നേമം: ആര്‍ട്ടിസ്റ്റായ അമ്മാവനെ പണ്ട് തിരഞ്ഞെടുപ്പുകാലത്ത് ചുവരെഴുത്തില്‍ സഹായിക്കാന്‍ പോയത് ഗുണമായെന്ന് സ്ഥാനാര്‍ഥി. കല്ലിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഊക്കോട് വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ഥി എം.വിനുകുമാറാണ് അമ്മാവന്‍ പഠിപ്പിച്ച പാഠങ്ങളുമായി പ്രചാരണത്തിനിടയിലും സ്വന്തമായി ചുവരെഴുതുന്നത്.

സ്വന്തം വാര്‍ഡില്‍ മാത്രമല്ല, മറ്റു വാര്‍ഡുകളില്‍ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയും ചിഹ്നം വരയ്ക്കാനും ചുവരെഴുത്തിനും വിനുകുമാര്‍ തയ്യാറാണ്. മിനിട്ടുകള്‍കൊണ്ടു തന്നെ ചിഹ്നം വരയ്ക്കുന്നതില്‍ കേമനാണ് വിനുകുമാറെന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ പറയുന്നു. ഈ കഴിവു ലഭിച്ചത് ഫൈനാര്‍ട്‌സ് കോളേജില്‍ പഠിച്ച, അമ്മയുടെ സഹോദരന്‍ എന്‍.ഭുവനചന്ദ്രനോടൊപ്പം തൊണ്ണൂറ്റിയഞ്ച് കാലഘട്ടം മുതല്‍ തിരഞ്ഞെടുപ്പുകളില്‍ ചുവരെഴുതാന്‍ പോയപ്പോഴാണെന്ന് വിനുകുമാര്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമം ബ്ലോക്ക് പഞ്ചായത്തില്‍ പ്രാവച്ചമ്പലം ഡിവിഷനില്‍നിന്നു മത്സരിച്ച് വിനുകുമാര്‍ ജയിച്ചിരുന്നു. അന്നും വിനുകുമാര്‍തന്നെയാണ് ചുവരെഴുതിയത്. പണ്ട് വിവിധ പാര്‍ട്ടികള്‍ക്കുവേണ്ടി ചുവരെഴുത്തു നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ ബി.ജെ.പി.ക്കു വേണ്ടി മാത്രമേ എഴുതുന്നുള്ളൂ.

ഈ തിരഞ്ഞെടുപ്പുകാലത്ത് ദിവസം മുപ്പത് ചുവരുകള്‍ വരെ എഴുതി. സ്ഥാനാര്‍ഥിത്വം ഉറപ്പായതു മുതല്‍ സ്വന്തം പേരും ചിഹ്നവും പരമാവധി സ്ഥലങ്ങളില്‍ വിനുകുമാര്‍ എഴുതിത്തീര്‍ത്തിരുന്നു. പ്രചാരണം കഴിഞ്ഞു കിട്ടുന്ന ഇടവേളകളിലാണ് അടുത്ത വാര്‍ഡുകളില്‍ മത്സരിക്കുന്ന സഹപ്രവര്‍ത്തകരെയും സഹായിക്കുന്നത്. രണ്ടാം തവണയും മത്സരഫലം അനുകൂലമാകുമെന്നുതന്നെയാണ് വിനുകുമാര്‍ കരുതുന്നത്.