തിരുവനന്തപുരം: ടെക്‌നോ നഗരമായ കഴക്കൂട്ടത്തെ മണ്ണിന് എപ്പോഴും ഇടതിനോട് ഒരു കൂറുണ്ട്. ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. കഴിഞ്ഞ രണ്ട് തദ്ദേശതിരഞ്ഞെടുപ്പുകളിലും ഇടതിനെ കൈവിട്ടിട്ടുമില്ല. 2015ല്‍ നഗരത്തിലെ മറ്റു പല പ്രദേശങ്ങളിലും കാലിടറിയെങ്കിലും കഴക്കൂട്ടം മേഖലയില്‍ എല്‍.ഡി.എഫ്. ഒരു വാര്‍ഡ് കൂടുതല്‍ നേടുകയും ചെയ്തു. കഴിഞ്ഞ തവണ 3272 എന്ന ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് കഴക്കൂട്ടം വാര്‍ഡില്‍ മുന്‍ മേയര്‍ വി.കെ.പ്രശാന്തിനായിരുന്നു. ആദ്യമായി ബി.ജെ.പി. അഞ്ച് വാര്‍ഡുകള്‍ നേടിയിട്ടും ഇടതിന്റെ എണ്ണത്തില്‍ കുറവു വന്നില്ല. പക്ഷേ, യു.ഡി.എഫിന് ഇവിടെ തിരിച്ചടിയുണ്ടായി. ആകെ 20 വാര്‍ഡുകളാണ് കഴക്കൂട്ടം മണ്ഡലത്തിലുള്ളത്.

വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് എല്‍.ഡി.എഫ്. മേയറായിരുന്ന കെ.ശ്രീകുമാറടക്കമുള്ളവര്‍ മത്സരിക്കുന്നതും ഈ മേഖലയിലാണ്. തീരദേശം കഴിഞ്ഞാല്‍ യു.ഡി.എഫിനും പ്രതീക്ഷയുള്ള പ്രദേശമാണിത്. 2010ല്‍ പത്ത് വാര്‍ഡുകള്‍ യു.ഡി.എഫിനൊപ്പമായിരുന്നു. കഴിഞ്ഞ കൗണ്‍സില്‍ കക്ഷിനേതാക്കളായ ജോണ്‍സണ്‍ ജോസഫും ഡി.അനില്‍കുമാറും മത്സരിക്കുന്നത് ഈ മേഖലയിലെ വാര്‍ഡുകളിലാണ്.

2015ല്‍ അപ്രതീക്ഷിതമായാണ് ബി.ജെ.പി. ഈ പ്രദേശത്ത് മുന്നേറ്റമുണ്ടാക്കിയത്. മണ്ഡലത്തിന്റെ പല പ്രദേശങ്ങളിലായി നാല് വാര്‍ഡുകളാണ് ലഭിച്ചത്. ഇവ നിലനിര്‍ത്താനും കൂടുതല്‍ വാര്‍ഡുകള്‍ പിടിച്ചെടുക്കാനും ലക്ഷ്യമിട്ട് ബി.ജെ.പി. മുന്‍നിര നേതാക്കളെത്തന്നെ ഇത്തവണ രംഗത്തിറക്കിയിട്ടുണ്ട്.

വാശിയോടെ മുന്നണികള്‍

ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ കഴക്കൂട്ടം വാര്‍ഡില്‍ ഇത്തവണ സി.പി.എമ്മിന് യു.ഡി.എഫ്. വെല്ലുവളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ തവണ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പറ്റിയ പാളിച്ചകള്‍ ഇത്തവണ യു.ഡി.എഫും എന്‍.ഡി.എ.യും പരിഹരിച്ചതോടെ മത്സരം ഒപ്പത്തിനൊപ്പമായിട്ടുണ്ട്. അതുപോലെതന്നെ സിറ്റിങ് വാര്‍ഡുകളായ കടകംപള്ളി, മണ്ണന്തല, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, മെഡിക്കല്‍ കോളേജ് എന്നീ വാര്‍ഡുകളിലും വിജയിക്കാന്‍ എല്‍.ഡി.എഫ്. നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. ചെമ്പഴന്തിയില്‍ യു.ഡി.എഫ്. അണിയൂര്‍ പ്രസന്നകുമാറിനെയും ബി.ജെ.പി. ചെമ്പഴന്തി ഉദയനെയുമാണ് രംഗത്തിറക്കിയിട്ടുള്ളത്. ഇവിടെ വിദ്യാര്‍ഥിനേതാവായ പി.മഹാദേവനാണ് സി.പി.എം. സ്ഥാനാര്‍ഥി. കഴിഞ്ഞ രണ്ടു തവണയും 40ല്‍ താഴെ മാത്രം വോട്ടുകള്‍ക്ക് എല്‍.ഡി.എഫ്. ജയിച്ച ഇടവക്കോട്ടും ശക്തമായ ത്രികോണ മത്സരമാണ്. എല്‍.ഡി.എഫും യു.ഡി.എഫും മണ്ണന്തല വാര്‍ഡില്‍ ഒപ്പത്തിനൊപ്പമായിരുന്നു. 1533 വോട്ടാണ് ഇരു മുന്നണികളും നേടിയത്. നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫ്. വാര്‍ഡ് നേടിയത്. കഴിഞ്ഞ തവണ നറുക്കെടുപ്പില്‍ പരാജയപ്പെട്ട വനജാ രാജേന്ദ്രന്‍ തന്നെയാണ് ഇത്തവണയും യു.ഡി.എഫ്. സ്ഥാനാര്‍ഥി. ചെല്ലമംഗലത്ത് സി.പി.എമ്മിന്റെ കൗണ്‍സിലറായിരുന്ന കെ.എസ്.ഷീലയ്ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കുന്നത് ബി.ജെ.പി.യുടെ ഗായത്രി ദേവിയാണ്.

