തിരുവനന്തപുരം: ഒരിക്കലും മാറാത്ത വികസനമുദ്രാവാക്യങ്ങള്‍തന്നെയാണ് ഇക്കുറിയും തദ്ദേശതിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. നാടിന്റെ സമഗ്രവികസനമെന്ന ഒറ്റവാക്യമാണ് എല്ലാവര്‍ക്കും മുന്നോട്ടുവയ്ക്കാനുള്ളത്. എല്ലാക്കാലത്തും തദ്ദേശതിരഞ്ഞെടുപ്പിലെ പൊതുവിഷയമായ അടിസ്ഥാനവികസനമെന്ന പതിവു പല്ലവി ഇക്കുറിയും കേള്‍ക്കുന്നുണ്ട്.

ഇതിനു പുറമേയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ മുന്നണികളും തയ്യാറാകുന്നില്ല. രാഷ്ട്രീയചര്‍ച്ചകളില്‍ കോവിഡ് മാത്രമാണ് ഇത്തവണത്തെ പുതിയ വിഷയം. കോവിഡ്കാലത്തും തിരഞ്ഞെടുപ്പുപ്രചാരണ മുദ്രാവാക്യങ്ങള്‍ മാറ്റിപ്പിടിക്കാന്‍ സ്ഥാനാര്‍ഥികള്‍ തയ്യാറാകുന്നില്ല.

പ്രാദേശികമായ വികസനപ്രശ്‌നങ്ങള്‍ പോലും സജീവമാക്കാതെ ദേശീയ, സംസ്ഥാന രാഷ്ട്രീയമാണ് ഗ്രാമപ്പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളുടെ അഭ്യര്‍ഥനകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ പ്രചാരണം. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ പോസ്റ്ററുകളും സ്ഥാപിച്ച് ഇക്കാര്യം മുഖ്യപ്രചാരണവിഷയമാക്കുന്നുണ്ട് ഇടതുപക്ഷം.

കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് എന്‍.ഡി.എ.യുടെ പ്രധാന പ്രചാരണവിഷയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയിലും ഫ്‌ളക്‌സ് ബോര്‍ഡിലും നിര്‍ബന്ധമായും സ്ഥാനംപിടിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങളും എന്‍.ഡി.എ. മുന്നണി തിരഞ്ഞെടുപ്പില്‍ ആയുധമാക്കുന്നുണ്ട്.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കോട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ്. വോട്ടുതേടുന്നത്. സമീപകാലത്തെ വിവാദവിഷയങ്ങളും ഇവരുടെ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ചിട്ടുണ്ട്. സൈബര്‍ ഇടങ്ങളില്‍പ്പോലും ഇത്തരത്തിലുള്ള പ്രചാരണവിഷയങ്ങള്‍ക്കാണ് മുന്‍ഗണന.

ഇത്തരത്തിലുള്ള പ്രചാരണത്തിനിടയില്‍ പ്രാദേശിക വികസനവിഷയങ്ങള്‍ പലയിടത്തും ചര്‍ച്ചയാകാതെ പോകുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാഗ്ദാനംചെയ്തതും നിരവധിത്തവണ തദ്ദേശസ്ഥാപനങ്ങളുടെ ബജറ്റില്‍ ഇടംപിടിച്ചതുമായ പദ്ധതികള്‍പോലും സജീവചര്‍ച്ചയാകാതെ പോവുകയാണ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍.

കാലങ്ങളായി കേട്ടുമടുത്ത റോഡ്, കുടിവെള്ളം, വൈദ്യുതി, വീട് തുടങ്ങിയവയൊക്കെയാണ് ഇപ്പോഴും പ്രാദേശികതലത്തിലെ മറ്റൊരു ചര്‍ച്ചാവിഷയം. അതത് നാടുകളിലെ പ്രദേശിക വികസന സങ്കല്‍പ്പങ്ങള്‍ പങ്കുവയ്‌ക്കേണ്ട ഇടമാണ് തദ്ദേശതിരഞ്ഞെടുപ്പുകള്‍. എന്നാല്‍, ഇത്തവണയും പഴഞ്ചന്‍ മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളുംതന്നെയാണ് രാഷ്ട്രീയകക്ഷികള്‍ പൊടിതട്ടിയെടുത്തിരിക്കുന്നത്.

: എന്നാല്‍, ചിലയിടങ്ങളില്‍ ജനകീയസമരങ്ങളുടെ മുദ്രാവാക്യങ്ങളും വികസന അജന്‍ഡകളും രാഷ്ട്രീയകക്ഷികളുടേതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നുണ്ട്. നെയ്യാറ്റിന്‍കര നഗരസഭയിലും വര്‍ക്കല നഗരസഭയിലും വൈദ്യുതിശ്മശാനമെന്ന ആവശ്യം തിരഞ്ഞെടുപ്പുകാലത്തും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

നെയ്യാറ്റിന്‍കരയില്‍ ഇതുമായി ബന്ധപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷനുകളുടെ സംഘടന ദീര്‍ഘകാലം സമരം നടത്തിയിരുന്നു. അതാണ് ഇപ്പോള്‍ ചില മുന്നണികളെങ്കിലും ഉയര്‍ത്തിപ്പിടിക്കുന്നത്.

പെരിങ്ങമ്മല പഞ്ചായത്തില്‍ രണ്ടു മാലിന്യസംസ്‌കരണ പദ്ധിതികള്‍ മുന്‍പ് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ജനകീയ സമരസമിതിയാണ് ഈ രണ്ടു പദ്ധതികളെയും എതിര്‍ത്ത് മുന്നോട്ടുവന്നത്. പ്രാദേശിക എതിര്‍പ്പ് കാരണം സര്‍ക്കാര്‍ പിന്നീട് ഇതില്‍നിന്നു പിന്നോട്ടുപോയി. എന്നാല്‍, ഇതില്‍ ജില്ലാ കൃഷിത്തോട്ടത്തില്‍ നടപ്പാക്കാനിരുന്ന പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോള്‍ അവിടെ സജീവമായ തിരഞ്ഞെടുപ്പുവിഷയമാണ്. നാട്ടിന്‍പുറങ്ങളില്‍ തുറസ്സായ കളിസ്ഥലങ്ങള്‍ അപ്രത്യക്ഷമാകുന്നത് പലയിടത്തും യുവജനങ്ങളുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഇതും പക്ഷേ, തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാകുന്നില്ല.

മലയോരമേഖലകളില്‍ എന്നത്തേയുംപോലെ പട്ടയവിഷയം ഇപ്പോഴും കേള്‍ക്കാം. യുവജനങ്ങളുടെ തൊഴില്‍, ഉപരിപഠനം, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവ ഒരു മുന്നണിയും പ്രധാനചര്‍ച്ചകളില്‍ കൊണ്ടുവരുന്നില്ല.

വിമാനത്താവളം: എതിര്‍ത്തും അനുകൂലിച്ചും

: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചര്‍ച്ചയാകുന്ന പ്രധാന വിഷയങ്ങളിലൊന്ന് വിമാനത്താവള സ്വകാര്യവല്‍ക്കരണം. എല്‍.ഡി.എഫും യു.ഡി.എഫും വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുമ്പോള്‍ ബി.ജെ.പി. സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നുണ്ട്. തിരുവനന്തപുരം വികസന മുന്നേറ്റമെന്ന ജനകീയകൂട്ടായ്മയും വിമാനത്താവള സ്വകാര്യവല്‍ക്കരണമുള്‍പ്പെടെയുള്ള വികസനപദ്ധതികളെ അനുകൂലിച്ചാണ് മത്സരരംഗത്തുള്ളത്.