വാട്‌സാപ്പില്‍ തുടര്‍ച്ചയായി മെസേജ് വരുന്നതു കണ്ടു നോക്കിയ ശങ്കറിനു തൃപ്തിയായി. നിഷ്പക്ഷ നിരീക്ഷകന്‍ എന്നറിയപ്പെടുന്ന താന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗം. ഇതില്‍പ്പരം സന്തോഷമെന്തു വേണം. എല്ലാ പാര്‍ട്ടിക്കാരെയും അടുത്തറിയാം. ചറാപറാ സന്ദേശങ്ങള്‍. രണ്ടുദിവസംകൊണ്ട് മടുപ്പായി. വെറുപ്പിക്കല്‍ കണ്ട് സഹികെട്ട് ഒരു പാര്‍ട്ടിയുടെ ഗ്രൂപ്പില്‍നിന്നും 'ലെഫ്റ്റ്' ആയതേ ഓര്‍മയുള്ളൂ. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കവലയില്‍വെച്ച് കണ്ടാല്‍ മിണ്ടിയിരുന്നവര്‍ക്ക് ഇപ്പോള്‍ വല്യ മൈന്‍ഡില്ല. നിഷ്പക്ഷ നിരീക്ഷകനെന്ന ലേബലും നഷ്ടം. ഗ്രൂപ്പില്‍നിന്ന് ലെഫ്റ്റ് അടിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നേതാവിന്റെ മുന്നറിയിപ്പും. ബി.പി. കൂടാന്‍ വേറെന്ത് വേണം. അഡ്മിനെ കണ്ടെത്തി ഗ്രൂപ്പില്‍ തിരികെ ആഡ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ശങ്കറിന് ആശ്വാസമായത്.

കോവിഡ് കാലത്ത് യഥാര്‍ഥ 'തിരഞ്ഞെടുപ്പ്' നടക്കുന്നത് വാട്‌സാപ്പ് ഗ്രൂപ്പുകളിലാണെന്നത് പരമസത്യം. ഗ്രാമനഗര വ്യത്യാസമില്ലാതെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ദിനംതോറും പിറവിയെടുക്കുന്നു. ഭൂരിഭാഗവും അഡ്മിന്‍ ഒണ്‍ലിയും. റേഡിയോ അവതരണംപോലെ സന്ദേശപ്പെരുമഴ. ഗ്രൂപ്പിലെ അംഗങ്ങള്‍ മെസേജ് കണ്ടോയെന്ന് നിരീക്ഷിക്കാനും എന്താ മെസേജ് നോക്കാത്തതെന്ന് അന്വേഷിക്കാനും ആളുകള്‍. ചുരുക്കം പറഞ്ഞാല്‍ സമ്മതിദായകരുടെ സ്വൈര്യം വാട്‌സാപ്പ് വഴി ചോരും.

ഈ വാട്‌സാപ്പ് ഇല്ലായിരുന്നെങ്കില്‍ പെട്ടു പോയേനെയെന്നാണ് സ്ഥാനാര്‍ഥികള്‍ പറയുന്നത്. കോവിഡ് ആയതിനാല്‍ എല്ലാവരെയും കണ്ട് വോട്ടു ചോദിക്കല്‍ ഒക്കെ അസാധ്യം. ജില്ലാപ്പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ആണെങ്കില്‍ പറയുകയും വേണ്ട. 50ന് അടുത്ത് വാര്‍ഡുകള്‍ ഉണ്ടാകും. സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യപ്രചാരണം നടത്തുകയേ വഴിയുള്ളൂ. അപ്പോള്‍ പിന്നെ പാവം സമ്മതിദായകന്റെ മൊബൈല്‍ ഗാലറി തിരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും നിറഞ്ഞു കവിയും. ഇതൊക്കെ വോട്ടായാല്‍ ഭാഗ്യം.