തിരുവനന്തപുരം: ഔദ്യോഗികപ്രഖ്യാപനം വന്നില്ലെങ്കിലും തലസ്ഥാന കോര്‍പ്പറേഷനിലെ പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണരംഗത്ത് എത്തിക്കഴിഞ്ഞു. ഘടകകക്ഷികളുമായുള്ള സീറ്റുവിഭജന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്കു കടന്നതോടെ മൂന്നു മുന്നണികളിലെയും പ്രമുഖ നേതാക്കള്‍ വാര്‍ഡുകള്‍ ഉറപ്പിച്ചുകഴിഞ്ഞു. ചുവരെഴുത്ത് അടക്കമുള്ള പരസ്യപ്രചാരണം തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ഭൂരിഭാഗം വാര്‍ഡുകളിലും മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഈ മാസത്തോടെതന്നെ സ്ഥാനാര്‍ത്ഥിനിര്‍ണയം അന്തിമ ഘട്ടത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികള്‍. മേയര്‍സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാവുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ തവണ മേയര്‍സ്ഥാനത്തേക്കു മത്സരിച്ചവരെല്ലാം പരാജയപ്പെട്ട അനുഭവം മുന്നണികള്‍ക്കു നേരിടേണ്ടിവന്നിരുന്നു. അതുകൊണ്ടുതന്നെ നഗരവാസികള്‍ക്കു പരിചിതരായ പൊതുസമ്മതരെ മേയര്‍സ്ഥാനത്തേക്കു പരിഗണിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

സി.പി.എം. പ്രധാനമായും മുന്നില്‍ക്കാണുന്നത് ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍.സീമയെയാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ജില്ലാക്കമ്മറ്റി അംഗങ്ങളും മഹിളാ അസോസിയേഷന്‍ നേതാക്കളുമായ എം.ജി.മീനാംബികയും എസ്.പുഷ്പലതയുമാണ് പരിഗണനാപ്പട്ടികയിലുള്ള മറ്റു രണ്ടു പേര്‍. മുട്ടത്തറ, പേരൂര്‍ക്കട, നെടുങ്കാട് എന്നീ വാര്‍ഡുകളാണ് ഇവര്‍ക്കു നല്‍കാന്‍ സാധ്യതയുള്ളത്. പുഷ്പലത നിലിവില്‍ മരാമത്തുകാര്യ സ്ഥിരംസമിതി അധ്യക്ഷയുമാണ്.

ബി.ജെ.പി.യും രാഷ്ട്രീയത്തിനതീതമായ പൊതുസമ്മതയെയാണ് മേയര്‍സ്ഥാനത്തേക്കു പരിഗണിക്കുന്നത്. നിലവിലെ കൗണ്‍സിലര്‍മാരായ സമി ജ്യോതിഷ്, ഷീജാ മധു, ആര്‍.സി.ബീന എന്നിവരും പരിഗണനാപ്പട്ടികയിലുണ്ട്. സിമി ജ്യോതിഷ് ഇപ്പോള്‍ നികുതി അപ്പീല്‍ കാര്യ സ്ഥിരംസമിതി അധ്യക്ഷയുമാണ്.

യു.ഡി.എഫില്‍ മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭാര്യ എം.ടി.സുലേഖ അടക്കമുള്ളവരെ മേയര്‍സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്.നായര്‍, ഡി.സി.സി. അംഗം സ്വപ്നാ ജോര്‍ജ് അടക്കമുള്ളവരും പട്ടികയിലുണ്ട്.

പേട്ട, ചാക്ക, കടകംപള്ളി വാര്‍ഡുകളില്‍ സി.പി.എം. സ്ഥാനാര്‍ത്ഥികളുടെ പേരു വച്ചുതന്നെ ചുവരെഴുത്തു തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴത്തെ മേയര്‍ കെ.ശ്രീകുമാര്‍ കരിക്കകം വാര്‍ഡില്‍നിന്നായിരിക്കും മത്സരിക്കുന്നത്. ബി.ജെ.പി. കക്ഷി നേതാവ് എം.ആര്‍.ഗോപന്‍ പൊന്നുമംഗലത്തുനിന്നും കോണ്‍ഗ്രസ് നേതാക്കളായ ജോണ്‍സണ്‍ ജോസഫ് നാലാഞ്ചിറയില്‍നിന്നും ഡി.അനില്‍കുമാര്‍ കടകംപള്ളിയിലും മത്സരിച്ചേക്കും. സ്ഥിരംസമിതി അധ്യക്ഷനായ പാളയം രാജന്‍ പാളയത്തും മുന്‍ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍ പി.ടി.പി. നഗറിലും സ്ഥാനാര്‍ത്ഥികളാകാനാണ് സാധ്യത.

മുസ്‌ലിം ലീഗ് കക്ഷി നേതാവ് ബീമാപള്ളി റഷീദ്, കൗണ്‍സിലര്‍മാരായ കരമന അജിത്, തിരുമല അനില്‍, വി.ആര്‍.സിനി തുടങ്ങിയവരും മത്സരരംഗത്തുണ്ടാകും.

സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 30 സീറ്റുകളിലോളം അന്തിമതീരുമാനമായിട്ടുണ്ട്. പ്രഖ്യാപനം വന്നാല്‍ ഉടന്‍ തന്നെ 100 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിപ്രഖ്യാപനത്തിനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്. തുടര്‍ന്ന് അഞ്ചാം തീയതി മുതല്‍ വാര്‍ഡുകളില്‍ പ്രചാരണം തുടങ്ങും.

ബി.ജെ.പി.യും ആദ്യഘട്ട പട്ടികയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. 25ഓളം വാര്‍ഡുകളില്‍ അന്തിമ തീരുമാനമായിക്കഴിഞ്ഞു. ഒന്നോ രണ്ടോ ഘട്ടമായിട്ടായിരിക്കും പ്രഖ്യാപനം. എന്നാല്‍, മറ്റ് രണ്ടു മുന്നണികളുടെയും സ്ഥനാര്‍ത്ഥികളെ നോക്കിയാവും ബി.ജെ.പി.യുടെ പ്രഖ്യാപനമെന്നറിയുന്നു. യു.ഡി.എഫും ഇരുപതോളം വാര്‍ഡുകളിലെ സ്ഥനാര്‍ത്ഥിനിര്‍ണയം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വാര്‍ഡ് കമ്മിറ്റികള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.

മൂന്നു മുന്നണികളുടെയും കോര്‍പ്പറേഷന്‍ ചുമതലയുള്ള കമ്മിറ്റികള്‍ ദിനംപ്രതി ചര്‍ച്ചകള്‍ തുടരുന്നുണ്ട്. കോവിഡ് കാല പ്രചാരണത്തിന് പരിമിതികളുള്ളതിനാല്‍ പരമാവധി നേരത്തേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്.

മുന്നണി ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

ഇടതുമുന്നണിയിലെ വാര്‍ഡ് വിഭജന ചര്‍ച്ചകള്‍ ഏതാണ്ടു പൂര്‍ത്തിയായിക്കഴിഞ്ഞു. 2015ല്‍ സി.പി.എം. 72 വാര്‍ഡിലും സി.പി.ഐ. 18ലും മത്സരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും എല്‍.ജെ.ഡി.യും അടക്കമുള്ള പുതിയ ഘടകകക്ഷികള്‍ വന്നതിനാല്‍ ഇതില്‍ രണ്ടോ മൂന്നോ സീറ്റുകളില്‍ കുറവുണ്ടാകും. മറ്റു ഘടകകക്ഷികള്‍ക്ക് മുമ്പുണ്ടായിരുന്ന എണ്ണം വാര്‍ഡുകള്‍തന്നെ നല്‍കാന്‍ ഏകദേശ ധാരണയായി. ഇതില്‍ ചില വാര്‍ഡുകള്‍ മാറ്റിനല്‍കും. കേരള കോണ്‍ഗ്രസ് എസിന് പാളയം നല്‍കും. എന്‍.സി.പി.ക്ക് പാളയവും ഐ.എന്‍.എല്ലിന് മാണിക്യവിളാകവും നല്‍കാന്‍ ചര്‍ച്ചകളില്‍ ധാരണയായിട്ടുണ്ട്. ബാക്കിയുള്ള വാര്‍ഡുകള്‍ മാറ്റുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകളും അവസാനഘട്ടത്തിലാണ്.

യു.ഡി.എഫില്‍ കോണ്‍ഗ്രസ് മത്സരിച്ചത് 80 വാര്‍ഡുകളിലാണ്. ഇതില്‍ മുസ്‌ലിം ലീഗുമായിട്ടുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കഴിഞ്ഞ തവണ ആറ് വാര്‍ഡുകളിലാണ് ലീഗ് മത്സരിച്ചത്. സി.എം.പി. മൂന്നിലും ആര്‍.എസ്.പി. മൂന്നിലും കേരള കോണ്‍ഗ്രസ്(ജേക്കബ്) രണ്ട് സീറ്റിലും മത്സരിച്ചിട്ടുണ്ട്. ഇതില്‍ മൂന്നു പേര്‍ കൂടുതല്‍ വാര്‍ഡുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, പരമാവധി വാര്‍ഡുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും ഫോര്‍വേഡ് ബ്ലോക്കിനും ഓരോ വാര്‍ഡ് നല്‍കാനും തീരുമാനമായി.

എന്‍.ഡി.എ.യില്‍ ബി.ജെ.പി.യുടെ സിറ്റിങ് വാര്‍ഡുകള്‍ ഘടകകക്ഷികള്‍ക്കു വിട്ടുനല്‍കാന്‍ സാധ്യതയില്ല. ബി.ഡി.ജെ.എസിന് പത്ത് വാര്‍ഡും ശിവസേന, കാമരാജ് കോണ്‍ഗ്രസ്, ലോക് ജനത പാര്‍ട്ടി എന്നിവയ്ക്കും വാര്‍ഡുകള്‍ നല്‍കും.

Content Highlights: Local body election Trivandrum