തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വനിതാ മേയര്‍ക്ക് കരുത്തേകാന്‍ സംവരണ മണ്ഡലങ്ങള്‍ക്കു പുറമേ ജനറല്‍ വാര്‍ഡുകളിലും മുന്നണികള്‍ വനിതാ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയാണ്. നിലവിലെ കൗണ്‍സിലര്‍മാരും സ്ഥിരംസമിതി അധ്യക്ഷമാരും അടക്കമുള്ളവരാണ് ജനറല്‍ വാര്‍ഡുകളിലും മത്സരത്തിനുള്ളത്. എല്‍.ഡി.എഫും എന്‍.ഡി.എ.യുമാണ് ഏറ്റവും കുടുതല്‍ വനിതാ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടുള്ളത്. 57 പേരെ വീതമാണ് ഇരുമുന്നണികളും രംഗത്തിറക്കിയിട്ടുള്ളത്. നഗരത്തിലെ 100 വാര്‍ഡില്‍ 50 എണ്ണം വനിതാസംവരണമാണ്.

എല്‍.ഡി.എഫിന്റെ 57 വനിതകളില്‍ ജനറല്‍ വാര്‍ഡില്‍ മത്സരിക്കുന്ന ഏഴ് പേരും സിറ്റിങ് കൗണ്‍സിലര്‍മാരാണ്. സി.പി.എം. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മഹിളാ അസോസിയേഷന്‍ നേതാവ് എസ്.പുഷ്പലത നെടുങ്കാട് വാര്‍ഡില്‍ തന്നെയാണ് മത്സരിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിനെ വഴുതയ്ക്കാട് വാര്‍ഡില്‍ തന്നെ സി.പി.ഐ. രംഗത്തിറക്കി. മുന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ ഷാജിത നാസര്‍, കൗണ്‍സിലര്‍മാരായ ബിന്ദു ശ്രീകുമാര്‍, രാജിമോള്‍ എന്നിവര്‍ നിലവിലെ വാര്‍ഡുകളില്‍ തന്നെ ജനവിധി തേടുകയാണ്. കഴിഞ്ഞ കൗണ്‍സിലിന്റെ അവസാന കാലത്ത് ബി.ജെ.പി. വിട്ടുവന്ന എസ്.വിജയകുമാരി എല്‍.ഡി.എഫ്. പിന്തുണയോടെ പാല്‍ക്കുളങ്ങരയിലും മത്സരിക്കുന്നുണ്ട്.

ബി.ജെ.പി.യിലെ നാല് സിറ്റിങ് കൗണ്‍സിലര്‍മാരാണ് ജനറല്‍ വാര്‍ഡുകളില്‍ മത്സരിക്കുന്നത്.

ആര്‍.സി.ബീന അമ്പലത്തറയിലും ലക്ഷ്മി തൈക്കാടും രമ്യ രമേശ് മുട്ടടയിലും മത്സരിക്കുന്നു. മുട്ടട പട്ടികജാതി സംവരണ വാര്‍ഡാണ്. ശ്രീവരാഹം കൗണ്‍സിലറായിരുന്ന മിനി ആര്‍. ഇതേ വാര്‍ഡില്‍ തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥികളായിരുന്ന ആതിരയെ കളിപ്പാന്‍കുളത്തും ജയ രാജീവിനെ കടകംപള്ളിയിലും മത്സരിപ്പിക്കുന്നു. ബീമാപള്ളി ഈസ്റ്റില്‍ ഐവിയും മത്സരിക്കുന്നു.

യു.ഡി.എഫ്. മൂന്ന് വനിതകളെയാണ് ജനറല്‍ വാര്‍ഡില്‍ മത്സരിപ്പിക്കുന്നത്. മുസ്‌ലിം ലീഗിന്റെ കൗണ്‍സിലറായിരുന്ന സജീന ബിമാപള്ളി ഈസ്റ്റില്‍ തന്നെയാണ് രണ്ടാംവട്ടവും മത്സരിക്കുന്നത്. ഇവിടെ എന്‍.ഡി.എ.യും വനിതാ സ്ഥാനാര്‍ഥിയെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ശ്രീകണ്‌ഠേശ്വരത്ത് സോയാ രാജേന്ദ്രനും തമ്പാനൂരില്‍ അനിതയുമാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍.

വനിതാ സ്ഥാനാര്‍ഥികള്‍

എല്‍.ഡി.എഫ്. 57

എന്‍.ഡി.എ. 57

യു.ഡി.എഫ്. 53