തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവുമധികം ചെറുപ്പക്കാര്‍ അണിനിരക്കുന്ന മല്‍സരത്തിനാണ് തലസ്ഥാനം ഒരുങ്ങുന്നത്. പഞ്ചായത്തുകളിലും നഗരസഭകളിലും മല്‍സരിക്കുന്നതില്‍ 90 ശതമാനവും ചെറുപ്പക്കാര്‍. സ്ഥാനാര്‍ഥികള്‍ ഏവരും വിദ്യാസമ്പന്നരാണെന്നതും വോട്ടര്‍മാര്‍ക്ക് പ്രതീക്ഷയേകുന്നു.

100 വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മല്‍സരിക്കുന്നതില്‍ എഴുപത് ശതമാനത്തിലേറെയും യുവജനങ്ങളാണ്. പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ മുതല്‍ ഐ.ടി. പ്രൊഫഷണലുകള്‍വരെയുണ്ട് ഇവരില്‍. പിഎച്ച്.ഡി. നേടിയ രണ്ടുപേരുണ്ട് മല്‍സരിക്കാന്‍. ബി.ടെക്., എല്‍എല്‍.ബി., എം.എസ്.ഡബ്ല്യു., ബി.എസ്‌സി. തുടങ്ങി മിക്കവരും വിദ്യാസമ്പന്നര്‍. ഓള്‍ സെയിന്റ്‌സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി ആര്യാ രാജേന്ദ്രനാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. മുടവന്‍മുകളില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് ആര്യ. ഈ വര്‍ഷം പഠനം കഴിഞ്ഞിറങ്ങിയ രണ്ടുപേരുണ്ട് കാര്യവട്ടത്തുനിന്ന് ഡിഗ്രി കഴിഞ്ഞിറങ്ങിയ മഹാദേവനും എല്‍എല്‍.ബി.ക്കാരനായ നന്ദഭാര്‍ഗവനും.

ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും ചെറുപ്പത്തിന്റെ ചുറുചുറുക്കാണ്. ചില പാര്‍ട്ടികള്‍ തുടക്കത്തില്‍ ചെറുപ്പക്കാരെ രംഗത്തിറക്കിയപ്പോള്‍ വന്‍ സ്വീകാര്യത കിട്ടിയതോടെയാണ് എല്ലാവരും ആ വഴിക്ക് നീങ്ങിയത്. പത്രികാസമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളില്‍ 10772 സ്ഥാനാര്‍ഥികളും മുനിസിപ്പാലിറ്റികളില്‍ 1218 പേരും പത്രിക നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ 1034 സ്ഥാനാര്‍ഥികളാണുള്ളത്. ഈ കണക്കില്‍ മുക്കാലും ചെറുപ്പക്കാര്‍ തന്നെ. പഞ്ചായത്തുകളില്‍ സിറ്റിങ് സീറ്റുകളില്‍പോലും പുതുമുഖക്കാരായ ചെറുപ്പക്കാര്‍ ഇടംപിടിച്ചു. ജനറല്‍ വാര്‍ഡുകളിലും യുവതികളെ സ്ഥാനാര്‍ഥികളാക്കാനും പാര്‍ട്ടികള്‍ ഇക്കുറി മടിച്ചില്ല. എതിര്‍ സ്ഥാനാര്‍ഥി ചെറുപ്പമാണെങ്കില്‍, സിറ്റിങ് സീറ്റുപോലും കണക്കാക്കാതെ മറു പാര്‍ട്ടിയും ചെറുപ്പക്കാരെ തന്നെ ഇറക്കി ചെക്ക് പറയും. ഇതുവരെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടില്ലാത്തവരാണ് ഏറെയും. പക്ഷേ, എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ ഭരണത്തിലെത്തുന്നത് നാടിനു ഗുണകരമാകും എന്ന പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍.