തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചുതുടങ്ങാന്‍ ഒരു ദിവസം മാത്രം അവശേഷിക്കുമ്പോഴും ജില്ലാപ്പഞ്ചായത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ യു.ഡി.എഫും ബി.ജെ.പി.യും. ജില്ലാപ്പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാമെന്നുള്ള ശുഭാപ്തിവിശ്വാസത്തിലാണ് ഇത്തവണ യു.ഡി.എഫ്. മത്സരത്തിനിറങ്ങുന്നത്. എന്നാല്‍, സ്ഥാനാര്‍ഥിനിര്‍ണയം വൈകുന്നത് മുന്നണിയുടെ പ്രതീക്ഷകളെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവര്‍ത്തകര്‍.

പ്രമുഖരെത്തന്നെ രംഗത്തിറക്കാനാണ് പാര്‍ട്ടിയും മുന്നണിയും തീരുമാനിച്ചത്. മുന്‍ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസലിന്റേതുള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ലിസ്റ്റിലുള്ളതെന്നാണ് സൂചനകള്‍. അതത് ഡിവിഷനുകളിലെ ശക്തരായ ജനപ്രതിനിധികളെയും പുതുമുഖങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലയിടത്തും തര്‍ക്കം കാരണമാണ് സ്ഥാനാര്‍ഥിനിര്‍ണയം വൈകുന്നത്. ഗ്രൂപ്പ്, സാമുദായിക സമവാക്യങ്ങളും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രതിഫലിക്കും. പ്രസിഡന്റുസ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണംചെയ്യപ്പെട്ടതോടെ പല പ്രമുഖരും മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇതിനിടെ, സീറ്റുറപ്പിച്ച നേതാക്കള്‍ പലയിടത്തും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ചില ഡിവിഷനുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സ്വാഗതംചെയ്തുകൊണ്ടുള്ള ഫോട്ടോ പതിച്ച ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്.

നിലവില്‍ വിജയിച്ച വെങ്ങാനൂര്‍ ഡിവിഷനെക്കൂടാതെ ഇത്തവണ ജില്ലാപ്പഞ്ചായത്തില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ച മേഖലകളില്‍ വിജയംനേടാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

പക്ഷേ, സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. ജില്ലാ ഭാരവാഹികളെയും നിലവിലെ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് പാര്‍ട്ടി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സാധ്യതാപ്പട്ടികയിലുള്ള ബി.ജെ.പി. നേതാക്കള്‍ ചിലയിടത്ത് പ്രചാരണം തുടങ്ങിയിട്ടുണ്ട്.

അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ നേരത്തേതന്നെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗീതാ നസീര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് എല്‍.ഡി.എഫിലെ പ്രമുഖര്‍.

ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പലയിടത്തും അന്തിമതീരുമാനമാകാത്തത് മുന്നണിനേതൃത്വത്തിനു തലവേദനയാകുന്നുണ്ട്. പലയിടത്തും തര്‍ക്കം തുടരുകയാണ്. ചര്‍ച്ചകളിലൂടെ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച് റിബലുകളെ ഒഴിവാക്കാനാണ് മുന്നണികളുടെ തീരുമാനം. ഔദ്യോഗികമായി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചില്ലെങ്കിലും പഞ്ചായത്തുതലത്തില്‍ സീറ്റുറപ്പിച്ചവര്‍ വോട്ടുചോദിച്ച് പ്രചാരണം തുടങ്ങിയിട്ടുണ്ട്.