Local Body Electionതിരുവനന്തപുരം: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞതോടെ തലസ്ഥാനനഗരം വീറും വാശിയുമേറിയ മത്സരത്തിലേക്കു കടന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോര്‍പ്പറേഷനില്‍ മുന്നണികളുടെ പ്രമുഖ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വാര്‍ഡുകള്‍ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

സിറ്റിങ് വാര്‍ഡുകള്‍ വിട്ട് മറ്റു മുന്നണികള്‍ ജയിച്ച വാര്‍ഡുകളിലാണ് ഇത്തവണ പല പ്രമുഖരും മത്സരത്തിനിറങ്ങിയിട്ടുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഈ വാര്‍ഡുകളില്‍ നടക്കുന്നത്.

മേയര്‍ സ്ഥാനം വനിതാ സംവരണമായിട്ടും ബി.ജെ.പി. ജില്ലാ പ്രസിഡന്റിനെത്തന്നെ മത്സരത്തിനിറക്കിയ വാര്‍ഡാണ് പൂജപ്പുര. സിറ്റിങ് വാര്‍ഡില്‍ വി.വി.രാജേഷിനെയാണ് ബി.ജെ.പി. രംഗത്തിറക്കിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ കെ.എസ്.വിനുവും സി.പി.ഐ.യുടെ വി.എം.രാജേഷുമാണ് ഇവിടെ എതിരാളികള്‍.

നിലവിലെ മേയര്‍ കെ.ശ്രീകുമാര്‍ മത്സരിക്കുന്നത് കഴിഞ്ഞതവണ ബി.ജെ.പി. പിടിച്ചെടുത്ത കരിക്കകം വാര്‍ഡിലാണ്. ബി.ജെ.പി.യുടെ ഡി.ജി.കുമാരനും സി.എം.പി.യുടെ കരിക്കകം സുരേഷുമാണ് മറുപക്ഷത്ത്. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിനെതിരേ മുന്‍ കൗണ്‍സിലര്‍ സുരേഷ് കുമാറും ബി.ജെ.പി.യിലെ സുരേഷുമാണ് സ്ഥാനാര്‍ഥികള്‍.

പോരാട്ടത്തിന്റെ തീവ്രത മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന രണ്ട് വാര്‍ഡുകളാണ് നെടുങ്കാടും പി.ടി.പി. നഗറും. നെടുങ്കാട് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഒരാളായ എസ്.പുഷ്പലതയാണ് സി.പി.എം. സ്ഥാനാര്‍ഥി. എതിര്‍വശത്ത് ബി.ജെ.പി.യുടെ പ്രമുഖ നേതാക്കളില്‍ ഒരാളായ കരമന അജിത്തും. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ഫോര്‍വേഡ് ബ്ലോക്കിന്റെ എസ്.ആര്‍.പദ്മകുമാറാണ്. പി.ടി.പി. നഗറില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ജി.ഹാപ്പികുമാറും ബി.ജെ.പി. കൗണ്‍സില്‍ കക്ഷിനേതാവായിരുന്ന വി.ജി.ഗിരികുമാറുമാണ് ഏറ്റുമുട്ടുന്നത്. യു.ഡി.എഫ്. സ്ഥനാര്‍ഥിയായി എം.ആര്‍.പ്രശസ്തും ഒപ്പമുണ്ട്.

മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരായ സി.പി.എമ്മിന്റെ എ.ജി.ഒലീനയും ബി.ജെ.പി.യുടെ സിമി ജ്യോതിഷും കടുത്ത പോരാട്ടമാണ് നേരിടുന്നത്. യു.ഡി.എഫിന് സ്വാധീനമുള്ള കുന്നുകുഴി വാര്‍ഡ് കഴിഞ്ഞ തവണയാണ് ഐ.പി.ബിനുവിലൂടെ സി.പി.എം. പിടിച്ചെടുത്തത്.

