കിളിമാനൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ അടുത്തടുത്ത വാര്‍ഡുകളില്‍ കന്നിയങ്കത്തിനൊരുങ്ങി അമ്മയും മകളും. നഗരൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 15ാം വാര്‍ഡായ ഈഞ്ചമൂലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉഷയും മകള്‍ 16ാം വാര്‍ഡായ വെള്ളല്ലൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അര്‍ച്ചന സഞ്ജുവുമാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്.
കുടുംബശ്രീയിലെ പ്രവര്‍ത്തനമാണ് ഇരുവരെയും തിരഞ്ഞെടുപ്പുഗോദയിലെത്തിച്ചത്. ഇരു വാര്‍ഡുകളിലെയും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലക്കാര്‍ രണ്ടുപേരെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനമെടുത്തു. ഇതിനു ശേഷമാണ് രണ്ടുപേരും മത്സരിക്കുന്ന വിവരം പരസ്പരമറിഞ്ഞത്. വട്ടവീട്ടില്‍ സഞ്ജുവിന്റെ ഭാര്യയായാണ് അര്‍ച്ചന വെള്ളല്ലൂര്‍ വാര്‍ഡിലെ താമസക്കാരിയായത്. അംഗമായ അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറിയും തയ്യല്‍ത്തൊഴിലാളിയുമാണ് അര്‍ച്ചന.
അമ്മ ഉഷ വാര്‍ഡുതല എ.ഡി.എസ്. പ്രസിഡന്റ്, തൊഴിലുറപ്പുപദ്ധതിയുടെ കണ്‍വീനര്‍ എന്നീ നിലകളില്‍ പൊതുപ്രവര്‍ത്തനരംഗത്ത് പരിചിതയാണ്.