തിരുവനന്തപുരം: രാജഭരണചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് നഗരത്തിന്റെ ഹൃദയഭാഗം ഉള്‍ക്കൊള്ളുന്ന വാര്‍ഡുകള്‍. ഇതിനൊപ്പം തീരദേശത്തെ എട്ട് വാര്‍ഡുകള്‍ കൂടിച്ചേരുമ്പോഴാണ് തിരുവനന്തപുരം നിയമസഭാമണ്ഡലമാകുന്നത്.

തീരദേശം ഒഴിച്ചുള്ള ഭാഗത്ത് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ സ്വാധീനമുണ്ട്. കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.യും ക്രമാനുഗതമായി വളര്‍ന്ന് രണ്ട് മുന്നണികള്‍ക്ക് ഒപ്പമെത്തുകയും ചെയ്തു.

സെക്രട്ടേറിയറ്റ്, കോട്ട, ചാല, തമ്പാനൂര്‍ റെയില്‍വേബസ് സ്‌റ്റേഷനുകള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന നഗരകേന്ദ്രീകൃത പ്രദേശത്തെ വാര്‍ഡുകളില്‍ ഇടതും വലതും മുന്നണികള്‍ മാറിമാറി ജയിക്കുകയാണ് പതിവ്. പ്രാദേശിക വിഷയങ്ങളും സ്ഥാനാര്‍ഥികളുടെ സ്വാധീനവുമെല്ലാം ഈ വാര്‍ഡുകളുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതാണ്. മൂന്നോ നാലോ വാര്‍ഡുകളില്‍ മാത്രമാണ് ഒരേ മുന്നണികള്‍ക്കു തുടര്‍ച്ചയായി വിജയം നേടാനായിട്ടുള്ളത്.

കിഴക്കേക്കോട്ടയ്ക്കു സമീപമുള്ള വാര്‍ഡുകളിലാണ് ബി.ജെ.പി. സ്വാധീനം ഉറപ്പിച്ചിട്ടുള്ളത്. 2010ല്‍ നേടിയ നാലു വാര്‍ഡുകള്‍ 2015ലും ഇവര്‍ക്ക് നിലനിര്‍ത്താനായി.

ആറ് വാര്‍ഡുകള്‍കൂടി പിടിച്ചെടുക്കാനുമായി. യു.ഡി.എഫിന് ഈ മേഖലയില്‍ 2015ല്‍ കടുത്ത തിരിച്ചടി നേരിടേണ്ടിവന്നു. എഴ് വാര്‍ഡില്‍നിന്ന് ഒന്നിലേക്ക് യു.ഡി.എഫ്. ചുരുങ്ങുകയാണുണ്ടായത്.

നിലവിലുണ്ടായിരുന്ന വാര്‍ഡുകളെല്ലാം നഷ്ടമായപ്പോള്‍ എല്‍.ഡി.എഫില്‍നിന്ന് പേട്ട പിടിച്ചെടുക്കുകയാണുണ്ടായത്. എണ്ണത്തില്‍ എല്‍.ഡി.എഫിന് ഒരു വാര്‍ഡ് അധികം ലഭിക്കുകയും ചെയ്തു. ഇത്തവണ പക്ഷേ, ഈ കണക്കുകളെല്ലാം മാറി മറിയാം. ശ്രദ്ധേയമായ മത്സരങ്ങള്‍ നടക്കുന്ന പത്തോളം വാര്‍ഡുകളാണ് ഈ മേഖലയിലുള്ളത്. പതിനഞ്ചോളം വാര്‍ഡുകളാണ് ഇവിടെനിന്ന് എല്‍.ഡി.എഫും എന്‍.ഡി.എ.യും പ്രതീക്ഷിക്കുന്നത്.

