തിരുവനന്തപുരം: വോട്ടുകളത്തില്‍ നേരിടേണ്ട എതിരാളികളാരെന്ന് ഉറപ്പിച്ചതോടെ കോവിഡിന്റെ പരിമിതികളെ നേതാക്കളുടെ സാന്നിധ്യംകൊണ്ട് മറികടക്കാന്‍ മുന്നണികള്‍. പൊതുയോഗങ്ങളില്ലാത്തതിനാല്‍ ചെറുഗ്രൂപ്പുകള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തനം. ഓരോ വോട്ടറിലും സ്വാധീനം ചെലുത്താനാകണമെന്നാണ് നിര്‍ദേശം. ഇതിനുള്ള പ്രവര്‍ത്തനം വിലയിരുത്തുകയാണ് നേതാക്കളുടെ ദൗത്യം.

ചുമതലകള്‍ നല്‍കി എല്‍.ഡി.എഫ്.

വാര്‍ഡുതലത്തില്‍ പ്രവര്‍ത്തനവും ജില്ലാതലത്തില്‍ ഏകോപനവും സംസ്ഥാനത്ത് ആസൂത്രണവുമാണ് എല്‍.ഡി.എഫിന്റെ രീതി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് ഓരോ ജില്ലയുടെയും ചുമതല നല്‍കി. ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് ഏരിയാതലത്തില്‍ മേല്‍നോട്ടം. എല്‍.ഡി.എഫ്. നേതാക്കള്‍ക്കും ജില്ലകളുടെ ചുമതലയുണ്ട്. വിവാദങ്ങള്‍ക്കുള്ള വിശദീകരണം പ്രവര്‍ത്തകരിലെത്തിക്കാനുള്ള ദൗത്യവും നേതാക്കള്‍ക്കുണ്ട്.

വാര്‍ഡുതലത്തിലുള്ള സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടുതേടണമെന്നാണ് നിര്‍ദേശം. ഇതിനുള്ള ക്രമീകരണം ഒരുക്കേണ്ടത് ബൂത്തുകമ്മിറ്റികളാണ്. ഡിസംബര്‍ ആദ്യവാരത്തോടെ മാത്രമേ പര്യടനപരിപാടികള്‍ തുടങ്ങൂ. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പരിപാടികള്‍ എങ്ങനെയാവണമെന്ന് തീരുമാനിച്ചിട്ടില്ല.

നേതൃപര്യടനം തുടങ്ങി യു.ഡി.എഫ്.

അഴിമതിയെ ആയുധമാക്കി മുന്നേറാനാണ് യു.ഡി.എഫ്. തീരുമാനം. അഴിമതിക്കെതിരേ വോട്ടെന്ന തിരഞ്ഞെടുപ്പുമുദ്രാവാക്യം പ്രഖ്യാപിച്ചതും അതുകൊണ്ടാണ്. അതിന് ഊര്‍ജംപകരാനുള്ള ദൗത്യമേറ്റെടുത്തത് പ്രതിപക്ഷനേതാവാണ്. അതിനൊപ്പം, ഓരോ ജില്ലയിലും നേതാക്കളുടെ പര്യടനം നേരത്തേ തുടങ്ങാനും യു.ഡി.എഫിന് കഴിഞ്ഞു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഓരോദിവസവും ഓരോ ജില്ലയിലായി കുടുംബയോഗങ്ങളിലും പ്രവര്‍ത്തക കണ്‍വെന്‍ഷനുകളിലും പങ്കെടുക്കുന്നുണ്ട്. യു.ഡി.എഫ്. നേതാക്കള്‍ക്ക് നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് ചുമതല. കെ.പി.സി.സി.സെക്രട്ടറിമാര്‍ക്ക് ജില്ലയിലും ഡി.സി.സി. ഭാരവാഹികള്‍ക്ക് തദ്ദേശസ്ഥാപനാടിസ്ഥാനത്തിലും ചുമതലയുണ്ട്. വിമതശല്യം തീര്‍ക്കാനുള്ള 'ടാസ്‌ക്' ഏറ്റെടുത്തും നേതാക്കള്‍ രംഗത്തുണ്ട്.

കുറിതൊട്ട് പിടിക്കാന്‍ എന്‍.ഡി.എ.

അംഗബലം തെളിയിക്കാനുള്ള ആയുധത്തിനാണ് എന്‍.ഡി.എ.യുടെയും പ്രത്യേകിച്ച് ബി.ജെ.പി.യുടെ കോപ്പുകൂട്ടല്‍. കൈയിലുള്ളത് നിലനിര്‍ത്തുന്നതിനൊപ്പം പരമാവധി വാര്‍ഡുകള്‍ പിടിച്ചെടുക്കണം. സാധ്യതയുള്ളവയുടെ പട്ടിക തയ്യാറാക്കി. ആ വാര്‍ഡുകളും ഭരണസമിതികളും 'കുറിതൊട്ടു'വെച്ചാണ് നേതാക്കള്‍ക്ക് ചുമതല വീതിച്ചത്. മത്സരിക്കാന്‍ സംസ്ഥാന നേതാക്കളെ ഇറക്കിയതും ഇതിനുവേണ്ടിയാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എല്ലാജില്ലയിലും യോഗത്തിനെത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കുകയെന്നതാണ് പ്രഥമലക്ഷ്യം. ഇതിനുവേണ്ടി മുന്‍ സംസ്ഥാനപ്രസിഡന്റുമാരും മറ്റ് പ്രധാനനേതാക്കളും തലസ്ഥാനത്ത് കേന്ദ്രീകരിക്കും.

Content Highlights: Local Body Election 2020