തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ പല വാര്‍ഡുകളിലും മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തി വിമതസ്ഥാനാര്‍ഥികള്‍ കളംനിറയുന്നു. ശക്തമായ ത്രികോണമത്സരമുള്ള വാര്‍ഡുകളില്‍ വിമതര്‍കൂടി പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമെത്തുമ്പോള്‍ ഫലം പ്രവചനാതീതമാകുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും എന്‍.ഡി.എ.ക്കും ഓരോസ്ഥലത്ത് മാത്രമാണ് വിമതശല്യമുള്ളത്. എന്നാല്‍, യു.ഡി.എഫ്. വിമതര്‍ ആറിടത്ത് മത്സരിക്കുന്നുണ്ട്. രണ്ട് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എല്‍.ഡി.എഫിന്റെ മുന്‍ കൗണ്‍സിലറും തിരുവനന്തപുരം വികസന മുന്നേറ്റത്തിന്റെ സ്ഥാനാര്‍ഥികളായും മത്സരിക്കുന്നുണ്ട്.

സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നല്ലപെരുമാളാണ് നെട്ടയം വാര്‍ഡില്‍ റിബലായി രംഗത്തെത്തിയിട്ടുള്ളത്. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. കൗണ്‍സിലറായിരുന്ന രാജിമോള്‍ക്ക് വീണ്ടും അവസരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു നല്ലപെരുമാള്‍ മത്സരത്തിനിറങ്ങിയത്. ശക്തമായ ചതുഷ്‌കോണ മത്സരമാണ് നെട്ടയം വാര്‍ഡില്‍ നടക്കുന്നത്. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ ബി.ജെ.പി. വിമതയായി സിന്ധു സതികുമാര്‍ മത്സരിക്കുന്നു. അവസാന നിമിഷം സീറ്റ് നല്‍കിയില്ലെന്നാരോപിച്ചാണ് സ്വതന്ത്രയായി മത്സരിക്കുന്നത്. ഈ രണ്ട് വര്‍ഡുകളും അതത് മുന്നണികളുടെ സിറ്റിങ് വാര്‍ഡുകളാണ്. ചാല വാര്‍ഡില്‍ മത്സരിക്കുന്ന ടി.വി.എമ്മിന്റെ സ്ഥാനാര്‍ഥി ഉഷ സതീഷ് എല്‍.ഡി.എഫിന്റെ മുന്‍ കൗണ്‍സിലറാണ്.

കാലടി, നന്തന്‍കോട്, തമ്പാനൂര്‍, ചെറുവയ്ക്കല്‍, ഹാര്‍ബര്‍, വിഴിഞ്ഞം എന്നീ വാര്‍ഡുളില്‍ യു.ഡി.എഫിന് വിമതരുണ്ട്. ഇതില്‍ ഭൂരിഭാഗം വാര്‍ഡുകളിലും യു.ഡി.എഫിന് വിജയസാധ്യതയുണ്ടായിരുന്നതാണ്. കിണവൂര്‍, വഴുതയ്ക്കാട് വാര്‍ഡുകളിലെ ടി.വി.എം. സ്ഥാനാര്‍ഥികള്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

കാലടിയില്‍ മൂന്ന് മുന്നണികളിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ കേരള കോണ്‍ഗ്രസ് (ജോസ്) വിഭാഗത്തിനുവേണ്ടി പിന്‍വലിച്ചതിന്റെ പ്രതിഷേധം എല്‍.ഡി.എഫില്‍ ഇതുവരെ ശമിച്ചിട്ടില്ല. എന്‍.ഡി.എ.യിലും സ്ഥാനാര്‍ഥിനിര്‍ണയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നു. എം.രാജപ്പന്‍ നായരാണ് ഇവിടെ വിമതനായി മത്സരിക്കുന്നത്.

നന്തന്‍കോട്ട് യു.ഡി.എഫ്. മുന്‍ കൗണ്‍സിലര്‍ ലീലാമ്മ ഐസക്കും തമ്പാനൂരില്‍ പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ്.എസ്.സുമയും ചെറുവയ്ക്കലില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന വിജയകുമാരിയും ഹാര്‍ബറില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം.നിസാമുദ്ദിനും വിഴിഞ്ഞത്ത് പ്രമീള രാജനും കോണ്‍ഗ്രസ് വിമതരായി മത്സരിക്കുന്നുണ്ട്.

ഇതിനുപുറമേ പത്തോളം വാര്‍ഡുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമതരായി രംഗത്തെത്തിയെങ്കിലും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഇവരുടെയെല്ലാം പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു. പട്ടത്ത് കോവിഡ് ബാധിച്ച സ്ഥാനാര്‍ഥിയെ മാറ്റിയതിനെ തുടര്‍ന്ന് അവസാന ഘട്ടത്തിലാണ് കോണ്‍ഗ്രസിലെ രാജീവ് കെ.എസ്. എത്തുന്നത്. ഇവിടെയും ചില തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും ഇതെല്ലാം പരിഹരിച്ച് പ്രചാരണം ശക്തമാക്കിയതായി നേതാക്കള്‍ പറയുന്നു.

വട്ടിയൂര്‍ക്കാവില്‍ മൂന്ന് സുരേഷ്

അപരന്‍മാരല്ലെങ്കിലും വഴുതയ്ക്കാട് വാര്‍ഡില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികളായി മൂന്ന് സുരേഷുമാര്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന് വേണ്ടി കെ.സുരേഷ് കുമാറും ബി.ജെ.പി.ക്ക് വേണ്ടി കെ.എം.സുരേഷും ടി.വി.എമ്മിന് വേണ്ടി സുരേഷ് ബാബു വി.എസുമാണ് മത്സരിക്കുന്നത്. ഇവിടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡെപ്യൂട്ടി മേയറായിരുന്ന രാഖി രവികുമാറാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സുരേഷ് കുമാറും മുന്‍ കൗണ്‍സിലറാണ്.