Local Body Electionനെയ്യാറ്റിന്‍കര: തദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും നഗരസഭയിലെ മൂന്നു മുന്നണികളും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അവസാനവട്ട ചര്‍ച്ചകളിലാണ്. മുന്‍കൂട്ടി തീരുമാനിച്ച മുന്നണികളിലെ ചില സ്ഥാനാര്‍ഥികള്‍ ഇപ്പോള്‍ത്തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

നഗരസഭയില്‍ 44 വാര്‍ഡുകളാണുള്ളത്. നിലവില്‍ എല്‍.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്. 2015ലെ തിരഞ്ഞെടുപ്പില്‍ 22 സീറ്റ് എല്‍.ഡി.എഫിനു ലഭിച്ചിരുന്നു. യു.ഡി.എഫ്.12, കോണ്‍ഗ്രസ് റിബലുകള്‍5, ബി.ജെ.പി.5 എന്നിങ്ങനെയായിരുന്നു കക്ഷിനില. അഞ്ച് കോണ്‍ഗ്രസ് റിബലുകളില്‍ നാലു പേരും തിരികെയെത്തിയെങ്കിലും യു.ഡി.എഫിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ്(ജോസ് കെ.മാണി) എല്‍.ഡി.എഫി.ലേക്കു പോയി. ഇക്കുറിയും എല്‍.ഡി.എഫ്. 44 സീറ്റിലും മത്സരിക്കുന്നുണ്ട്.

35 സീറ്റില്‍ സി.പി.എമ്മും ഏഴു സീറ്റില്‍ സി.പി.ഐ.യും ഓരോ സീറ്റ് വീതം ജനതാദളിനും എന്‍.സി.പി.ക്കുമാണ്. കേരള കോണ്‍ഗ്രസിന്(ജോസ് കെ.മാണി) സി.പി.എമ്മിന്റെ അക്കൗണ്ടില്‍നിന്ന് സീറ്റ് നല്‍കും. എല്‍.ഡി.എഫി.ലെ മറ്റൊരു പ്രമുഖ ഘടകകക്ഷിയായ ലോക് താന്ത്രിക ജനതാദള്‍(എല്‍.ജെ.ഡി.) സീറ്റ് നല്‍കണമെന്ന ആവശ്യവുമായി എല്‍.ഡി.എഫ്. നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. എല്‍.ജെ.ഡി.യ്ക്ക് സീറ്റ് നല്‍കുന്നെങ്കില്‍ സി.പി.ഐ.യുടെ അക്കൗണ്ടില്‍നിന്നാവും നല്‍കുക. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 42 സീറ്റിലും ഓരോ സീറ്റുകള്‍ കേരള കോണ്‍ഗ്രസ്(ജോസഫ്), സി.എം.പി. വിഭാഗങ്ങള്‍ക്കുള്ളതാണ്.

മുസ്‌ലിംലീഗ് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെപ്പോലെ വഴിമുക്ക് വാര്‍ഡിനായാണ് രംഗത്തുള്ളത്. എന്നാല്‍, വഴിമുക്ക് സീറ്റ് വിട്ടു
നല്‍കില്ലെന്നും മറ്റേതെങ്കിലും സീറ്റ് ലീഗ് ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. എന്‍.ഡി.എ. 44 സീറ്റിലും മത്സരിക്കുന്നുണ്ട്. ഇതില്‍ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ്. സീറ്റ് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

എന്നാല്‍, ഇക്കാര്യത്തില്‍ ബി.ജെ.പി. ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ ബി.ജെ.പി.യ്ക്ക് അഞ്ച് കൗണ്‍സിലര്‍മാരാണുള്ളത്. മാത്രവുമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 14 വാര്‍ഡുകളില്‍ ബി.ജെ.പി. രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അതുകൊണ്ട് എല്ലാ സീറ്റിലും മത്സരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്.

മുന്‍ക്കൂട്ടി തീരുമാനിച്ച സ്ഥാനാര്‍ഥികള്‍ സജീവം

മൂന്നു മുന്നണികളിലെയും മുന്‍കൂട്ടി തീരുമാനിച്ച സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത് സജീവമായി. സി.പി.എമ്മില്‍നിന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.കേശവന്‍കുട്ടി, വി.എസ്.ചന്തു, പെരുമ്പഴുതൂര്‍ ഗോപാലകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, കെ.മോഹനന്‍ എന്നിവര്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചുകഴിഞ്ഞു.

ഇതിനു പുറമേ നിലവിലെ ഭരണസമിതിയിലെ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു, കൗണ്‍സിലര്‍മാരായ സൗമ്യ, അലിഫാത്തിമ എന്നിവരും സ്ഥാനാര്‍ഥികളാകുമെന്നു തീരുമാനമായിട്ടുണ്ട്.

കോണ്‍ഗ്രസില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍, നിലവിലെ പ്രതിപക്ഷ നേതാവ് എ.ലളിത, കൗണ്‍സിലര്‍മാരായ ഗ്രാമം പ്രവീണ്‍, പുന്നയ്ക്കാട് സജു, എല്‍.എസ്.ഷീല, അജിത എന്നിവര്‍ വീണ്ടും മത്സരിക്കും. ഇതിനു പുറമേ ജോസ് ഫ്രാങ്ക്‌ളിന്‍, അമരവിള സുദേവകുമാര്‍, ജയശങ്കര്‍, പ്രമോദ് എന്നിവരുടെയും സ്ഥാനാര്‍ഥിത്വം ഉറപ്പായിട്ടുണ്ട്. ബി.ജെ.പി.യില്‍ നിലവിലെ കൗണ്‍സിലര്‍മാരായ ഷിബുരാജ് കൃഷ്ണ, സ്വപ്നജിത്ത്, വി.ഹരികുമാര്‍, ഉഷാകുമാരി, ശശികല എന്നിവര്‍ മത്സരരംഗത്തുണ്ട്. ഇതിനു പുറമേ രഞ്ജിത് ചന്ദ്രന്‍, എന്‍.കെ.ശശി, മായ എന്നിവരും മത്സരിക്കുന്നുണ്ട