യു.ഡി.എഫ്. മുന്നേറ്റമുണ്ടാക്കി തിരിച്ചുവരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. നേമം, വട്ടിയൂര്‍ക്കാവ് എന്നിവപോലെ ബി.ജെ.പി.ക്കു വേരോട്ടമുണ്ടാക്കാനായ പ്രദേശമാണ് കിഴക്കേക്കോട്ടയും പരിസര വാര്‍ഡുകളും. 2015ല്‍ ഈ പ്രദേശത്തുനിന്നു കൂടുതല്‍ വാര്‍ഡുകള്‍ നേടിയതും ബി.ജെ.പി.യാണ്.

ശ്രദ്ധേയമായ മത്സരങ്ങള്‍

മൂന്ന് മുന്നണികളുടെയും ശ്രദ്ധേയരായ സ്ഥാനാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന വാര്‍ഡുകള്‍ തിരുവനന്തപുരം മേഖലയിലുണ്ട്. മുന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ വഞ്ചിയൂര്‍ ബാബുവിന്റെ മകള്‍ ഗായത്രി എസ്.നായര്‍ മത്സരിക്കുന്ന വഞ്ചിയൂരില്‍ മത്സരം ശക്തമാണ്. മുന്‍ കൗണ്‍സിലര്‍ പി.എസ്.സരോജമാണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ വഞ്ചിയൂര്‍ ബാബുവിനോട് മൂന്ന് വോട്ടിന് പരാജയപ്പെട്ട ബി.ജെ.പി. ജയലക്ഷ്മിയെയാണ് ഇത്തവണ രംഗത്തിറക്കിയിട്ടുള്ളത്. ഇവിടെ ജയപരാജയങ്ങള്‍ പ്രവചനാതീതമാണ്.

ഡെപ്യൂട്ടി മേയറായിരുന്ന രാഖി രവികുമാര്‍ ഇത്തവണയും വഴുതയ്ക്കാട് വാര്‍ഡില്‍ തന്നെയാണ് മത്സരിക്കുന്നത്. സി.പി.ഐ.യുടെ മറ്റൊരു ഡെപ്യൂട്ടി മേയറായിരുന്ന വഴുതയ്ക്കാട് നരേന്ദ്രനെ 2010ല്‍ പരാജയപ്പെടുത്തിയ യു.ഡി.എഫിന്റെ സുരേഷ് കുമാറാണ് എതിരാളി. ബി.ജെ.പി.യുടെ സുരേഷും മത്സരരംഗത്തുണ്ട്. ബി.ജെ.പി.യുടെ മുതിര്‍ന്ന കൗണ്‍സിലറായ പി.അശോക് കുമാര്‍ പാല്‍ക്കുളങ്ങരയിലാണ് മത്സരിക്കുന്നത്. മുന്‍ ബി.ജെ.പി. കൗണ്‍സിലറായ വിജയകുമാരി ഇടതുപക്ഷ സ്വതന്ത്രയായി മത്സരിക്കാനെത്തിയതോടെയാണ് വാര്‍ഡ് ശ്രദ്ധാകേന്ദ്രമായത്. പാല്‍ക്കുളങ്ങര ശംഭുവാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി.

നിലവിലെ കൗണ്‍സിലില്‍ അംഗമായിരുന്ന രണ്ട് വനിതകള്‍ ഏറ്റുമുട്ടുന്ന ജഗതിയും നഗരത്തിലെ കടുത്ത മത്സരം നടക്കുന്ന വാര്‍ഡുകളിലൊന്നാണ്. 2010 മുതല്‍ ബി.ജെ.പി. ജയിക്കുന്ന വാര്‍ഡില്‍ കഴിഞ്ഞ തവണത്തെ കൗണ്‍സിലിലെ 'ബേബി'യായിരുന്ന വിദ്യാ മോഹനെയാണ് സി.പി.എം. രംഗത്തിറക്കിയിരിക്കുന്നത്. രണ്ട് തവണ കൗണ്‍സിലറായിരുന്ന ഷീജ മധുതന്നെയാണ് ഇത്തവണയും ബി.ജെ.പി.യുടെ സ്ഥാനാര്‍ഥി.

