നെടുമങ്ങാട്: മലയോരത്തും ആദിവാസി, തോട്ടംമേഖലയിലും മത്സരത്തിനു വാശിയേറി. സാമുദായിക സമവാക്യങ്ങളും നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന ജില്ലാ ഡിവിഷനുകളാണ് നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലുള്ളത്. മേഖലയില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്നത് പാലോട്, കരകുളം, വെള്ളനാട്, വെഞ്ഞാറമൂട് ഡിവിഷനുകളിലാണ്.

പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അവസാന നിമിഷം പിന്‍വലിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഡിവിഷനാണ് വെഞ്ഞാറമൂട്. ഇവിടെ കോണ്‍ഗ്രസിനുവേണ്ടി പ്രവാസി കോണ്‍ഗ്രസ് നേതാവ് ദീപാ അനിലും ജനാധിപത്യമഹിളാ അസോസിയേഷന്‍ വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി കെ.ഷീലകുമാരിയും കലാലയ രാഷ്ട്രീയത്തിലൂടെ എ.ബി.വി.പി.യിലെത്തിയ അഞ്ജന കെ.എസുമാണ് ജനവിധി തേടുന്നത്. ഇടതിനും വലതിനും ഒരുപോലെ ഇടംനല്‍കുന്ന വെഞ്ഞാറമൂട് ഇക്കുറി ആരോടൊപ്പം നില്‍ക്കുമെന്ന് കണ്ടറിയണം.

നിലവില്‍ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ.മധുവിന്റെ തട്ടകമാണ് പാലോട് ഡിവിഷന്‍. എന്തുവിലകൊടുത്തും സീറ്റ് നിലനിര്‍ത്തേണ്ടത് എല്‍.ഡി.എഫിന്റെ ആവശ്യമാണ്. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തംഗവും യുവനേതാവുമായ റീജാഷെനിലാണ് വി.കെ.മധുവിന് പകരക്കാരിയായി എത്തിയത്. നാലുവട്ടം ഇടതിനൊപ്പം നിന്ന ഡിവിഷനെ 2000ല്‍ ആദ്യമായി കോണ്‍ഗ്രസിനു വെട്ടിപ്പിടിച്ചു നല്‍കിയ മുന്‍ ജില്ലാപ്പഞ്ചായത്തംഗം സോഫീതോമസാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. അഡ്വ. സംഗീതാരാജ് എന്‍.ഡി.എ.യ്ക്കുവേണ്ടി മത്സരിക്കുന്നു.

സഹകരണപ്രസ്ഥാനത്തിലെ കരുത്തരാണ് വെള്ളനാട് പടക്കളത്തിലുള്ളത്. നിലവിലെ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെയാണ് ഡിവിഷന്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. നിലനിര്‍ത്താനാകട്ടെ സഹകരണപ്രസ്ഥാനങ്ങളുടെ അമരക്കാരനായ ആര്‍.രാജ്‌മോഹനും ഇടതുപാളയത്തില്‍ നിന്നുണ്ട്. ബി.ജെ.പി.യുടെ യുവനേതാവായ മുളയറ രതീഷാണ് ഇരുവര്‍ക്കും വെല്ലുവിളിയായി വെള്ളനാട്ടുള്ളത്.

കാല്‍നൂറ്റാണ്ടായി നടക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതിനോടു മാത്രം കൂറുകാണിക്കുന്ന കരകുളം പഞ്ചായത്ത് ഉള്‍പ്പെടുന്ന കരകുളം ഡിവിഷനിലും കരുത്തന്മാരാണ് ഏറ്റുമുട്ടുന്നത്. അഭിഭാഷകനും സി.പി.എം. നേതാവുമായ കെ.വി. ശ്രീകാന്ത്, ഡി.സി.സി. സെക്രട്ടറിയും വെമ്പായം ഗ്രാമപ്പഞ്ചായത്ത് അംഗവുമായ തേക്കട അനില്‍, ബി.ജെ.പി. ദക്ഷിണമേഖലാ വൈസ് പ്രഡിഡന്റും കര്‍ഷകമോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയുമായ കല്ലയം വിജയകുമാര്‍ എന്നിവരാണ് കരകുളം പിടിക്കാന്‍ പോര്‍ക്കളത്തിലുള്ളത്. ശ്രീകാന്തിന് ഇത് കന്നിയങ്കമാണ്.

വനിതകളിലെ യുവശബ്ദമുയരുന്ന ജില്ലാ ഡിവിഷനാണ് ആനാട്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും യു.ഡി.എഫ്. ജയിച്ച ആനാട്ട്, ഇത്തവണ ആനാട് ജയനു പകരക്കാരിയായി എത്തുന്നത് മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാദിയയാണ്. എസ്.സുനിതയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി. കലാലയ രാഷ്ട്രീയത്തിലൂടെ ബി.ജെ.പി.യിലെത്തിയ മഹിളാമോര്‍ച്ച വാമനപുരം മണ്ഡലം സെക്രട്ടറി ബി.എസ്.അഖിലയാണ് എന്‍.ഡി.എ.യ്ക്കുവേണ്ടി ഇവിടെ മത്സരിക്കുന്നത്.

ആര്യനാട് ഡിവിഷന്‍ ഇക്കുറി പട്ടികജാതി വനിതാ സംവരണമാണ്. നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗം എ.മിനിയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി. സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായ നല്ലതമ്പിയുടെ കൊച്ചുമകള്‍ സിതാര രവീന്ദ്രനാണ് യു.ഡി.എഫ്. സാരഥി. യുവമോര്‍ച്ചാ നേതാവായ ഷൈനി രാജേന്ദ്രന്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു.

നിലനിര്‍ത്താന്‍ യു.ഡി.എഫും പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫും അട്ടിമറിക്കാന്‍ എന്‍.ഡി.എ.യും ലക്ഷ്യമിടുന്ന ഡിവിഷനാണ് പൂവച്ചല്‍. രണ്ട് അധ്യാപികമാരും ഒരു എഴുത്തുകാരിയുമാണ് ഇവിടെ ജനവിധി തേടുന്നത്. ജനപ്രതിനിധിയും അധ്യാപികയുമായ സൗമ്യ റോബിന്‍സണ്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായും ജി.രാധിക എല്‍.ഡി.എഫ്. സാരഥിയായും എഴുത്തുകാരിയും വി.എസ്.ഡി.പി. വനിതാവിഭാഗം ജില്ലാ ജനറല്‍സെക്രട്ടറിയുമായ സിനി നോബിള്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയുമായി പൂവച്ചലില്‍ മത്സരിക്കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യ്ക്ക് ഗണ്യമായി വോട്ടുവര്‍ധിച്ച ഡിവിഷനാണ് പൂവച്ചല്‍.

Content Highlights: Local Body Election 2020