Local Body Electionതിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നഗരസഭകള്‍ പിടിക്കാന്‍ മുന്നണികള്‍ പടയൊരുക്കം തുടങ്ങി. നഗരസഭകളുടെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണം സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ വന്നിട്ടില്ല. അതിനാല്‍ സ്ഥാനാര്‍ഥിപ്പട്ടികകള്‍ക്ക് അന്തിമരൂപം നല്‍കിയെങ്കിലും തീരുമാനം വന്നിട്ടില്ല.

മിക്ക വാര്‍ഡുകളിലും സ്ഥാനാര്‍ഥികളുടെ പട്ടിക മൂന്ന് മുന്നണികളും തയ്യാറാക്കിക്കഴിഞ്ഞു. തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ സംവരണം സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ വരും. ഇതോടെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര തുടങ്ങിയവയാണ് തലസ്ഥാന ജില്ലയിലെ നഗരസഭകള്‍. നിലവില്‍ ഇവ നാലും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഭരണത്തുടര്‍ച്ച തന്നെയാണ് എല്‍.ഡി.എഫ്. ലക്ഷ്യമിടുന്നത്. പത്തും ഇരുപതും വര്‍ഷമായി ഭരണം തുടരുന്ന നഗരസഭകള്‍ വലിയ വെല്ലുവിളിയുയര്‍ത്തില്ലെന്നാണ് എല്‍.ഡി.എഫ്. പ്രതീക്ഷ.

എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് യു.ഡി.എഫ്. നേതാക്കള്‍ പറയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്‍വര്‍ഷങ്ങളിലുണ്ടായ അപാകങ്ങള്‍ ഇത്തവണയുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.

നഗരസഭകളിലെല്ലാം വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമാണുള്ളതെങ്കിലും അഞ്ചുവര്‍ഷം കൊണ്ട് ജില്ലയിലുണ്ടായ വോട്ടുവര്‍ധനയിലാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ചില നഗരസഭകളുടെ പകുതിയോളം വാര്‍ഡുകളില്‍ ബി.ജെ.പി. നിര്‍ണായക വോട്ടുകള്‍ നേടിയിരുന്നു. പല നഗരസഭകളിലും അപ്രതീക്ഷിത അട്ടമറിയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.

വര്‍ക്കല

ഇരുമുന്നണികളെയും മാറിമാറി പരീക്ഷിക്കുന്ന രീതിയാണ് വര്‍ക്കല നഗരസഭയിലുമുള്ളത്. 2015ല്‍ 33 വാര്‍ഡുകളില്‍ 18 എണ്ണത്തില്‍ വിജയിച്ചാണ് എല്‍.ഡി.എഫ്. ഭരണത്തിലേറിയത്. യു.ഡി.എഫ്. 11, ബി.ജെ.പി.3, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില. 2010ല്‍ 20 സീറ്റുകള്‍ നേടി അധികാരത്തിലേറിയ യു.ഡി.എഫിനാണ് അഞ്ചുവര്‍ഷം കഴിഞ്ഞ് ഭരണം നഷ്ടമായത്. 2010ല്‍ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി. 2015ല്‍ അത് മൂന്നാക്കി ഉയര്‍ത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഗരസഭയില്‍ 19 വാര്‍ഡുകളില്‍ ബി.ജെ.പി. ഒന്നാമതെത്തിയിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ ത്രികോണ മത്സരമാണ് എല്ലാ വാര്‍ഡുകളിലും നടക്കാന്‍ പോകുന്നത്.

ആറ്റിങ്ങല്‍

പതിനഞ്ച് വര്‍ഷമായി ഇടതുപക്ഷത്തിന്റെ കൈയില്‍ ഭദ്രമാണ് ആറ്റിങ്ങല്‍ നഗരസഭ. 2000 ത്തിലാണ് കോണ്‍ഗ്രസ് അവസാനമായി നഗരസഭ ഭരിച്ചത്. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ തന്നെയാണ് ഭരണമാറ്റത്തിലേക്കു നയിച്ചത്.

