തിരുവനന്തപുരം: തിങ്കളാഴ്ച ഒരു ദിവസം, വിജയമുറപ്പാക്കാനുള്ള അവസാനവട്ട തന്ത്രങ്ങളെല്ലാം മുന്നണികള്‍ പുറത്തെടുക്കും. തലസ്ഥാന നഗരത്തിന്റെ ഭരണം പിടിക്കുകയെന്നത് എല്‍.ഡി.എഫിനും എന്‍.ഡി.എ.യ്ക്കും യു.ഡി.എഫിനും ഒരുപോലെ അഭിമാനവിഷയമാണ്. കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെട്ടാല്‍ സി.പി.എമ്മിനുണ്ടാകുന്ന ക്ഷീണം ചെറുതല്ല. സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധമായി അതു വ്യാഖ്യാനിക്കപ്പെടും.

തലസ്ഥാന നഗരത്തിന്റെ ഭരണം പിടിക്കുമെന്നത് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിനു നല്‍കിയ പ്രധാന ഉറപ്പാണ്. വന്‍ പരാജയം നേരിടേണ്ടിവന്നാല്‍ അത് യു.ഡി.എഫിലും പ്രതിസന്ധി സൃഷ്ടിക്കും. അതുകൊണ്ടുതന്നെ പ്രചാരണത്തിന്റെ അവസാന നാളുകളില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്.

തലസ്ഥാന നഗരത്തില്‍ മൂന്നു മുന്നണികളും നേരിടുന്ന പ്രധാന വെല്ലുവിളി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കടക്കം പരിഗണിക്കുന്ന പ്രമുഖ സ്ഥാനാര്‍ഥികളുടെ വിജയമാണ്. അതിശക്തമായ ത്രികോണമത്സരം നടക്കുന്നതിനാല്‍ ജയപരാജയങ്ങള്‍ നേരിയ വോട്ടുവ്യത്യാസത്തിലാകും.

അപരന്മാരും ജാതിസമവാക്യങ്ങളും പ്രാദേശികവികസനവുമെല്ലാം വോട്ടുകളെ ബാധിക്കാം. വോട്ടുകള്‍ മാറിമറിയുകയും ചെയ്യാം. ഇതു മുന്‍കൂട്ടിക്കണ്ടാണ് തങ്ങളെ തോല്‍പ്പിക്കാന്‍ എതിര്‍മുന്നണികള്‍ സഖ്യത്തിലായെന്ന ആരോപണവുമായി മൂന്നു മുന്നണികളും രംഗത്തെത്തിയത്.

ഭൂരിപക്ഷം നേടുക എന്നതിനൊപ്പം മുതിര്‍ന്ന നേതാക്കളെ ജയിപ്പിച്ചെടുക്കുകയെന്നതും മുന്നണികളുടെ പ്രധാന വെല്ലുവിളിയാണ്.

2015ലെ തിരഞ്ഞെടുപ്പില്‍ മേയര്‍സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന സി.പി.എമ്മിന്റെ മൂന്നു നേതാക്കളും പരാജയപ്പെട്ടിരുന്നു. ബി.ജെപി.യുടെ മുതിര്‍ന്ന കൗണ്‍സിലറായ അശോക് കുമാറും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടിനു പരാജയപ്പെട്ടിരുന്നു. രണ്ടും മൂന്നും വോട്ടുകള്‍ക്ക് ബി.ജെ.പി. പരാജയപ്പെട്ട വേറെയും വാര്‍ഡുകളുമുണ്ട്. അതെല്ലാം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികള്‍.

