തിരുവനന്തപുരം: ഗ്രാമങ്ങളില്‍ തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചുകഴിഞ്ഞു. പ്രാദേശിക വിഷയങ്ങള്‍തന്നെയാണ് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. റബ്ബര്‍ വിലയും കാട്ടുമൃഗശല്യവും കാലിത്തീറ്റയുംമരുന്നുകളും കിട്ടാത്തതുമെല്ലാം മലയോരത്തെ ഗ്രാമങ്ങളിലെ കര്‍ഷകരുടെ പരാതികളാണ്. അടിസ്ഥാന സൗകര്യമൊരുക്കണമെന്നത് ആദിവാസി ഊരുകളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. വനമേഖലയോടു ചേര്‍ന്ന പാലോട്, പാങ്ങോട്, വിതുര, പരിങ്ങമ്മല, നന്ദിയോട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലൂടെ നടത്തിയ തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങള്‍ കണ്ടറിയാന്‍ 'മാതൃഭൂമി' നടത്തിയ യാത്രയില്‍ വിവധ ആവശ്യങ്ങളുമായി നാട്ടുകാര്‍ മുന്നോട്ടുവന്നു. ഈ മേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളുടെയും വരുമാന സ്രോതസ്സ് കൃഷിതന്നെയാണ്. ഒപ്പം കൂലിപ്പണിയും.

കാട്ടുമൃഗങ്ങളെ ഭയന്നുള്ള ജീവിതം

പാലോട് ഭരതന്നൂര്‍ റോഡിനു സമീപം നന്ദിയോട് പഞ്ചായത്തിലെ പാണ്ടിയന്‍ പാറയില്‍ റബ്ബര്‍ത്തോട്ടത്തില്‍ വോട്ടു തേടിയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ പി.എസ്.പ്രഭുവും ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിക്കുന്ന ജി.കോമളവും എത്തിയത്. റബ്ബര്‍ പാല്‍ ഉറയൊഴിക്കാനും ഷീറ്റടിക്കാനുമുള്ള തിരക്കാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സ്ഥാനാര്‍ഥിയെ കണ്ടതോടെ ഒരു തൊഴിലാളി പരാതി തുടങ്ങി. കാര്‍ഷിക വിളകളുടെ മുഴുവന്‍ വിലയിടിയുന്നതിനെക്കുറിച്ച് സംസാരിച്ച് പരിഭവം മാറ്റി വോട്ടുചോദിക്കലിലേക്ക് സ്ഥനാര്‍ഥികള്‍ കടന്നു.

കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനെക്കുറിച്ചായി പിന്നീട് സംഭാഷണം. കഴിഞ്ഞ ദിവസം രാത്രിയും വീടിനു സമീപം കാട്ടുപന്നികള്‍ വന്ന് വിളകള്‍ മുഴുവന്‍ നശിപ്പിച്ചെന്ന് റിട്ടയേര്‍ഡ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ജീവനക്കാരന്‍ അയ്യപ്പന്‍ ചൂണ്ടിക്കാട്ടി.

വിതുര പഞ്ചായത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥികളായ മാന്‍കുന്നില്‍ പ്രകാശനും ജെ.എസ്.സുരേഷ്‌കുമാറും വിതുര പഞ്ചായത്തിന്റെ കാര്‍ത്തിക സ്‌പെഷ്യല്‍ കാര്‍ഷിക ചന്തയിലെത്തിയത് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം വോട്ടഭ്യര്‍ഥന കൂടി നടത്തുകയായിരുന്നു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കു വേണ്ട വില കിട്ടാതായതോടെയാണ് കൃഷിഭവന്റെ നേതൃത്വത്തില്‍ കാര്‍ഷികച്ചന്ത തുടങ്ങിയത്.

ഊരുകളിലേക്ക് പാലങ്ങളും റോഡുകളും വേണം

വിതുര പഞ്ചായത്തിലെ കരിമ്പിന്‍കാല ആദിവാസി ഊരില്‍ ജില്ലാപ്പഞ്ചായത്ത് സ്ഥനാര്‍ഥികളായ സോഫി തോമസും റീജാ ഷെനിലും എത്തുമ്പോള്‍ തൊഴിലുറപ്പ് ജോലിയിലായിരുന്നു ഊരിലെ സ്ത്രീകളേറെയും. 73 വയസ്സിലും തൊഴിലുറപ്പിനിറങ്ങിയ ശ്രീമതി വരെ ഇക്കൂട്ടത്തിലൂണ്ട്. കാട്ടുപന്നി, കുരങ്ങന്‍, തുടങ്ങി കാട്ടുമൃഗങ്ങള്‍ കൃഷി മൊത്തം നശിപ്പിക്കുകയാണ് പതിവെന്ന് ഇവര്‍ പറയുന്നു.കൃഷിനാശത്തിനുള്ള സഹായങ്ങള്‍ കൃത്യസമയത്ത് കിട്ടാറില്ലെന്നും ഇവര്‍ പറയുന്നു. ഉച്ചയൂണു സമയത്തെത്തിയ സ്ഥാനാര്‍ഥികളും ഇവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ ചേര്‍ന്നു.

നദി കടന്ന് നാട്ടിലേക്കെത്താനുള്ള റോഡുകളും പാലങ്ങളുമാണ് ആദിവാസി ഊരുകളിലുള്ളവരുടെ പ്രധാന ആവശ്യം. തലത്തൂതക്കാവില്‍ പാലം ഇല്ലതായിട്ട് വര്‍ഷങ്ങളായി. അറ്റുമണ്‍പുറം പാലത്തിന്റെ പണി പകുതി വഴിയിലാണ്. മണലിയിലെ ഇരുമ്പു നടപ്പാലം മാത്രമാണ് ഇപ്പോള്‍ പല ഊരുകളുടെയും ആശ്രയം. ഊരുകളിലേക്കുള്ള റോഡുകളും പലതും ശോചനീയാവസ്ഥയിലാണ്.

ക്ഷീരകര്‍ഷകര്‍ കൂടുന്നു

നന്ദിയോട് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ രാവിലെ തന്നെ രണ്ട് സ്ഥനാര്‍ഥികളുണ്ട്. സഹകരണ സംഘത്തില്‍ പാലൊഴിച്ച് നല്‍കുന്ന ജീവനക്കാരന്‍ സനില്‍കുമാര്‍ പുലിയൂര്‍ വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാണ്. പാല്‍ വാങ്ങാന്‍ നില്‍ക്കുന്നത് സംഘത്തിന് സമീപം താമസിക്കുന്ന നന്ദിയോട് ബ്ലോക്ക് ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉഷ വിജയനാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള അവധിയിലാണെങ്കിലും സനില്‍കുമാര്‍ രാവിലെ സംഘത്തിലെത്തിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് അമ്പതോളം പേരെങ്കിലും സംഘത്തിന്റെ കീഴില്‍ മാത്രം പുതുതായി പശുവളര്‍ത്തലിലേക്ക് തിരഞ്ഞെന്ന് സംഘം ജീവനക്കാരന്‍ രജീഷ് പറയുന്നു.