തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപ്പത്രികാ സമര്‍പ്പണം വ്യാഴാഴ്ച സമാപിച്ചതോടെ ജില്ലയിലെ മത്സരചിത്രം ഏകദേശം വ്യക്തമായി. പത്രികാസമര്‍പ്പണത്തിന്റെ അവസാന നിമിഷവും തര്‍ക്കങ്ങളും അനിശ്ചിതത്വവും ഒഴിവാക്കാനാകാത്തത് പലയിടത്തും നേതൃത്വത്തിനു തലവേദനയായിട്ടുണ്ട്.

മുന്നണികള്‍ക്കുള്ളിലും പാര്‍ട്ടികള്‍ക്കുള്ളിലുമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നേതാക്കള്‍ തുടങ്ങിയിട്ടുണ്ട്.

കോര്‍പ്പറേഷനില്‍ യു.ഡി.എഫ്., എല്‍.ഡി.എഫ്. മുന്നണികള്‍ക്ക് വിമതശല്യമുണ്ട്. യു.ഡി.എഫില്‍ നിലവിലെ കൗണ്‍സിലറും മുന്‍ കൗണ്‍സിലറുമുള്‍പ്പെടെയുള്ള വിമതര്‍ 15 ഇടത്താണ് രംഗത്തെത്തിയത്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് ഇവര്‍ സ്വതന്ത്രരായി രംഗത്തെത്തിയത്. സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗമാണ് നെട്ടയം വാര്‍ഡില്‍ എല്‍.ഡി.എഫിനെതിരേ മത്സരിക്കുന്നത്. മേയര്‍ കെ.ശ്രീകുമാറിനെതിരേ എല്‍.ഡി.എഫ്. ഘടകകക്ഷിയായ ആര്‍.എസ്.പി.(ലെനിനിസ്റ്റ്) നേതാവ് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

വര്‍ക്കല നഗരസഭയില്‍ യു.ഡി.എഫ്. സീറ്റു നിഷേധിച്ചതോടെ ഒറ്റയ്ക്കു മത്സരിക്കാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചു. ഇവിടെ എല്‍.ഡി.എഫിന്റെ നിലവിലെ കൗണ്‍സിലറും മുന്‍ കൗണ്‍സിലറും വിമതരായി പത്രിക നല്‍കിയിട്ടുണ്ട്. യു.ഡി.എഫ്., എന്‍.ഡി.എ. മുന്നണികളിലും വിമതശല്യമുണ്ട്.

പഴയകുന്നുമ്മേലില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ സി.പി.ഐ. പ്രതിനിധി സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. പഞ്ചായത്തിലെ ആകെയുള്ള മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും സീറ്റു ലഭിക്കാത്തതിനാല്‍ പാര്‍ട്ടി വിട്ടു. ഇവരില്‍ രണ്ടുപേര്‍ സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കല്ലറ പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് എട്ടിടത്ത് യു.ഡി.എഫിനെതിരേ മത്സരിക്കും. പാങ്ങോട് പഞ്ചായത്തിലും യു.ഡി.എഫില്‍ റിബലുകള്‍ നാമനിര്‍ദേശപ്പത്രിക നല്‍കിയിട്ടുണ്ട്. മംഗലപുരത്ത് സി.പി.എമ്മിന്റെ മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ജില്ലാപ്പഞ്ചായത്തംഗവുമായ സവിത പാര്‍ട്ടി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് റിബലായി രംഗത്തെത്തി.

കിഴുവിലം പഞ്ചായത്തില്‍ യു.ഡി.എഫില്‍ സീറ്റു നിഷേധിച്ചതിനെത്തുടര്‍ന്ന് പലരും പ്രതിഷേധത്തിലാണ്. ആറ്റിങ്ങല്‍ നഗരസഭയിലും മുന്നണികള്‍ക്കു വിമതശല്യമുണ്ട്.

നെയ്യാറ്റിന്‍കരയില്‍ മുസ്‌ലിം ലീഗ്‌കോണ്‍ഗ്രസ് തര്‍ക്കം അവസാനനിമിഷം പരിഹരിക്കാന്‍ കഴിഞ്ഞത് മുന്നണിക്ക് ആശ്വാസമായി. നഗരസഭയിലും പെരുങ്കടവിള പഞ്ചായത്തിലും യു.ഡി.എഫിന് മുന്‍ അംഗങ്ങളുടേതുള്‍പ്പെടെ റിബല്‍ശല്യമുണ്ട്. മാറനല്ലൂരില്‍ സി.പി.എം. മുന്‍ പഞ്ചായത്തംഗമാണ് വിമതയായി രംഗത്തുള്ളത്.

ചെങ്കല്‍ പഞ്ചായത്തില്‍ സി.പി.എം. പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാറിന്റെ നേതൃത്വത്തില്‍ ഏഴ് വാര്‍ഡുകളില്‍ എല്‍.ഡി.എഫിനെതിരേ മത്സരിക്കാന്‍ തീരുമാനിച്ച് നാമനിര്‍ദ്ദേശപ്പത്രിക നല്‍കിയിട്ടുണ്ട്. കുളത്തൂരില്‍ തീരദേശത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം ട്വന്റിട്വന്റി മാതൃകയില്‍ ജനകീയമുന്നണി രൂപവത്കരിച്ച് മത്സരത്തിനിറങ്ങുകയാണ്.

വെള്ളറടയില്‍ സി.പി.എം. പുറത്താക്കിയ ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് എം.ശോഭകുമാരി ബ്ലോക്ക് ഡിവിഷനില്‍ സ്വതന്ത്രയായി മത്സരിക്കുകയാണ്. യു.ഡി.എഫിന്റെ മുന്‍ ഗ്രാമപ്പഞ്ചായത്തംഗവും ഇവിടെ റിബലായി രംഗത്തുണ്ട്. അമ്പൂരി പഞ്ചായത്തില്‍ ബി.ജെ.പി.യുടെ പഞ്ചായത്തംഗങ്ങളായിരുന്നവരാണ് പാര്‍ട്ടിക്കെതിരേ മത്സരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഒറ്റശേഖരമംഗലത്ത് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ മുസ്‌ലിം ലീഗ് ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചു. നെല്ലനാട്ട് സി.പി.എം.സി.പി.ഐ. തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ചെങ്കിലും ഇരു കൂട്ടരും പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും നാമനിര്‍ദേശപ്പത്രിക നല്‍കിയിട്ടുണ്ട്. നെടുമങ്ങാട്, ആര്യനാട്, വെള്ളനാട് പഞ്ചായത്തുകളില്‍ യു.ഡി.എഫിന് വിമതര്‍ തലവേദനയായിട്ടുണ്ട്. വിതുരയിലും അരുവിക്കരയിലും എല്‍.ഡി.എഫ്. സീറ്റ് നിഷേധിച്ചതിനാല്‍ എല്‍.ജെ.ഡി. ഒറ്റയ്ക്കു മത്സരിക്കും.

എന്നാല്‍, നാമനിര്‍ദേശപ്പത്രിക പിന്‍വലിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുണ്ട് എന്നത് നേതൃത്വത്തിന് ആശ്വാസം നല്‍കുന്നുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിച്ച് റിബലുകളെ ഒഴിവാക്കി പ്രചാരണം നടത്താനാകുമെന്നാണ് നേതൃത്വത്തിന്റെ ആത്മവിശ്വാസം.