തിരുവനന്തപുരം: കോവിഡ് മഹാമാരിയേയും കനത്ത ചൂടിനേയും മറികടന്ന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രചാരണച്ചൂട് കുതിച്ചുയരുന്നു. മൂന്നു മുന്നണികള്‍ക്കുമൊപ്പം സ്വതന്ത്രരും വിമതരും ചെറിയ പാര്‍ട്ടിക്കാരും പ്രചാരണം ശക്തമാക്കി. സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്നും അവരുടെ ചിഹ്നങ്ങള്‍ ഏതാണെന്നുമുള്ള ഔദ്യോഗികപട്ടികയും പുറത്തുവന്നു. ചിഹ്നം അനുവദിച്ചതോടെ സ്വതന്ത്രരും ഫ്‌ളക്‌സ്, ചുമരെഴുത്ത് എന്നിവ സജീവമാക്കി.

ജില്ലാപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്തുകള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെല്ലാം സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ ഒരു പ്രാവശ്യം നേരിട്ടു കണ്ടുകഴിഞ്ഞു. രണ്ടാംവട്ട ഗൃഹസമ്പര്‍ക്കം പുരോഗമിക്കുകയാണ്. പരമാവധിപ്പേരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കുകയെന്ന തന്ത്രംതന്നെയാണ് എല്ലാവരും സ്വീകരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെയും ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന അത്രയും നല്ലൊരു പ്രചാരണമില്ലെന്ന് സ്ഥാനാര്‍ഥികള്‍ ഒരുപോലെ പറയുന്നു. ജനങ്ങളോടൊപ്പം ഉണ്ടെന്ന് തെളിയിക്കാന്‍ നേരിട്ട് സമ്മതിദായകരെ ഒരുവട്ടമെങ്കിലും കാണണമെന്നത് തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രധാനമാണെന്നാണവരുടെ പക്ഷം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഗൃഹസന്ദര്‍ശനം. നേരിട്ടു കാണാന്‍ സാധിക്കാത്തവരെ ഫോണില്‍ വിളിച്ചെങ്കിലും വോട്ടുറപ്പിക്കാനും സ്ഥാനാര്‍ഥികള്‍ ശ്രമിക്കുന്നുണ്ട്.

കുടുംബയോഗങ്ങളിലേക്ക്...

പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ എല്ലാവരും ആദ്യവട്ട ഗൃഹസമ്പര്‍ക്കം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രണ്ടാംവട്ടം ഗൃഹസമ്പര്‍ക്കം ആരംഭിക്കുകയും ചെയ്തു. രാവിലെ ആറര മുതല്‍ 11 വരെയാണ് രാവിലത്തെ പ്രചാരണം. ഇതിനുശേഷം വോട്ടര്‍മാരെ ഫോണില്‍ വിളിച്ചും പ്രദേശത്തെ പ്രധാന ആളുകളെ നേരില്‍ക്കണ്ടും വോട്ടര്‍ഭ്യര്‍ഥിക്കുകയാണ് പതിവ്. ആദ്യഘട്ട ഗൃഹസന്ദര്‍ശനത്തോടൊപ്പംതന്നെ വാര്‍ഡ് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി. വരുംദിവസങ്ങളില്‍ കുടുംബയോഗങ്ങള്‍ ആരംഭിക്കും. കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ചിലയിടത്ത് വാഹന അനൗണ്‍സ്‌മെന്റ് തുടങ്ങിക്കഴിഞ്ഞു.

കുടുംബയോഗങ്ങള്‍കൂടി പൂര്‍ത്തിയാക്കിയ ശേഷം വാഹന അനൗണ്‍സ്‌മെന്റ് ഇനിയും ശക്തമാകും. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മുഴുവന്‍ വാര്‍ഡുകളിലും പോയി നേരിട്ടു വോട്ടഭ്യര്‍ഥിക്കുകയെന്നത് കോവിഡ് കാലത്ത് അപ്രായോഗികമാണെന്ന് സ്ഥാനാര്‍ഥികള്‍ പറയുന്നു. അതിനാല്‍, സാമൂഹികമാധ്യമങ്ങളും അനൗണ്‍സ്‌മെന്റ് വാഹനങ്ങളും തന്നെ ഇവര്‍ക്ക് ആശ്രയം.