തിപ്പോ, സ്ഥാനാര്‍ഥിയാക്കൂന്ന് ആര് കണ്ടു. ഒരാവേശത്തില്‍ എഴുതിയതല്ലേ. തള്ളിമറിച്ചിട്ടതൊക്കെ ഇങ്ങനെ തിരിച്ചടിക്കൂന്ന് കരുതിയില്ല. പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് മടുത്തു. എന്നാലും അവന്മാരീ സ്‌ക്രീന്‍ ഷോട്ടൊക്കെ എപ്പോ എടുത്തൂന്നാണ് അറിയാന്മേലാത്തത്. എതിരാളികള്‍ പ്രചരിപ്പിക്കുന്നതൊക്കെ ഫോട്ടോഷോപ്പാണെന്ന് പറയുകയേ രക്ഷയുള്ളൂ. അതും പറ്റിയില്ലേല്‍ അക്കൗണ്ട് ഹാക്ക് ചെയ്തൂന്ന് പറഞ്ഞ് രക്ഷപ്പെടാം...

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രചാരണത്തിനിറങ്ങിയത് മുതല്‍ സാമൂഹികമാധ്യമങ്ങളിലെ പഴയ പോസ്റ്റുകള്‍ തിരുത്തുന്നതിനോ ഡിലീറ്റ് ചെയ്യുന്നതിനോ യുവത്വത്തിന് ഒരു മടിയുമില്ല. നിലപാടല്ല, വോട്ടാണ് മുഖ്യം എന്ന് തിരിച്ചറിഞ്ഞ നാളുകളാണിതെന്നും യുവസ്ഥാനാര്‍ഥികള്‍ രഹസ്യമായി സമ്മതിക്കുന്നു.

വിവാദപരമായ വിഷയങ്ങളില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ എഴുതിയ പോസ്റ്റുകളാണ് ചില സ്ഥാനാര്‍ഥികള്‍ക്കെങ്കിലും തിരിച്ചടിയാകുന്നത്. സമ്മതിദായകരെ എളുപ്പം 'സ്വാധീനി'ക്കുന്ന ഇത്തരം വിഷയങ്ങളില്‍ അവര്‍ എഴുതിയ പോസ്റ്റുകള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ നാടുനീളെ പ്രചരിപ്പിക്കുകയാണ്. സ്‌ക്രീന്‍ ഷോട്ടെടുത്ത് വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തും മറ്റു ചിലത് പോസ്റ്ററുകളാക്കി നാട്ടിലൊട്ടിച്ചുമാണ് യുവത്വത്തിന്റെ 'നില' തെറ്റിക്കാനുള്ള ശ്രമം.

സ്‌ക്രീന്‍ഷോട്ട് വജ്രായുധമാക്കി യുവാക്കള്‍ക്ക് സീറ്റ് നിഷേധിച്ച തലമുതിര്‍ന്ന രാഷ്ട്രീയക്കാരും തലസ്ഥാനത്ത് ഉണ്ട്. നേതാക്കന്മാരെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിശിതമായി വിമര്‍ശിച്ചവര്‍ക്കാണ് പഞ്ചായത്ത് സീറ്റ് ഒരു മോഹം മാത്രമായത്. സീറ്റ് ചോദിച്ചെത്തിയ 'യൂത്തന്മാരെ' സ്‌ക്രീന്‍ഷോട്ട് കാണിച്ച് നേതാക്കന്മാര്‍ മടക്കിയയക്കുകയായിരുന്നു. തലമുതിര്‍ന്നവര്‍ക്ക് ഈ സ്‌ക്രീന്‍ഷോട്ട് ഏര്‍പ്പാടാക്കി കൊടുത്തതും വേറെ ചില യൂത്തന്മാരെന്നത് മറ്റൊരു സത്യം. കോവിഡ് കാലത്തെ തിരഞ്ഞെടുപ്പില്‍ സ്‌ക്രീന്‍ഷോട്ട് അങ്ങനെ ഒരു വജ്രായുധമായി മാറുകയാണ്.