ഇവിടെ എ.ജി.ഒലീനയെ നേരിടാന്‍ മുന്‍ കൗണ്‍സിലര്‍ മേരി പുഷ്പത്തെ തന്നെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ എല്‍.ഡി.എഫില്‍ നിന്ന് ബി.ജെ.പി. പിടിച്ചെടുത്ത ചാല വാര്‍ഡിലാണ് സിമി മത്സരിക്കുന്നത്. ഇത്തവണ ഇത് പിടിച്ചെടുക്കാനാണ് എല്‍.ഡി.എഫിന്റെ തീവ്രശ്രമം. സി.പി.ഐ.യുടെ മുന്‍ കൗണ്‍സിലര്‍ ഉഷാ സതീഷ് ഇവിടെ തിരുവനന്തപുരം വികസന മുന്നേറ്റത്തിന്റെ ഭാഗമായി മത്സരിക്കുന്നുമുണ്ട്.

ബി.ജെ.പി.യുടെ കൗണ്‍സില്‍ കക്ഷി നേതാവായിരുന്ന എം.ആര്‍.ഗോപന്‍ പൊന്നുമംഗലത്ത് എല്‍.ഡി.എഫിന്റെ സിറ്റിങ് കൗണ്‍സിലറായ സഫീറാ ബീഗത്തോടാണ് ഏറ്റമുട്ടുന്നത്. ഇവിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷജീറും ഒപ്പത്തിനുണ്ട്.

യു.ഡി.എഫിന്റെ കൗണ്‍സില്‍ കക്ഷിനേതാവായ ഡി.അനില്‍കുമാര്‍ എല്‍.ഡി.എഫ്. ജയിച്ച കടകംപള്ളി വാര്‍ഡിലാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. മുന്‍ കൗണ്‍സിലര്‍ ഗോപകുമാറും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി.യുടെ ജയാ രാജീവുമാണ് എതിരാളികള്‍.

മറ്റൊരു യു.ഡി.എഫ്. നേതാവായ ജോണ്‍സണ്‍ ജോസഫ് നാലാഞ്ചിറയിലാണ് ഇത്തവണ പോരാടുന്നത്. മാണി കോണ്‍ഗ്രസിലെ ചെറിയാന്‍ തോമസും ബി.ജെ.പി.യിലെ ശോഭനനുമാണ് എതിരാളികള്‍.

മൂന്ന് തവണ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന പാളയം രാജന്‍ പാളയം വാര്‍ഡില്‍ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ സുധീര്‍രാജും ബി.ജെ.പി.യിലെ നിശാന്തുമാണ് എതിര്‍ പക്ഷത്ത്.

കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാടുന്ന വാര്‍ഡുകളുമുണ്ട്. നിലവിലെ കൗണ്‍സിലര്‍മാരായ ബി.ജെ.പി.യിലെ ഷീജ മധുവും സി.പി.എമ്മിലെ വിദ്യാ മോഹനും ജഗതി വാര്‍ഡിലെ സ്ഥാനാര്‍ഥികളാണ്. നീതു വിജയനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

ശാസ്തമംഗലത്ത് കൗണ്‍സിലര്‍മാരായ സി.പി.എമ്മിലെ ബിന്ദു ശ്രീകുമാറും ബി.ജെ.പി.യിലെ മധുസൂദനനുമാണുള്ളത്. ഇവിടെ മുന്‍ കൗണ്‍സിലറായ ശാസ്തമംഗലം ഗോപന്‍ കൂടി ചേര്‍ന്നതോടെ പ്രവചനങ്ങള്‍ അപ്രസക്തമായി. തിരുമലയില്‍ മത്സരിക്കുന്ന സി.പി.എമ്മിലെ ആര്‍.പി.ശിവജിയും ബി.ജെ.പി.യിലെ തിരുമല അനിലും നിലവിലെ കൗണ്‍സിലര്‍മാരാണ്.