തിരുവനന്തപുരം: അവസാനഘട്ട സ്ഥാനാര്‍ഥിപ്പട്ടികകൂടി പുറത്തുവരാന്‍ ബാക്കിയുണ്ടെങ്കിലും കോര്‍പ്പറേഷനിലെ പല വാര്‍ഡുകളും പോരാട്ടവീര്യം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്ന് സ്ഥാനാര്‍ഥികളും രംഗത്തെത്തുന്നതിനു മുമ്പുതന്നെ ശ്രദ്ധയാകര്‍ഷിച്ച വാര്‍ഡുകളുണ്ട്.

സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥികളിലൊരാളായ എസ്.പുഷ്പലത മത്സരിക്കുന്ന നെടുങ്കാട് വാര്‍ഡില്‍ എതിരാളി ബി.ജെ.പി.യുടെ സിറ്റിങ് കൗണ്‍സിലര്‍ കരമന അജിത്താണ്. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി. അധികാരത്തിലെത്തുകയാണെങ്കില്‍ ഭരണത്തില്‍ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ളയാളാണ് അജിത്ത്. നാല് തവണയായി തുടര്‍ച്ചയായി കൗണ്‍സിലറാണ് പുഷ്പലത. കരമന വാര്‍ഡ് കഴിഞ്ഞ തവണ സി.പി.എമ്മില്‍നിന്ന് പിടിച്ചെടുത്ത ആളാണ് അജിത്ത്.

പി.ടി.പി. വാര്‍ഡാണ് ഇതുപോലെ ശക്തമായ ഏറ്റുമുട്ടല്‍ കൊണ്ട് ശ്രദ്ധനേടുന്ന മറ്റൊരെണ്ണം. മുന്‍ ഡെപ്യൂട്ടി മേയറും സി.പി.ഐ. നേതാവുമായ ഹാപ്പികുമാറാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി. ബി.ജെ.പി. മുന്‍ കോര്‍പ്പറേഷന്‍ കക്ഷി നേതാവായ വി.ജി.ഗിരികുമാറാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. ഇവരുടെ മുന്നണികള്‍ ഭരണത്തിലെത്തിയാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വരെ ലഭിക്കാന്‍ സാധ്യതയുള്ളവരാണ് ഇരുവരും.

നിലവിലെ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ വീണ്ടും മത്സരത്തിനിറങ്ങുന്നത് വഴുതയ്ക്കാട് വാര്‍ഡില്‍ തന്നെയാണ്. 2010ല്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ വഴുതയ്ക്കാട് നരേന്ദ്രനെ പരാജയപ്പെടുത്തിയ കെ.സുരേഷ് കുമാറിനെയാണ് കോണ്‍ഗ്രസ് വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്.

കെ.എം.സുരേഷാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. മേയര്‍ കെ.ശ്രീകുമാര്‍ ബി.ജെ.പി.യുടെ സിറ്റിങ് വാര്‍ഡായ കരിക്കകത്താണ് മത്സരിക്കുന്നത്. ഡി.ജി.കുമാരനാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. മറ്റ് രണ്ട് മുന്നണികളും ഇവിടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സി.പി.എം. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു സ്ഥാനാര്‍ഥി കുന്നുകുഴിയില്‍നിന്നു മത്സരിക്കുന്ന കോളേജ് അധ്യാപക സംഘടനാ നേതാവ് എ.ജി.ഒലീനയാണ്. കഴിഞ്ഞ തവണ യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ്. പിടിച്ചെടുത്ത വാര്‍ഡാണിത്.

ബി.ജെ.പി. മേയര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്ന സ്ഥിരംസമിതി അധ്യക്ഷയായിരുന്ന സിമി ജ്യോതിഷ് ചാലയില്‍ നിന്നാണ് മത്സരിക്കുന്നത്. യു.ഡി.എഫ്. സിന്ധു പഴനിയെയും എല്‍.ഡി.എഫ്. ഇ.കെ.രാജലക്ഷ്മിയെയുമാണ് രംഗത്തിറക്കിയിട്ടുള്ളത്.

കൗണ്‍സില്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ബി.ജെ.പി.യില്‍നിന്ന് സി.പി.എമ്മിലേക്ക് മാറിയ കൗണ്‍സിലര്‍ എസ്.വിജയകുമാരിയാണ് ഇടതുപക്ഷം പാല്‍ക്കുളങ്ങരയില്‍ വീണ്ടും രംഗത്തിറക്കിയിട്ടുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഏറ്റവും മുതിര്‍ന്ന ജനപ്രതിനിധിയായിരുന്ന പി.അശോക് കുമാറിനെ രംഗത്തിറക്കി വാര്‍ഡ് തിരിച്ചുപിടിക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. പൊന്നുമംഗലത്ത് നിന്നു ജനവിധി തേടുന്ന കോര്‍പ്പറേഷന്‍ കക്ഷി നേതാവ് എം.ആര്‍.ഗോപനെതിരേ നിലവിലെ കൗണ്‍സിലര്‍ എസ്.സഫീറാ ബീഗത്തിനെയാണ് എല്‍.ഡി.എഫ്. രംഗത്തിറക്കിയിട്ടുള്ളത്. ഇവിടെയും മത്സരം പൊടിപാറും.