Local Body Election 2020
പാപ്പനംകോട് വാര്‍ഡിലെ പാലാറയില്‍ എന്‍.ഡി.എ.
സ്ഥാനാര്‍ഥിക്കു വേണ്ടി പോസ്റ്റര്‍ പതിക്കുന്ന സ്ത്രീകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് അത്രത്തോളം സാമ്പത്തിക ബാധ്യത വരുത്താത്ത പ്രചാരണമായിരിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. നേരിട്ട് വോട്ടുചോദിക്കുന്നതിനും ഭവനസന്ദര്‍ശനത്തിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്ത്രങ്ങള്‍ മെനഞ്ഞു.

വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ഫ്‌ളെക്‌സ്, പോസ്റ്റര്‍ പോരാട്ടം വേണ്ടിവരുമെന്നും കരുതിയില്ല. എന്നാല്‍, കാര്യത്തോടടുത്തപ്പോള്‍ രീതികളെല്ലാം പഴയതുതന്നെ. കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ ചെലവേറിയ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇത്തവണത്തേത്.

സൈബര്‍ പോരാട്ടമായിരിക്കും ഇത്തവണയെന്നാണ് പ്രധാനമായും കരുതിയിരുന്നത്. അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാനായി ഫോട്ടോഷൂട്ടും വീഡിയോ റെക്കോഡിങ്ങുമൊക്കെ നടത്തി. ചെലവില്ലാതെ ഓരോയിടത്തും വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കി ഇവയൊക്കെ പ്രചരിപ്പിച്ചു. എന്നാല്‍ അതിലൊന്നും ജനങ്ങളെ ഇളക്കുന്ന ആവേശം സൃഷ്ടിക്കാനായില്ല. സൈബര്‍ പ്രചാരണത്തിനും ഇത്തവണ കൂടുതല്‍ തുക ചെലവഴിക്കേണ്ടിവന്നു എന്നത് വേറെ കാര്യം.

കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ ഡിസൈനിലുള്ള പോസ്റ്ററുകളും ഫഌ്‌സ് ബോര്‍ഡുകളുമാണ് ഇപ്പോള്‍ നിരത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. വോട്ടെടുപ്പ് അടുത്തതോടെ ഓരോ ദിവസവും വ്യത്യസ്ത ഡിസൈനിലുള്ള പുതിയ പോസ്റ്ററുകളും ഫഌ്‌സ് ബോര്‍ഡുകളും നിരക്കുകയാണ്. എതിരാളികള്‍ കൂടുതല്‍ ശക്തരാകുമ്പോള്‍ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ഒപ്പമെത്താന്‍ വലിയ തുക മുടക്കേണ്ടിവരും. ചിലയിടങ്ങളില്‍ വന്‍തുക മുടക്കി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ മുന്നിലെത്തുന്നുണ്ട്. ഇവരെ മറികടക്കാന്‍ വലിയ സാമ്പത്തികച്ചെലവാണ് മുന്നണി സ്ഥാനാര്‍ഥികള്‍ക്കുണ്ടായത്.

ചെറിയ ഇടവഴികളിലൊക്കെ പോസ്റ്റര്‍ യുദ്ധമാണ്. ആകര്‍ഷണീയത കൂടുതലുള്ള പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്നതിനും പ്രിന്റ് ചെയ്യുന്നതിനും കൂടുതല്‍ തുക മുടക്കേണ്ടിവരും. ചുവരെഴുതുമ്പോള്‍ സ്ഥാനാര്‍ഥിയുടെ ചിത്രവും മതിലില്‍ പതിപ്പിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിനും സാമ്പത്തിക ബാധ്യത കൂടുതലാണ്.

കൂടാതെ വോട്ടുപിടിക്കുന്നതിനും പഴയരീതി തന്നെയാണ് എല്ലാവരും പിന്‍തുടരുന്നത്. ആള്‍ക്കൂട്ടങ്ങളുമായി വോട്ട് പിടിക്കുമ്പോള്‍ അതിന്റെ ചെലവ് വേറെയാണ്. ത്രികോണ മത്സരമാണ് മിക്കയിടത്തും.

അവസാനദിവസങ്ങളില്‍ ഇവിടെയൊക്കെ നിരന്തരമായി സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ചെലവാണ് ഇതിനുവേണ്ടിവരുന്നത്.

വാഹനങ്ങളിലുള്ള അനൗണ്‍സ്‌മെന്റ് പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. അവസാനദിവസംവരെ പ്രചാരണത്തില്‍ മുന്നിലാണെന്ന് തെളിയിക്കാന്‍ വാഹനപ്രചാരണമുള്‍പ്പെടെയുള്ളവ ഇനി മുടങ്ങാതെ നിലനിര്‍ത്തണം. ഇതെല്ലാം കൂടുതല്‍ സാമ്പത്തിക ബാധ്യതയാണ് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും വരുത്തുന്നത്.

 ചെലവിനുമുണ്ട് നിയന്ത്രണം

പഞ്ചായത്തില്‍ 25,000, ബ്ലോക്കുകളിലും മൂനിസിപ്പാലിറ്റിയിലും 75,000 ജില്ലാപ്പഞ്ചായത്തിലും കോര്‍പ്പറേഷനിലും 1,50,000 രൂപ വീതമാണ് ഒരു സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ കഴിയുന്ന പണം. ഇതിനു മുകളില്‍ ചെലവഴിച്ചതായി കണ്ടെത്തിയാല്‍ സ്ഥാനാര്‍ഥിക്ക് പണിയാകും. എന്നാല്‍ ഈ തുകകൊണ്ട് പ്രചാരണത്തിന്റെ മുക്കുംമൂലയുംപോലും ശരിയാക്കാന്‍ കഴിയില്ല. ഗ്രാമപ്പഞ്ചായത്തുകളില്‍പ്പോലും ലക്ഷങ്ങള്‍ ചെലവാക്കിയവരുമുണ്ട്.

പലയിടത്തും വനിതാ സ്ഥാനാര്‍ഥികളെ നിര്‍ബന്ധിച്ച് മത്സരരംഗത്തിറക്കാന്‍ മുന്നണികള്‍ ശ്രമിച്ചിരുന്നു. ചെലവെല്ലാം പാര്‍ട്ടി നോക്കുമെന്നായിരുന്നു സ്ഥാനാര്‍ഥിയാക്കുമ്പോള്‍ വാഗ്ദാനം. എന്നാല്‍ എതിരാളി പ്രചാരണരംഗത്ത് തകര്‍ക്കുമ്പോള്‍ കണ്ടുനില്‍ക്കുന്നതെങ്ങനെ.

കടംവാങ്ങിയും കൂടെയെത്താന്‍ നാട്ടിന്‍പുറങ്ങളില്‍ സ്ഥാനാര്‍ഥികളായ സാധാരണക്കാരായ വീട്ടമ്മമാര്‍വരെ ശ്രമിക്കുകയാണ്.