തിരുവനന്തപുരം: ജില്ലയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അതൃപ്തിയുമായി സി.പി.ഐ. സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് സി.പി.ഐ.യുടെ അതൃപ്തിക്ക് കാരണം. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ നിന്ന് സി.പി.ഐ. വിട്ടു നിന്നിരുന്നു.

നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലും ഒമ്പത് പഞ്ചായത്തുകളിലേക്കുമുള്ള സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ഏകപക്ഷീയമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതാണ് സി.പി.ഐ.യെ പ്രകോപിപ്പിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടികയും എല്‍.ഡി.എഫ്. പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 12 സ്ഥാനാര്‍ഥികളെയാണ് ജില്ലാ പഞ്ചായത്തിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക്  70 വാര്‍ഡുകളിലാണ് സി.പി.എം. മത്സരിക്കുക. അതില്‍ 46-ഉം വനിതാ സ്ഥാനാര്‍ഥികളാണ്. 41 വനിതാ സംവരണ വാര്‍ഡുകളും അതിന് പുറമെ അഞ്ച് ജനറല്‍ വാര്‍ഡുകളിലും സി.പി.എം. വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച 70 സ്ഥാനാര്‍ഥികളില്‍ 22 പേര്‍ 40 വയസില്‍ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.

വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

കഴിഞ്ഞ തവണ സംഭവിച്ചതുപോലെയുള്ള തിരിച്ചടികള്‍ പരമാവധി ഉണ്ടാകാതിരിക്കാന്‍ മേയര്‍ സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ്. പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം വനിതയ്ക്കായതിനാല്‍ അധ്യാപക സംഘടനാ നേതാവായ എ.ജി. ഒലീനയാകും മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത കൂടുതല്‍.

അടുത്തിടെ ബിജെപി വിട്ട് എത്തിയ പാല്‍ക്കുളങ്ങര കൗണ്‍സിലര്‍ വിജയകുമാരിയെ അതേ വാര്‍ഡില്‍ തന്നെ സി.പി.എം. മത്സരിപ്പിക്കും. എന്നാല്‍ ബി.ജെ.പി വിട്ടെത്തിയ വലിയശാല പ്രവീണിനെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Content Highlights: Local Body Election 2020; Thiruvanathapuram LDF seat