നെയ്യാറ്റിന്‍കര: ജില്ലയുടെ തെക്കെയറ്റമായ പാറശ്ശാല, കിഴക്കന്‍ മലനിരയായ വെള്ളറടയും പശ്ചിമതീരത്തെ മര്യാപുരവും കാഞ്ഞിരംകുളവും ഇതിനിടയില്‍ കൈത്തറിയുടെ താളമായി ബാലരാമപുരവും കുന്നത്തുകാലും. ജില്ലാപ്പഞ്ചായത്തിലെ തെക്കേയറ്റത്ത് ഇക്കുറി 'തകര്‍പ്പന്‍' പോരാട്ടമാണ് നടക്കുന്നത്. ഓരോ ഡിവിഷനിലും മുന്നണികളും സ്ഥാനാര്‍ഥികളും 'ഇഞ്ചോടിഞ്ച്' പോരാട്ടത്തിലാണ്.

സാമുദായിക സമവാക്യങ്ങളും രാഷ്ട്രീയവും സമാസമം കൂട്ടിക്കലര്‍ന്ന ആറു ജില്ലാപ്പഞ്ചായത്ത് ഡിവിഷനുകളില്‍ പോര് പേരിനാകില്ലെന്ന് ഉറപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറ് ഡിവിഷനുകളില്‍ നാലിലും ഇടതുപക്ഷം നേടിയപ്പോള്‍ രണ്ടിടത്താണ് യു.ഡി.എഫ്. വിജയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും രാഷ്ട്രീയ വിവാദങ്ങളും പ്രചാരണത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തിയതും ലൈഫ് ഭവന പദ്ധതിയുമെല്ലാം എല്‍.ഡി.എഫ്. പ്രചാരണ ആയുധമാക്കുമ്പോള്‍ സ്വര്‍ണക്കടത്ത് മുതല്‍ സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ വിവാദവിഷയങ്ങളാണ് യു.ഡി.എഫും എന്‍.ഡി.എ.യും പ്രചാരണ വിഷയമാക്കുന്നത്.

കരമനകളിയിക്കാവിള ആറുവരിപ്പാതവികസനം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി, പൂവാറിലെയും പെരുങ്കടവിളയിലെയും വെണ്‍പകലിലെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വികസന പ്രശ്‌നങ്ങളും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാണ്.

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖത്തോടൊപ്പമുള്ള വികസനം, മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തുന്ന പദ്ധതികള്‍, ഇവരുടെ പാര്‍പ്പിട പ്രശ്‌നങ്ങള്‍, തൊഴില്‍ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇവയെല്ലാം ഈ തിരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയങ്ങളാണ്.

ആറ് ഡിവിഷനുകളില്‍ പ്രധാന പോരാട്ടം നടക്കുന്നത് വെള്ളറടയിലും കുന്നത്തുകാലിലും ബാലരാമപുരത്തും പാറശ്ശാലയിലുമാണ്. വെള്ളറടയില്‍ യു.ഡി.എഫിന്റെ മുന്‍ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാറസലും കേരള കോണ്‍ഗ്രസ്(ജോസ് കെ.മാണി) വിഭാഗത്തിലെ സഹായദാസും തമ്മിലാണ് പ്രധാന പോരാട്ടം. പാറശ്ശാലയില്‍ വനിതകളായ രണ്ട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തമ്മിലാണ് പോരാട്ടം. എല്‍.ഡി.എഫിനായി വി.ആര്‍.സലൂജയും യു.ഡി.എഫിനായി എസ്.ഉഷാകുമാരിയുമാണ് പോരാട്ടത്തിനിറങ്ങുന്നത്.

ഇടതിനൊപ്പം മാത്രം നിന്നിട്ടുള്ള കുന്നത്തുകാലില്‍ കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ഏരിയാ കമ്മിറ്റി അംഗവുമായ വി.എസ്.ബിനുവും കിസാന്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.എസ്.അനിലും യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍.അജേഷും തമ്മിലാണ് മത്സരം. ബാലരാമപുരത്താണ് ശക്തമായ ത്രികോണ മത്സരം നടക്കുന്നത്. എല്‍.ഡി.എഫില്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സി.രാജേന്ദ്രകുമാറും യു.ഡി.എഫില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാലും എന്‍.ഡി.എ.യില്‍ ബി.ജെ.പി. സംസ്ഥാന സമിതി അംഗം ഡോ. അതിയന്നൂര്‍ ശ്രീകുമാറും തമ്മിലാണ് മത്സരം.

മലയോര മേഖലയില്‍ കുടിയേറ്റ കര്‍ഷകരുടെ പട്ടയ പ്രശ്‌നവും റബ്ബറിന്റെ വിലയിടിവുമാണ് പ്രധാന ചര്‍ച്ചാ വിഷയം. കുന്നത്തുകാലും ബാലരാമപുരത്തും കൈത്തറി മേഖലയിലെ പ്രതിസന്ധിയാണ് പ്രചാരണ വിഷയം. തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ കുടിവെള്ള പ്രശ്‌നമാണ് പ്രചാരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

വികസനത്തിനൊപ്പം രാഷ്ട്രീയവും സാമുദായിക സമവാക്യവും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. കൈത്തറി രംഗത്തെ പ്രതിസന്ധി, ഗ്രാമീണ റോഡുകളുടെ വികസനം, നിര്‍മാണ മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തിരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയങ്ങളാണ്.

പട്ടികജാതി വനിതാ സംവരണ ഡിവിഷനായ മര്യാപുരം ഡിവിഷനില്‍ കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും കര്‍ഷകരുടെ പ്രശ്‌നങ്ങളും മത്സ്യതൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങളുമാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയം. ബാലരാമപുരം, അതിയന്നൂര്‍, കോട്ടുകാല്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ബാലരാമപുരം ഡിവിഷനില്‍ കൈത്തറി മേഖലയിലെ പ്രതിസന്ധിയാണ് പ്രധാന ചര്‍ച്ചാ വിഷയം.