Local Body electionതിരുവനന്തപുരം: ഇരട്ട വോട്ടിന്റെ പേരിലെ തര്‍ക്കം, സ്വന്തം പാര്‍ട്ടികള്‍ക്കായി അതിര്‍ത്തിക്കപ്പുറം ചെന്ന് തിരഞ്ഞെടുപ്പ് പ്രചാരണം. മുന്‍പ് കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തിരഞ്ഞെടുപ്പു കാലം ഇരുസംസ്ഥാനത്തെയും രാഷ്ട്രീയക്കാര്‍ക്ക് തികച്ചും ജനകീയ ഉത്സവമായിരുന്നു. ഒരിടത്ത് പ്രചാരണം നടക്കുകയും മറുഭാഗത്ത് ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഈ സംസ്ഥാനാന്തര രാഷ്ട്രീയസഖ്യം രൂപപ്പെടുന്നത്. ഇക്കുറി കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ അതിന്റെ കോലാഹലമൊന്നുമില്ല. പക്ഷേ, കോവിഡിന്റെ പ്രതിരോധം അതിര്‍ത്തിയിലും പ്രചാരണത്തിന്റെ കൊടിപ്പടം താഴ്ത്തുന്നുണ്ട്. പോയകാലത്തിന്റെ പ്രചാരണാഘോഷം പൊലിപ്പിക്കാന്‍ പ്രതിരോധത്തെ മറികടക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ദ്രാവിഡ കക്ഷികള്‍ക്കു പുറമേ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം ഇഷ്ടപ്പെടുന്നവരാണ് അതിര്‍ത്തിയിലുള്ളവര്‍. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ബി.ജെ.പി. എന്നിവയ്ക്ക് അവിടെ വേരുകളുണ്ട്. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ക്ഷണിച്ചും അല്ലാതെയും നേതാക്കളും പ്രവര്‍ത്തകരും പ്രചാരണത്തിനെത്തും. കന്യാകുമാരി ജില്ലയിലെ പ്രചാരണത്തിനും ഇപ്പുറത്തുള്ളവര്‍ തങ്ങളുടെ പാര്‍ട്ടികള്‍ക്കായി പ്രചാരണത്തിന് എത്താറുണ്ട്. ബി.ജെ.പി. പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന വേല്‍യാത്രയുടെ തിരക്കിലാണ്. സി.പി.എമ്മും കോണ്‍ഗ്രസും തമിഴ്‌നാട്ടിലെ ഡി.എം.കെ. സഖ്യത്തില്‍ ഒരു കുടക്കീഴിലാണ്. അവിടെ കൈ കോര്‍ക്കുകയും തൊട്ടപ്പുറത്ത് ചേരിതിരിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടി വരുന്നത് ഇരുകൂട്ടരെയും വിഷമവൃത്തത്തിലാക്കുന്നു. പുറമെ ഇക്കുറി കോവിഡിന്റെ നിയന്ത്രണവും കേരളത്തിലെ വ്യാപനഭീതിയും അതിര്‍ത്തി കടന്നുള്ള പ്രചാരണത്തിന് തടസ്സമാകുന്നുണ്ട്.

ഒറ്റപ്പെട്ട കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രയാസമുണ്ടെങ്കിലും സ്വകാര്യമായി വോട്ട് ഉറപ്പിക്കുന്നതിനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ട്.

കളിയിക്കാവിളയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ തമിഴ്‌നാടിനുള്ളില്‍ ഐങ്കാമത്തേക്ക് വരെ പാറശ്ശാല പഞ്ചായത്ത് നീളുന്നുണ്ട്. ഇതുപോലെ നിരവധി സ്ഥലങ്ങളില്‍ ഇരു സംസ്ഥാനവും 'കേറിയും കടന്നും' ചെല്ലുന്നു. ഇതുമൂലം രണ്ടിടത്തും വോട്ടുള്ളവര്‍ കുറവല്ല. ഇത്തരക്കാരുടെ പട്ടിക ഇരു സംസ്ഥാനത്തെയും ബൂത്തുതല ഏജന്റുമാരുടെ പക്കലുണ്ട്. തങ്ങളുടെ പെട്ടിയില്‍ വീഴാത്ത വോട്ടാണെങ്കില്‍ അവ 'ചലഞ്ച്' ചെയ്യുന്നതും പതിവാണ്.

ചുവരെഴുത്തിനും പ്രചാരണത്തിനും തടസ്സം

തമിഴ്‌നാട്ടില്‍ നഗരസഭ, ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പിന് ചുവരെഴുത്ത്, പോസ്റ്റര്‍, ഫ്‌ലക്‌സ് എന്നിവ പാടില്ലെന്ന നിയമം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. പൊതുയോഗം, പ്രചാരണത്തിനുള്ള വാഹനങ്ങളുടെ എണ്ണം എന്നിവയ്ക്കും ഈ നിയന്ത്രണമുണ്ട്. ഗ്രാമപ്പഞ്ചായത്തുകളില്‍ മാത്രം ചെറിയ തോതില്‍ പ്രചാരണത്തിന് പകിട്ടുകാട്ടാം.

അതിര്‍ത്തി റോഡുകളില്‍ ഒരുവശത്ത് കേരളവും മറുവശത്ത് തമിഴ്‌നാടും പങ്കിടുന്ന സ്ഥലങ്ങള്‍ ഏറെയാണ്. ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ റോഡിന് ഇരുവശത്തും ചുവരെഴുത്തും തോരണങ്ങളും മലയാളത്തിലും തമിഴിലും നിറയും. ഇപ്പോള്‍ തമിഴ്‌നാട്ടിലുള്‍പ്പെട്ട ടൗണ്‍ പഞ്ചായത്തു മേഖലയില്‍ കടന്നുകയറാന്‍ വിലക്കുണ്ട്. നിരീക്ഷിക്കാന്‍ തമിഴ്‌നാട് പോലീസും സജ്ജമാകും.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പതിവുള്ള മദ്യനിരോധനത്തിലും 'സംസ്ഥാനാന്തര ഐക്യം' പ്രകടമാകാറുണ്ട്. ഇക്കുറി അക്കാര്യത്തിലും പോലീസിന്റെ നിരീക്ഷണം ശക്തമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.