Local Body Electionതിരുവനന്തപുരം: ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരം ജില്ലാപ്പഞ്ചായത്തിലെ സ്ഥനാര്‍ത്ഥിനിര്‍ണയം അവസാന ഘട്ടത്തിലേക്ക്. മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പട്ടികകള്‍ തയ്യാറാക്കിക്കഴിഞ്ഞാവും ജില്ലാപ്പഞ്ചായത്ത് ഡിവിഷനുകളുടെ കാര്യത്തിലേക്കു മുന്നണികള്‍ കടക്കുക. എന്നാല്‍, ചില ഡിവിഷനുകളില്‍ മൂന്നു മുന്നണികളും ഏതാണ്ട് സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചുകഴിഞ്ഞു. ഔദ്യോഗികപ്രഖ്യാപനം മാത്രമാണ് ബാക്കി. ചില ഡിവിഷനുകളില്‍ ഒന്നിലേറെപ്പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. അടുത്ത മാസം അഞ്ചോടെയാകും മൂന്നു മുന്നണികളുടെയും അന്തിമ സ്ഥാനാര്‍ത്ഥിപ്രഖ്യാപനം ഉണ്ടാവുക.

നിലവിലെ വൈസ് പ്രസിഡന്റായ എ.ഷൈലജാബീഗം, സ്ഥിരംസമിതി അധ്യക്ഷന്‍ ബി.പി.മുരളി എന്നിവര്‍ ഇത്തവണത്തെ പട്ടികയിലുമുണ്ടാകും. ഷൈലജാ ബീഗത്തെയാണ് എല്‍.ഡി.എഫ്. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗമായ ഷൈലജ കിഴുവിലം ഡിവിഷനില്‍നിന്നും ബി.പി.മുരളി കിളിമാനൂര്‍ ഡിവിഷനില്‍നിന്നുമാവും മത്സരിക്കുക.

യു.ഡി.എഫ്. പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്ന രണ്ടു പേര്‍ രമണി പി.നായരും ആര്‍.കെ.അന്‍സജിത റസലുമാണ്. രണ്ടു പേരും നേരത്തേ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിഹിച്ചിട്ടുള്ളവരുമാണ്. എന്നാല്‍, മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് രമണി പി.നായര്‍ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഡിവിഷന്‍ നിലനിര്‍ത്താന്‍ രമണി പി.നായര്‍ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അന്‍സജിത റസല്‍ പൂവച്ചലില്‍നിന്നു മത്സരിക്കാനാണ് സാധ്യത. മുന്‍ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന ആനാട് ജയന്‍ വെള്ളനാട്ടുനിന്നു മത്സരിച്ചേക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍നിന്ന് തല്‍ക്കാലം ഒഴിവാക്കണമെന്ന് ജയനും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

നിലവിലെ അംഗമായ ജലീല്‍ മുരുക്കുംപുഴയില്‍നിന്നു മത്സരിക്കും.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് ചിറയിന്‍കീഴിലും സി.പി.എം. ജില്ലാക്കമ്മറ്റി അംഗം രാജേന്ദ്രകുമാര്‍ ബാലരാമപുരത്തെയും പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ പാറശ്ശാല ഡിവിഷനിലെയും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികളായേക്കും.

യു.ഡി.എഫില്‍ മുന്‍ അംഗം സോഫിയാ തോമസ് പാലോട്ടും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തംഗം ഇളമ്പ ഉണ്ണികൃഷ്ണന്‍ മുദാക്കലിലും എസ്.രാധാമണി കിഴുവിലത്തും എം.എസ്.അനില്‍ കുന്നത്തുകാലിലും മുന്‍ പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് എസ്.ഉഷാകുമാരി പാറശ്ശാലയിലും മത്സരിക്കാനുള്ള സാധ്യത ഉറപ്പിച്ചിട്ടുണ്ട്.

ബി.ജെ.പി. സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂ. നിലവിലുള്ള വെങ്ങാനൂര്‍ ഡിവിഷനില്‍ ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റ് എസ്.സുരേഷിന്റെ പേര് പരിഗണിക്കുന്നുണ്ട്. യുവമോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് ശ്രീജേഷ് കുന്നത്തുകാലില്‍ മത്സരിച്ചേക്കും.