ പാര്‍ട്ടി ഗ്രൂപ്പുകളിലും സ്ഥാനാര്‍ഥിയുമായി ബന്ധമുള്ള ഗ്രൂപ്പുകളിലുമാണ് രാഷ്ട്രീയ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. കോവിഡ് കാലമായതിനാല്‍ തിരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ട് മുന്നണികള്‍ പ്രാദേശികമായി സാമൂഹികമാധ്യമ കൂട്ടായ്മകള്‍ ഉണ്ടാക്കിയിരുന്നു. കോര്‍പ്പറേഷന്‍, നഗരസഭാ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് പ്രചാരണം കൂടുതല്‍. ജില്ലാപ്പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാര്‍ഥികള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലാണ് കേന്ദ്രീകരിക്കുന്നത്.

കോവിഡിനെ മറികടക്കാന്‍ പ്രചാരണം കൂടുതല്‍ ഓണ്‍ലൈനിലേക്കു മാറ്റേണ്ടി വരും. ഇതിന്റെ ഒരു ട്രയല്‍ റണ്ണായിട്ടാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ കാണുന്നത്. സി.പി.എമ്മിനും ബി.ജെ.പി.ക്കും പ്രാദേശികതലത്തില്‍ തന്നെ സൈബര്‍ പോരാളികളുണ്ട്. ഇവരാണ് വാര്‍ഡുതലത്തില്‍ പ്രചാരണതന്ത്രങ്ങള്‍ തീരുമാനിക്കുന്നത്.

സ്ഥാനാര്‍ഥികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രമുഖരുടെ അനുഗ്രഹം തേടുന്ന ചിത്രങ്ങളാണ് വരുന്നത്. ലൈക്കും ഷെയറും നല്‍കി പ്രവര്‍ത്തകര്‍ കൂടെയുണ്ട്. പട്ടികയിലുണ്ടായിട്ടും സ്ഥാനം ഉറപ്പിക്കാനാവാത്തവര്‍ പോസ്റ്റര്‍ മോഡല്‍ ചിത്രങ്ങളിലൂടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സൂചിപ്പിക്കുന്നുമുണ്ട്.

വാര്‍ഡുതലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവേണ്ടിയും ഗ്രൂപ്പുകള്‍ രൂപം കൊണ്ടുകഴിഞ്ഞു. ഇതില്‍ വരുന്ന പോസ്റ്റുകള്‍ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സ്ഥാനാര്‍ഥിപരിചയമാണ് മൂന്നു മുന്നണികളും ഇപ്പോള്‍ സൈബര്‍ ലോകത്തുകൂടി നടത്തുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് വനിതകളെ കൂടുതല്‍ ഉള്‍പ്പെടുത്തി വാര്‍ഡുതലത്തില്‍ പരമാവധി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രൂപവത്കരിക്കുന്നുമുണ്ട്.