local body electionനെടുമങ്ങാട്: 'എണ്ണാമെങ്കില്‍ എണ്ണിക്കോ... ലക്ഷം, ലക്ഷം, പിന്നാലെ...' ഇക്കുറി തിരഞ്ഞെടുപ്പില്‍ ഇങ്ങനെയൊരു മുദ്രാവാക്യം കേള്‍ക്കാനിടയില്ല. ഇതെന്നല്ല പല മുദ്രാവാക്യങ്ങളും അണികളെ ആവേശം കൊള്ളിക്കാന്‍ അന്തരീക്ഷത്തില്‍ മുഴങ്ങില്ല. എങ്കിലും ഗൃഹാതുരത്വം നിറച്ച് ആദ്യം നഷ്ടപ്പെടുന്ന മുദ്രാവാക്യം ഇതുതന്നെയാണ്.

കോവിഡ്മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുള്ള തിരഞ്ഞെടുപ്പില്‍ വലിയ ജാഥകള്‍ സംഘടിപ്പിക്കാനോ സ്വീകരണ പരിപാടികള്‍ക്ക് ആളെക്കൂട്ടാനോ അനുവാദമില്ല. എന്തിനേറെ... പ്രിയപ്പെട്ട വോട്ടറെ കാണുമ്പോള്‍ ഓടിയെത്തി ഒന്നു ഹസ്തദാനം നടത്താനോ, ചേര്‍ത്തുപിടിക്കാനോ പോലും സ്ഥാനാര്‍ഥിക്കാവില്ല. എല്ലാറ്റിനും സാമൂഹിക അകലം പാലിച്ചേ മതിയാകൂ.

ആകെക്കൂടി നിയന്ത്രണങ്ങളുടെ പൊടിപൂരമായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് മലയാളിക്ക് ഇതാദ്യമാകും.

കൂടുവിട്ട്... കൂടുതേടി...

നന്നായി പരിപാലിച്ചുവന്ന വാര്‍ഡുകള്‍ സംവരണത്തിലുടക്കി കൈവിട്ടുപോയതിന്റെ വിഷമത്തിലാണ് ചിലര്‍. ഇതു മുന്നില്‍ക്കണ്ട് പുതിയ വാര്‍ഡുകള്‍ നോക്കി അവിടേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നവരും കൂട്ടത്തിലുണ്ട്. ഒരേ വാര്‍ഡിലേക്ക് ഒന്നിലധികം പ്രാദേശിക നേതാക്കള്‍ കണ്ണുവയ്ക്കുന്നതാണ് ഇക്കാര്യത്തില്‍ സ്ഥാനാര്‍ഥികളുടെ ഇപ്പോഴത്തെ തലവേദന. ഒരു നഗരസഭ, മൂന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍, 22 പഞ്ചായത്തുകള്‍ എന്നിവയിലാണ് നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ താലൂക്കിലെ തദ്ദേശസ്ഥാപനങ്ങളിലധികവും നയിക്കാന്‍ പോകുന്നത് സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. ജില്ലാപ്പഞ്ചായത്ത്, നെടുമങ്ങാട് നഗരസഭ, മൂന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍, പതിനൊന്ന് ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയുടെയെല്ലാം തലപ്പത്ത് സ്ത്രീ സാന്നിധ്യമായിരിക്കും. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, തോട്ടംതൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ താലൂക്കുകളില്‍ കഴിഞ്ഞതവണ എല്‍.ഡി.എഫിനായിരുന്നു മേല്‍ക്കൈ.

മൂന്ന് ബ്ലോക്ക് പഞ്ചായത്തും, 16 പഞ്ചായത്തുകളും എല്‍.ഡി.എഫും 5 ഗ്രാമപ്പഞ്ചായത്തുകള്‍ യു.ഡി.എഫുമാണ് ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് താലൂക്കുകളിലായി ബി.ജെ.പി.ക്ക് 29 സീറ്റുകളാണ് ലഭിച്ചത്. രണ്ടുദിവസത്തിനകം എല്ലാ തലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികള്‍ തീരുമാനിച്ച സ്ഥലങ്ങളില്‍ അവര്‍ കളത്തിലിറങ്ങിയുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മൂന്നു മുന്നണികളും പാളയത്തില്‍ പടകളെ തിരിച്ചറിഞ്ഞ് വിരലിലെണ്ണാവുന്ന അണികളെക്കൂട്ടി തട്ടകത്തിലിറങ്ങുന്നത്. എപ്പോഴത്തേയുംപോലെ അനുഗ്രഹം തേടലാണ് ആദ്യഘട്ടം.