ബി.ജെ.പി.യുടെ സിറ്റിങ് വാര്‍ഡായ കരിക്കകത്താണ് മേയറായിരുന്ന കെ.ശ്രീകുമാര്‍ മത്സരത്തിനിറങ്ങുന്നത്. ഇവിടെ പ്രാദേശികമായ ബന്ധങ്ങളുള്ള ഡി.ജി.കുമാരനെ ഇറക്കി ബി.ജെ.പി. വെല്ലുവിളി തീര്‍ക്കുന്നുണ്ട്.

കടകംപള്ളിയില്‍ യു.ഡി.എഫ്. കക്ഷിനേതാവായിരുന്ന ഡി.അനില്‍കുമാറാണ് യു.ഡി.എഫിനു വേണ്ടി മത്സരിക്കുന്നത്. മുന്‍ കൗണ്‍സിലറായിരുന്ന ഗോപകുമാറിനെ എല്‍.ഡി.എഫും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ജയാ രാജീവിനെ ബി.ജെ.പി.യും മത്സരത്തിനിറക്കിയതോടെ പ്രവചനം അസാധ്യമായി.

സിറ്റിങ് വാര്‍ഡുകളായ ചെറുവയ്ക്കല്‍, ഉള്ളൂര്‍, ചന്തവിള എന്നിവ നിലനിര്‍ത്താന്‍ യു.ഡി.എഫ്. കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉള്ളൂരില്‍ യുവനേതാവായ ആതിരയെ രംഗത്തിറക്കി വാര്‍ഡ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. ചെറുവയ്ക്കലില്‍ കൗണ്‍സിലറായ വി.ആര്‍.സിനിക്കെതിരേ വിദ്യാര്‍ഥിയായ സൂര്യ ഹേമനെയാണ് സി.പി.എം. മത്സരത്തിനിറക്കിയിട്ടുള്ളത്. ഇവിടെ ബി.ജെ.പി.യുടെ ബിന്ദുവും കൂടിയെത്തിയതോടെ ശക്തമായ ത്രികോണമത്സരമായി. ചന്തവിളയില്‍ സി.പി.ഐ.യുടെ യുവനേതാവിനും ബി.ജെ.പി.യുടെ കൗണ്‍സിലറിനും മുന്നില്‍ യു.ഡി.എഫ്. പൊരുതിനില്‍ക്കുകയാണ്.

ബി.ജെ.പി.യുടെ നാല് സിറ്റിങ് വാര്‍ഡുകളിലും കടുത്ത മത്സരമാണ് നടക്കുന്നത്. ആറ്റിപ്ര, ഞാണ്ടൂര്‍ക്കോണം, പൗഡിക്കോണം, കരിക്കകം എന്നീ വാര്‍ഡുകള്‍ നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. കൂടാതെ നാല് വാര്‍ഡുകളെങ്കിലും ഈ മേഖലയില്‍നിന്നു പിടിച്ചെടുക്കാനാവുമെന്നും ബി.ജെ.പി. പ്രതീക്ഷിക്കുന്നു. ബി.ജെ.പി. പിടിച്ചെടുത്ത ഞാണ്ടൂര്‍ക്കോണം, പൗഡിക്കോണം വാര്‍ഡുകളില്‍ ശക്തമായ മത്സരമാണ് എല്‍.ഡി.എഫ്. നടത്തുന്നത്.