31 വാര്‍ഡുകളാണുള്ളത്. 2015ല്‍ 22 വാര്‍ഡുകള്‍ നേടിയാണ് എല്‍.ഡി.എഫ്. ഭരണത്തിലെത്തിയത്. യു.ഡി.എഫിന് അഞ്ച് വാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി.ക്ക് നാല് വാര്‍ഡുകളും ലഭിച്ചു.

2010ല്‍ എല്‍.ഡി.എഫിന് 17 ഉം യു.ഡി.എഫിന് 13 ഉം വാര്‍ഡുകളാണ് ലഭിച്ചത്. ബി.ജെ.പി.ക്ക് ഒരു സീറ്റും കിട്ടി.

ഇത്തവണയും തുടര്‍ഭരണം തന്നെ ഇടത് പ്രതീക്ഷിക്കുന്നു. ശക്തമായ തിരിച്ചു വരവുണ്ടാകുമെന്ന് യു.ഡി.എഫ്. ചൂണ്ടിക്കാട്ടുമ്പോള്‍ കേവല ഭൂരിപക്ഷം തന്നെയാണ് ബി.ജെ.പി.യും ലക്ഷ്യമിടുന്നത്.

നെടുമങ്ങാട്

കാല്‍നൂറ്റാണ്ടായി ഇടതിനോടാണ് നെടുമങ്ങാടിന്റെ കൂറ്. 1995ല്‍ നബീസാ ഉമ്മാള്‍ നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടശേഷം പിന്നീടിങ്ങോട്ട് നഗരസഭാ ഭരണം യു.ഡി.എഫിന് നേടാനായിട്ടില്ല. 39 വാര്‍ഡുകളില്‍ നിലവില്‍ 22 എല്‍.ഡി.എഫിനും 13 യു.ഡി.എഫിനും നാല് ബി.ജെ.പി.ക്കുമാണ്. ഒരു സ്വതന്ത്രനുമുണ്ട്. 2010ല്‍ എല്‍.ഡി.എഫിന് 19 ഉം യു.ഡി.എഫിന് 15 ഉം വാര്‍ഡുകളാണ് ലഭിച്ചത്. മൂന്നിടത്ത് സ്വതന്ത്രരും ജയിച്ചു. ഭരണത്തുടര്‍ച്ചയ്ക്ക് യാതൊരു വെല്ലുവിളിയുമില്ലെന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്.

നിലവിലെ സാഹചര്യങ്ങള്‍ എല്‍.ഡി.എഫിന് തടയിടാന്‍ സഹായിക്കുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 വാര്‍ഡുകളിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തിലാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. എന്തായാലും നെടുമങ്ങാട് പിടിക്കുന്നത് മൂന്നു മുന്നണികള്‍ക്കും അത്ര എളുപ്പമാകില്ല.

നെയ്യാറ്റിന്‍കര

1979ന് ശേഷം 2010ല്‍ ഒരുതവണ മാത്രമാണ് നെയ്യാറ്റിന്‍കര കോണ്‍ഗ്രസ് ഭരിച്ചത്. 44 വാര്‍ഡുകളാണുള്ളത്. 2015ല്‍ 22 സീറ്റ് എല്‍.ഡി.എഫും 12 യു.ഡി.എഫും അഞ്ച് കോണ്‍ഗ്രസ് റിബലുകളും അഞ്ച് ബി.ജെ.പി.യുമായിരുന്നു.

2010ല്‍ 20 വാര്‍ഡുകള്‍ യു.ഡി.എഫിനും 20 വാര്‍ഡുകള്‍ എല്‍.ഡി.എഫിനും ലഭിച്ചിരുന്നു. നാല് സ്വതന്ത്രരും ജയിച്ചിരുന്നു. ഇവരുടെ പിന്തുണയോടെയാണ് യു.ഡി.എഫ്. ഭരണം നടത്തിയത്. ഇത്തവണ ശക്തമായ ത്രികോണ മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 14 വാര്‍ഡുകളില്‍ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മൂന്ന് മുന്നണികളും സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കിക്കഴിഞ്ഞു. വാര്‍ഡ് ഉറപ്പിച്ച നിലവിലെ പല കൗണ്‍സിലര്‍മാരും പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

Content Highlights: Local Body Election Trivandrum