തിരുവനന്തപുരം: സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കിയതോടെ നഗരം പിടിക്കാനുള്ള തന്ത്രങ്ങളുമായി മൂന്ന് മുന്നണികളും രംഗത്തിറങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സ്ഥാനാര്‍ഥിപ്രഖ്യാപനം പൂര്‍ത്തിയായെങ്കിലും ചില വാര്‍ഡുകളില്‍ സീറ്റ് കിട്ടാത്തവരുടെയും പ്രഖ്യാപിച്ച ശേഷം പിന്‍വലിച്ചവരുടെയുമെല്ലാം പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

നിലവിലെ അവസ്ഥയില്‍ മൂന്ന് മുന്നണികളും നഗരഭരണം നേടാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷവും വോട്ടുകളുമെല്ലാം മാറി മറിഞ്ഞിരുന്നു. തലസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി. നിര്‍ണായകമായ വോട്ടുകള്‍ നേടിയിട്ടുണ്ട്. അതുപോലെ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്ന് സി.പി.എം. സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.

രാഷ്ട്രീയത്തിനതീതമായി വോട്ട് നേടാവുന്ന സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് മൂന്നു മുന്നണികളും ശ്രമിച്ചിട്ടുള്ളത്. പരമാവധി യുവാക്കളെയാണ് ഇടതു മുന്നണി രംഗത്തിറക്കിയിട്ടുള്ളത്. വിദ്യാര്‍ഥികളടക്കം പട്ടികയിലുണ്ട്. ബി.ജെ.പി.യുടെ പട്ടികയിലും യുവാക്കളുടെ എണ്ണം കൂടുതലാണ്. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള വനിതകള്‍ക്ക് ഇത്തവണ സംവരണ വാര്‍ഡ് നോക്കാതെതന്നെ മുന്നണികള്‍ സീറ്റ് നല്‍കിയിട്ടുണ്ട്.

ഓരോ വാര്‍ഡും മുന്നണികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. മൂന്ന് മുന്നണികള്‍ ഒരുപോലെ വന്നാല്‍ കേവല ഭൂരിപക്ഷം എന്നത് പ്രശ്‌നമാകും.

ഒന്നോ രണ്ടോ വാര്‍ഡുകളുടെ വ്യത്യാസത്തില്‍ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷവും കേവല ഭൂരിപക്ഷമില്ലാതെയാണ് എല്‍.ഡി.എഫ്. ഭരണം മുന്നോട്ടുകൊണ്ടുപോയത്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധമുള്ളവര്‍ റിബലുകളെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ്. ഇത് ഒഴിവാക്കാനും നാമനിര്‍ദേശപത്രിക നല്‍കിയവരെ പിന്‍വലിപ്പിക്കാനുമുള്ള ശ്രമങ്ങളും തിരക്കിട്ട് നടക്കുന്നുണ്ട്.

തലസ്ഥാന നഗരം ആര്‍ക്കൊപ്പം നില്‍ക്കും എന്ന് ഈ സമയത്തും പ്രവചിക്കാനാകാത്ത സ്ഥിതിയാണ്. എത്ര അടിയൊഴുക്കുണ്ടായാലും ഭരണത്തിനു വേണ്ട വാര്‍ഡുകള്‍ ലഭിക്കുമെന്നുതന്നെയാണ് എല്‍.ഡി.എഫ്. നേതൃത്വം കരുതുന്നത്.

എന്നാല്‍, കഴിഞ്ഞ തവണത്തെ 35 വാര്‍ഡും രണ്ടാംസ്ഥാനത്തെത്തിയ 22 വാര്‍ഡുകളും ചേര്‍ന്നാല്‍പോലും കേവല ഭൂരിപക്ഷത്തിനു മുകളിലാവും എന്നാണ് എന്‍.ഡി.എ.യുടെ വിശ്വാസം.

രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമാണെന്നും കഴിഞ്ഞ തവണ നഷ്ടമായ പല വാര്‍ഡുകളും തിരിച്ച് ലഭിക്കുമെന്നാണ് യു.ഡി.എഫ്. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.