Local Body Election 2020
പ്രചാരണം കൊഴുപ്പിക്കാന്‍ ചുവരെഴുത്തുകള്‍ക്കും
ബോര്‍ഡുകള്‍ക്കും പുറമെ റോഡുകളില്‍ കട്ടൗട്ടുകളുമെത്തി.
വട്ടിയൂര്‍ക്കാവില്‍ നിന്നൊരു കാഴ്ച| ഫോട്ടോ: ബിജുവര്‍ഗീസ്

തിരുവനന്തപുരം: മൂന്ന് മുന്നണികള്‍ക്കും ശക്തമായ സ്വാധീന മേഖലകളുള്ള പ്രദേശമാണ് വട്ടിയൂര്‍ക്കാവ്. പാര്‍ലമെന്റ്, നിയമസഭ, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ മാറി മറിയുന്ന വോട്ടുകള്‍ ഇത് തെളിയിക്കുന്നു.

2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യോടൊപ്പവും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പവുമായിരുന്നു വട്ടിയൂര്‍ക്കാവ്. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പം നിന്നു.

എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വി.കെ.പ്രശാന്തിനെ ജയിപ്പിച്ചുകൊണ്ട് വട്ടിയൂര്‍ക്കാവിന്റെ മനസ്സ് എല്‍.ഡി.എഫിനൊപ്പമായി.

ഈ ചാഞ്ചല്യം തന്നെയാണ് ഇപ്പോഴത്തെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനേയും പ്രവചനാതീതമാക്കുന്നത്.

ഏതൊക്കെ വാര്‍ഡില്‍ ആരൊക്കെ ജയിക്കുമെന്ന് പറയാനാവില്ല. പല വാര്‍ഡുകളിലും അട്ടിമറി ജയങ്ങളുണ്ടാവാം. അടിതെറ്റി വീഴുന്നവരുമുണ്ടാകാം. അത് അറിയണമെങ്കില്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടിവരും. 24 കോര്‍പ്പറേഷന്‍ വാര്‍ഡുകളാണ് ഈ മേഖലയിലുള്ളത്.

നഗരമധ്യം വരെ നീണ്ടുകിടക്കുന്ന ഈ വാര്‍ഡുകളില്‍ പകുതിയോളം സ്ഥലത്ത് യു.ഡി.എഫിന് വ്യക്തമായ വോട്ടുബാങ്കുള്ളതാണ്. അതുപോലെ എല്‍.ഡി.എഫിന്റെ അടിത്തറയും ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ശക്തമാണ്.

നേമം കഴിഞ്ഞാല്‍ തലസ്ഥാന നഗരത്തില്‍ ബി.ജെ.പി.ക്ക് ഏറ്റവും പ്രതീക്ഷയുള്ള പ്രദേശമാണ് വട്ടിയൂര്‍ക്കാവ്.

കഴിഞ്ഞതവണ ഒന്നില്‍ നിന്ന് ഒമ്പത് വാര്‍ഡുകളിലേക്കായിരുന്നു ബി.ജെ.പി.യുടെ വളര്‍ച്ച. മൂന്ന് മുന്നണികളുടേയും ഈ കരുത്ത് ഇത്തവണത്തെ മത്സരത്തില്‍ കാണാം.

മത്സരം മൂര്‍ധന്യത്തിലെത്തിയതോടെ സ്ഥാനാര്‍ഥിയുടെ വമ്പന്‍ കട്ടൗട്ടുകളുയര്‍ത്തിയാണ് വട്ടിയൂര്‍ക്കാവില്‍ പരസ്പരമുള്ള വെല്ലുവിളികള്‍.

ആരു വീഴും ആരു വാഴും

സി.പി.എം. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ വട്ടിയൂര്‍ക്കാവ് മേഖലയില്‍ മത്സരത്തിനിറങ്ങുന്നുണ്ട്. കുന്നുകുഴി വാര്‍ഡില്‍ എ.ജി.ഒലീനയും പേരൂര്‍ക്കടയില്‍ ജമീലാ ശ്രീധരനും. യു.ഡി.എഫിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലൊന്നാണ് കുന്നുകുഴി. ഇവിടെ മുന്‍ കൗണ്‍സിലര്‍ മേരി പുഷ്പത്തെയാണ് യു.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയെക്കാള്‍ ശക്തനായ റിബലുണ്ടായിരുന്ന കഴിഞ്ഞ തവണ ഐ.പി.ബിനു 148 വോട്ടിനാണ് ജയിച്ചത്. ഇത്തവണ പക്ഷേ മത്സരം ഒപ്പത്തിനൊപ്പമാണ്. ഇടതുപക്ഷത്തെ പരമ്പരാഗത വാര്‍ഡുകളിലൊന്നായ പേരൂര്‍ക്കടയില്‍ മത്സരം ശക്തമാണെങ്കിലും വിജയ പ്രതീക്ഷയിലാണ് സി.പി.എം.

യു.ഡി.എഫിന് സ്വാധീനമുള്ള നന്തന്‍കോട്, കിണവൂര്‍, കേശവദാസപുരം വാര്‍ഡുകളില്‍ സ്വതന്ത്രരാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. കേശവദാസപുരത്തും കിണവൂരും തിരുവനന്തപുരം വികസന മുന്നേറ്റത്തിന്റെ സ്ഥാനാര്‍ഥികളും നന്തന്‍കോട്ട് മുന്‍ കൗണ്‍സിലറായ കോണ്‍ഗ്രസ് റിബലും പിടിക്കുന്ന വോട്ടുകളാണ് ജയപരാജയങ്ങളെ ബാധിക്കുക. മുന്‍ സി.പി.എം. നേതാവായ ഷീലാ രമണിയും മുന്‍ കൗണ്‍സിലര്‍മാരായ ത്രേസ്യാമ്മ തോമസും ജോര്‍ജ് ലൂയിസുമാണ് ഈ വാര്‍ഡുകളില്‍ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍. മുന്‍ കൗണ്‍സിലര്‍ ലീലാമ്മ ഐസക്കാണ് കോണ്‍ഗ്രസ് റിബല്‍. കഴിഞ്ഞ തവണയും റിബലുകളാണ് യു.ഡി.എഫിന് തിരിച്ചടിയുണ്ടാക്കിയത്.

