തിരുവനന്തപുരം: കോര്‍പ്പറേഷനിലെ 100 സ്ഥാനാര്‍ഥികളെയും ഒരു വേദിയില്‍ അണിനിരത്തി എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിസംഗമം.

എല്ലാ സ്ഥാനാര്‍ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പ് പ്രചാരണത്തിനും എല്‍.ഡി.എഫ്. തുടക്കംകുറിച്ചു.

സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയാണ് സ്ഥാനാര്‍ഥിസംഗമം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരണം ഒരുക്കി. തുടര്‍ന്ന് ഒരുമിച്ചുള്ള ഫോട്ടോയെടുക്കലും ഉണ്ടായിരുന്നു.

കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ സദസ്സിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്ക് കാണാനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണവും ഒരുക്കിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് വി.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എല്‍.ഡി.എഫ്. നേതാക്കളായ വി.ശിവന്‍കുട്ടി, കെ.പ്രകാശ് ബാബു, ആനാവൂര്‍ നാഗപ്പന്‍, ജി.ആര്‍.അനില്‍, എം.വിജയകുമാര്‍, വി.സുരേന്ദ്രന്‍ പിള്ള, എ.നീലലോഹിതദാസ്, പ്രമോദ് നാരായണന്‍, നന്ദിയോട് സുഭാഷ്, എം.എ.മാഹീന്‍, സതീഷ് കുമാര്‍, ഫിറോസ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍.എസ്.എസിനു വേണ്ടി സി.എ.ജി.പ്രവര്‍ത്തിക്കുന്നു

തിരുവനന്തപുരം: കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കേന്ദ്രഗവണ്‍മെന്റിന്റേയും ആര്‍.എസ്.എസിന്റേയും താത്പര്യങ്ങള്‍ക്കുവേണ്ടി അന്തസ് കളഞ്ഞുകുളിക്കുന്ന അപമാനകരമായ തരത്തിലേക്ക് അധഃപതിച്ചിരിക്കുകയാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. കിഫ്ബിക്ക് എതിരേയുള്ള സി.എ.ജി. റിപ്പോര്‍ട്ടാണ് കേരളത്തിന്റെ അവകാശലംഘനം നടത്തുന്നത്. റിസര്‍വ് ബാങ്കിന്റേയും സെബിയുടേയും അംഗീകാരം വാങ്ങിക്കൊണ്ടാണ് മസാല ബോണ്ടടക്കം ഇറക്കിയത്. കിഫ്ബി ഉപയോഗിച്ച് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സി.എ.ജി. കാണുന്നില്ല. ചില ഭരണഘടനാ കേന്ദ്രങ്ങള്‍ക്ക് കണ്ണുകാണുന്നില്ല. ഒരു പ്രത്യേകതരം രോഗമാണെന്നും എം.എ.ബേബി പറഞ്ഞു.

തുടര്‍ഭരണം ഉണ്ടാകുമെന്ന സ്ഥിതി വന്നതോടെ കേരളത്തിലെ ഗവണ്‍മെന്റിനെയും അതിന്റെ നേതൃത്വത്തിലുള്ളവരെയും വേട്ടയാടുകയാണ്. എല്‍.ഡി.എഫ്. നേതൃത്വത്തിനെ വികൃതമാക്കി കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.