ബി.ജെ.പി.യുടെ സിറ്റിങ് വാര്‍ഡുകളായ പെരുന്താന്നിയിലും കുര്യാത്തിയിലും തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. പെരുന്താന്നിയില്‍ യു.ഡി.എഫിലെ പദ്മകുമാറും എല്‍.ഡി.എഫിലെ പെരുന്താന്നി രാജുവും മുന്‍ കൗണ്‍സിലര്‍മാരും വാര്‍ഡില്‍ ചിരപരിചിതരുമാണ്. വാര്‍ഡ് നിലനിര്‍ത്താന്‍ ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത് രതീഷ് തമ്പിയെയാണ്. കുര്യാത്തിയിലും രണ്ട് മുന്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ തന്നെയാണ് പോരാട്ടം. ബി.ജെ.പി.യിലെ ബി.മോഹനന്‍ നായരും എല്‍.ഡി.എഫിനായി എല്‍.ജെ.ഡി.യിലെ കുര്യാത്തി ശശിയും. യുവാവായ ടി.ആര്‍.രാജേഷ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി എത്തിയതോടെ മത്സരം അതിശക്തമായി.

ബി.ജെ.പി. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ചാലയിലെ സ്ഥാനാര്‍ഥിയായ സിമി ജ്യോതിഷ് ശക്തമായ മത്സരമാണ് നേരിടുന്നത്. ഇവിടെ എല്‍.ഡി.എഫിലെ രാജലക്ഷ്മിയും യു.ഡി.എഫിലെ സിന്ധു പഴനിയും തിരുവനന്തപുരം വികസന മുന്നേറ്റത്തിലെ ഉഷ സതീഷും രംഗത്തുണ്ട്.

സി.പി.എമ്മിന്റെ ഉറച്ച കോട്ടകളിലൊന്നായ മുട്ടത്തറയില്‍ ഇത്തവണ ബി.ജെ.പി. ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ബി.ജെ.പി. അനില്‍ സംസ്‌കാരയെയും സി.പി.എം. മുന്‍ കൗണ്‍സിലര്‍ ബി.രാജേന്ദ്രനേയും യു.ഡി.എഫ്. മുന്‍ സി.പി.എം. നേതാവ് ബി.സോമനെയുമാണ് രംഗത്തിറക്കിയിട്ടുള്ളത്.

മൂന്ന് മുന്നണികളും സ്വതന്ത്രരെ രംഗത്തിറക്കി പോരാടുന്ന വാര്‍ഡാണ് ഫോര്‍ട്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടയ്ക്കകത്തെ പ്രദേശങ്ങളാണ് ഈ വാര്‍ഡില്‍ വരുന്നത്. ബി.ജെ.പി. സ്വതന്ത്രനാണ് കഴിഞ്ഞ തവണ ജയിച്ചത്. ഇവിടെ ബ്രാഹ്മണസഭ വനിതാ വിഭാഗം ജില്ലാ സെക്രട്ടറി എസ്.ജാനകി അമ്മാളിനെയാണ് ബി.ജെ.പി. സ്വതന്ത്രയായി രംഗത്തിറക്കിയിട്ടുള്ളത്.

ബ്രാഹ്മണസഭയുടെ വനിതാവിഭാഗം ജില്ലാ വൈസ് പ്രസിഡന്റായ എസ്.ഉദയലക്ഷ്മിയാണ് യു.ഡി.എഫ്. സ്വതന്ത്ര. 2010ല്‍ ഉദയലക്ഷ്മി ഫോര്‍ട്ടിലെ കൗണ്‍സിലറായിരുന്നു.

വാര്‍ഡ് തിരിച്ചുപിടിക്കാന്‍ 24കാരിയായ എസ്.ചിത്രയെയാണ് എല്‍.ഡി.എഫ്. സ്വതന്ത്രയായി രംഗത്തിറക്കിയിരിക്കുന്നത്. നിഷ്പക്ഷ വോട്ടുകള്‍ പിടിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളേക്കാള്‍ സ്വതന്ത്രരാണ് നല്ലതെന്ന് രാഷ്ട്രീയ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രരായിരുന്നു ഫോര്‍ട്ടില്‍ ജയിച്ചത്.