ബി.ജെ.പി. നിലവിലെ കൗണ്‍സിലര്‍ രമ്യാ രമേഷിനെ ഇടതുപക്ഷത്തിന്റെ ഉറച്ച വാര്‍ഡുകളിലൊന്നായ മുട്ടടയിലാണ് മത്സരത്തിനിറക്കിയിട്ടുള്ളത്. ചെട്ടിവിളാകത്തും പാതിരപ്പള്ളിയിലും ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ ഭാര്യമാരായ മീനാ ദിനേശും ടി.കുമാരി അമ്മയും സ്ഥാനാര്‍ഥികളാണ്. ഈ വാര്‍ഡുകളില്‍ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് പ്രവചനാതീതമാണ്.

പ്രവചനാതീതം ഈ വാര്‍ഡുകള്‍

വട്ടിയൂര്‍ക്കാവ് പ്രദേശത്തെ കൗണ്‍സിലര്‍മാരടക്കമള്ള പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന പത്തോളം വാര്‍ഡുകളിലെ മത്സരം അക്ഷരാര്‍ഥത്തില്‍ പ്രവചനാതീതമാണ്. തീ പാറുന്ന ത്രികോണം എന്ന് പറയാവുന്ന വാര്‍ഡുകളാണ് പി.ടി.പി. നഗറും ശാസ്തമംഗലവും പാങ്ങോടും കാഞ്ഞിരംപാറയും. ജയസാധ്യത മൂന്ന് പേര്‍ക്കും ഒരുപോലെ. പി.ടി.പി.യില്‍ സി.പി.ഐ.യുടെ മുന്‍ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാറും ബി.ജെ.പി. കോര്‍പ്പറേഷന്‍ കക്ഷി നേതാവായിരുന്ന വി.ജി.ഗിരികുമാറുമാണ് ഏറ്റുമുട്ടുന്നത്. യുവനേതാവായ കോണ്‍ഗ്രസിന്റെ എം.ആര്‍.പ്രശസ്ത് കൂടി എത്തിയതാണ് മത്സരം കടുപ്പിച്ചത്. ശാസ്തമംഗലത്തിന്റെ മണ്ണിന് സുപരിചിതരാണ് ജനപ്രതിനിധികളായിരുന്ന മൂന്നുപേരും. സി.പി.എമ്മിന്റെ ബിന്ദു ശ്രീകുമാറും കോണ്‍ഗ്രസിന്റെ ശാസ്തമംഗലം ഗോപനും ബി.ജെ.പി.യില്‍നിന്ന് മധുസൂദനന്‍ നായരും ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്ക് വോട്ടു നല്‍കണം എന്ന പ്രതിസന്ധിയിലാണ് വാര്‍ഡ് നിവാസികള്‍പോലും.

പാങ്ങോട്ട് കഴിഞ്ഞ തവണ 48 വോട്ടിന് ബി.ജെ.പി. വീഴ്ത്തിയത് സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥികളിലൊരാളായ സി.ജയന്‍ബാബുവിനെയായിരുന്നു. ഇത്തവണ ഒരേ പ്രദേശത്തുള്ള മൂന്ന് വനിതകളാണ് മത്സരിക്കുന്നത്. കാഞ്ഞിരംപാറയില്‍ 2010ല്‍ സ്വതന്ത്രയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ഗായത്രി കോണ്‍ഗ്രസിനും, അന്ന് വിജയിച്ച വസന്തകുമാരി സി.പി.എമ്മിന് വേണ്ടിയും രംഗത്തുണ്ട്. സുമി ബാലുവാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. മൂന്ന് പേരും ഒപ്പത്തിനൊപ്പമാണ് പൊരുതുന്നത്.

നെട്ടയത്ത് ശക്തനായ ഇടത് റിബലിന്റെ സാന്നിധ്യം ചതുഷ്‌കോണ മത്സരത്തിനാണ് വഴിവച്ചിട്ടുള്ളത്. ഇതോടെ ഇവിടെയും വോട്ടുകള്‍ മാറിമറിയും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും എല്‍.ഡി.എഫ്. പിടിച്ചെടുത്ത വാഴോട്ടുകോണത്ത് കൗണ്‍സിലറായിരുന്ന റാണി വിക്രമനെ തന്നെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ബി.ജെ.പി. യുവരക്തമായ ദേവി കാര്‍ത്തികയെ രംഗത്തിറക്കിയതോടെ മത്സരം ശക്തമായി.

കഴിഞ്ഞതവണ ബി.ജെ.പി. പിടിച്ചെടുത്ത വട്ടിയൂര്‍ക്കാവ്, പാതിരപ്പള്ളി, വലിയവിള വാര്‍ഡുകള്‍ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. എന്നാല്‍ ശക്തരായ സ്ഥനാര്‍ഥികളെ രംഗത്തിറക്കി വാര്‍ഡ് നിലനിര്‍ത്താന്‍ ബി.ജെ.പി.യും കടുത്ത പോരാട്ടത്തിലാണ്.