electionതിരുവനന്തപുരം: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം പിന്നിട്ടതോടെ മുന്നണികളെ വെട്ടിലാക്കി കോര്‍പ്പറേഷനില്‍ നിരവധി വിമതര്‍ രംഗത്തെത്തി. വിമതശല്യം കൂടുതല്‍ യു.ഡി.എഫിനാണെങ്കിലും എല്‍.ഡി.എഫിലും ശക്തരായ റിബലുകളുണ്ട്. പല വാര്‍ഡുകളിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മാറിനില്‍ക്കുന്നത് മൂന്ന് മുന്നണികളെയും വെട്ടിലാക്കിയിട്ടുണ്ട്.

സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നല്ലപെരുമാളാണ് നെട്ടയം വാര്‍ഡില്‍ റിബലായി രംഗത്തെത്തിയിട്ടുള്ളത്. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തു.

നിലവിലെ വനിതാ കൗണ്‍സിലര്‍ക്ക് തന്നെ വീണ്ടും അവസരം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് നല്ലപെരുമാള്‍ മത്സരത്തിനിറങ്ങിയത്. എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.പി. ലെനിനിസ്റ്റിന്റെ സ്ഥാനാര്‍ഥി മേയര്‍ കെ.ശ്രീകുമാറിനെതിരേ കരിക്കകത്ത് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സി.എസ്.അശോകനാണ് സ്ഥാനാര്‍ഥി.

കാലടി വാര്‍ഡില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു വേണ്ടി പിന്‍വലിച്ചതിന്റെ പ്രതിഷേധം ഇതുവരെ ശമിച്ചിട്ടില്ല. ഇവിടെ പ്രചാരണത്തിനിറങ്ങാതെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മാറിനില്‍ക്കുന്നുണ്ട്.

കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രതിഭ ജയകുമാര്‍ പള്ളിത്തുറ വാര്‍ഡിലും മുന്‍ കൗണ്‍സിലര്‍ ലീലാമ്മ ഐസക് നന്തന്‍കോട് വാര്‍ഡിലും പത്രിക നല്‍കിയിട്ടുണ്ട്.

മുമ്പ് വിമതനായി മത്സരിച്ചയാളെ സ്ഥാനാര്‍ഥിയാക്കിയതാണ് പള്ളിത്തുറയിലെ പ്രശ്‌നം. സി.പി.എം. വിട്ടുവന്ന നേതാവിന് മത്സരിക്കാന്‍ അവസരം നല്‍കിയതാണ് നന്തന്‍കോട്ടെ പ്രശ്‌നം.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥിയെ മാറ്റിയ പട്ടം വാര്‍ഡിലും വിമതര്‍ രംഗത്തെത്തിയിട്ടുണ്ട്. കിണവൂരില്‍ ഷീജ, അമ്പലത്തറയില്‍ പഴഞ്ചിറ മാഹീന്‍ തുടങ്ങി 15ഓളം വാര്‍ഡുകളില്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമതരായി പത്രിക നല്‍കിയിട്ടുണ്ട്. മറ്റ് രണ്ട് മുന്നണികള്‍ യുവാക്കള്‍ക്ക് അവസരം നല്‍കിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലുള്ളവരെ ഒഴിവാക്കിയതാണ് യു.ഡി.എഫില്‍ കൂടുതല്‍ പേര്‍ വിമതരായി രംഗത്തെത്താന്‍ കാരണമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബി.ജെ.പി.യില്‍ ശ്രീകാര്യം, നെടുങ്കാട്, വലിയവിള തുടങ്ങിയ ചില വാര്‍ഡുകളില്‍ ചില പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പ്രത്യക്ഷമായി വിമതര്‍ രംഗത്തെത്തിയിട്ടില്ല.

പത്രിക പിന്‍വലിക്കുന്നതിന് മുമ്പ് വിമതരെ ഒതുക്കാനുള്ള നീക്കങ്ങള്‍ സ്ഥാനാര്‍ഥികളും നേതാക്കളും ആരംഭിച്ചിട്ടുണ്ട്. ജയസാധ്യതയുള്ള സ്ഥലങ്ങളില്‍ ശക്തരായ വിമതര്‍ വരുന്നതാണ് പാര്‍ട്ടികളെ വലയ്ക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോര്‍പ്പറേഷനില്‍ വിമതര്‍ കൈക്കലാക്കുന്ന ചെറിയ വോട്ടുപോലും ജയപരാജയങ്ങള്‍ നിശ്ചയിക്കും.