സി.പി.എം. മേയര്‍സ്ഥാനത്തേക്കു പരിഗണിക്കുന്ന എസ്.പുഷ്പലത മത്സരിക്കുന്ന നെടുങ്കാടും എ.ജി.ഒലീന മത്സരിക്കുന്ന കുന്നുകുഴിയും പ്രവചനാതീതമാണ്. നെടുങ്കാട്ട് ബി.ജെ.പി.യുടെ കരമന അജിത്തും കുന്നുകുഴിയില്‍ യു.ഡി.എഫിന്റെ മേരി പുഷ്പവുമാണ് പ്രധാന എതിരാളികള്‍. മേയര്‍ കെ.ശ്രീകുമാര്‍ ബി.ജെ.പി.യുടെ സിറ്റിങ് വാര്‍ഡായ കരിക്കകത്ത് ബി.ജെ.പി.യുടെ ഡി.ജി.കുമാരനുമായാണ് ഏറ്റുമുട്ടുന്നത്.

സി.പി.ഐ.യുടെ രണ്ട് മുന്‍ ഡെപ്യൂട്ടി മേയര്‍മാരായ രാഖി രവികുമാര്‍ വഴുതയ്ക്കാട്ടും ഹാപ്പികുമാര്‍ പി.ടി.പി. നഗറിലുമാണ് ശക്തമായ മത്സരം നേരിടുന്നത്. വഴുതയ്ക്കാട് മുന്‍ കൗണ്‍സിലര്‍ യു.ഡി.എഫിന്റെ സുരേഷ് കുമാറും പി.ടി.പി. നഗറില്‍ ബി.ജെ.പി കൗണ്‍സില്‍ കക്ഷി നേതാവായിരുന്ന വി.ജി.ഗിരികുമാറുമാണ് ശക്തമായ പ്രതിരോധം തീര്‍ക്കുന്നത്.

ബി.ജെ.പി.യുടെ കൗണ്‍സില്‍ കക്ഷിനേതാവായിരുന്ന എം.ആര്‍.ഗോപന്‍ പൊന്നുമംഗലത്ത് ശക്തമായ മത്സരമാണ് നേരിടുന്നത്. സി.പി.എമ്മിന്റെ കൗണ്‍സിലറായിരുന്ന സഫീറ ബീഗവും കോണ്‍ഗ്രസിന്റെ ഷജീറുമാണ് ഇവിടെ വെല്ലുവിളി ഉയര്‍ത്തുന്നത്.

കൗണ്‍സിലര്‍മാരും പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളുമായ സി.പി.എമ്മിന്റെ ആര്‍.പി.ശിവജിയും ബി.ജെ.പി.യുടെ തിരുമല അനിലും ഏറ്റുമുട്ടുന്ന തിരുമലയും പ്രവചനാതീതമാണ്. ബി.ജെ.പി.യുടെ മേയര്‍സ്ഥാനാര്‍ഥികളായ സിമി ജ്യോതിഷ് ചാലയിലും ആര്‍.സി.ബീന അമ്പലത്തറയിലും ശക്തമായ വെല്ലുവിളി നേരിടുന്നുണ്ട്.

യു.ഡി.എഫിന്റെ മേയര്‍സ്ഥാനാര്‍ഥികളായി പരിഗണിക്കുന്ന വനജാ രാജേന്ദ്രബാബു മത്സരിക്കുന്ന മണ്ണന്തലയില്‍ കഴിഞ്ഞ തവണ ഇടത്‌വലത് മുന്നണികള്‍ക്ക് ഒരേ വോട്ടാണ് ലഭിച്ചത്. നറുക്കെടുപ്പിലൂടെയായിരുന്നു ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജയിച്ചത്. മേയര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നവരിലൊരാളായ യു.ഡി.എഫിന്റെ ഗായത്രി വി.നായരും എല്‍.ഡി.എഫിന്റെ വസന്തകുമാരിയും തമ്മില്‍ കാഞ്ഞിരംപാറയില്‍ കടുത്ത മത്സരമാണ്.

യു.ഡി.എഫ്. കൗണ്‍സില്‍ കക്ഷിനേതാവായിരുന്ന ഡി.അനില്‍കുമാറിന് കടകംപള്ളിയില്‍ ശക്തരായ രണ്ട് എതിരാളികളാണുള്ളത്. സി.പി.എമ്മിന്റെ ഗോപകുമാറും ബി.ജെ.പി.യുടെ ജയരാജീവുമാണ് ഇവിടെ മത്സരിക്കുന്നത്.